ടിക്‌ടോക് തന്നാല്‍ ചൈനക്ക് ഇളവെന്ന് ട്രംപ്! റാഞ്ചാനൊരുങ്ങി ആമസോണ്‍ മുതല്‍ ഒണ്‍ലി ഫാന്‍സ് വരെ, ഇന്ത്യയിലേക്ക് തിരിച്ചെത്തുമോ?

ടിക്‌ടോകിനെ അമേരിക്കന്‍ കമ്പനിക്ക് വില്‍ക്കാന്‍ ട്രംപ് അനുവദിച്ച സമയം ഏപ്രില്‍ അഞ്ചിന് കഴിയും
us president donald trump chinese president xi jinping
canva , Facebook
Published on

ചൈനീസ് ഷോര്‍ട്ട് വീഡിയോ ആപ്പായ ടിക്‌ടോകിനെ സ്വന്തമാക്കാന്‍ മത്സരിച്ച് യു.എസ് കമ്പനികള്‍. ഇ-കൊമേഴ്‌സ് വെബ്‌സൈറ്റായ ആമസോണ്‍, അഡല്‍റ്റ് കണ്ടന്റ് പ്ലാറ്റ്‌ഫോമായ ഒണ്‍ലിഫാന്‍സ് സ്ഥാപകന്‍ ടിം സ്‌റ്റോക്ക്‌ലി, ടെക്‌നോളജി കമ്പനിയായ ആപ്പ്‌ലവിന്‍ (AppLovin) തുടങ്ങിയ നിരവധി പേരാണ് രംഗത്തുള്ളത്. ഏതാണ്ട് 17 കോടി അമേരിക്കക്കാര്‍ ഉപയോഗിക്കുന്ന ടിക്‌ടോക് ചൈനക്ക് പുറത്തുള്ള ഒരു കമ്പനിക്ക് വില്‍ക്കാന്‍ യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അനുവദിച്ച സമയപരിധി ഏപ്രില്‍ അഞ്ചിന് അവസാനിക്കും. ചൈനക്ക് പുറത്തുള്ള ആപ്പിന്റെ പ്രവര്‍ത്തനം ഏറ്റെടുക്കാനാണ് കമ്പനികള്‍ ശ്രമിക്കുന്നത്. എന്നാല്‍ ഇക്കാര്യത്തില്‍ ടിക്‌ടോക് പ്രതികരിച്ചിട്ടില്ല.

സുരക്ഷാ കാരണങ്ങളാല്‍ യു.എസിലെ പ്രവര്‍ത്തനം തുടരാന്‍ കഴിയില്ലെന്നാണ് യു.എസ് അധികൃതര്‍ ടിക്‌ടോകിന്റെ മാതൃകമ്പനിയായ ബൈറ്റ്ഡാന്‍സിന് നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം. ചൈനീസ് കമ്പനിയുടെ ഉടമസ്ഥതയിലുള്ള ടിക്‌ടോകിലൂടെ യു.എസ് പൗരന്മാരെ സ്വാധീനിക്കാന്‍ കഴിയുന്ന ക്യാംപെയിനുകള്‍ നടക്കുന്നുണ്ടെന്നാണ് അമേരിക്കയുടെ ആരോപണം. രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട് കഴിഞ്ഞ വര്‍ഷം പാസാക്കിയ നിയമത്തിന്റെ അടിസ്ഥാനത്തിലായിരുന്നു യു.എസ് നീക്കം.എന്നാല്‍ യു.എസ് പൗരന്മാര്‍ക്ക് വിദേശ മാധ്യമങ്ങള്‍ ഉപയോഗിക്കാനുള്ള അവകാശം നിഷേധിക്കുന്നത് അമേരിക്കന്‍ ഭരണഘടനയിലെ ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തിന്റെ ലംഘനമാണെന്നാണ് ടിക്‌ടോകിന്റെ വാദം.

സമ്മതിച്ചാല്‍ നിരക്കിളവ്

ട്രംപ് അധികാരത്തിലെത്തിയതിന് പിന്നാലെ ഇക്കാര്യത്തില്‍ സമവായശ്രമങ്ങള്‍ തുടങ്ങുകയും ടിക്‌ടോകിന്റെ ഓഹരികളില്‍ ഭൂരിഭാഗവും ഒരു അമേരിക്കന്‍ കമ്പനിക്ക് വില്‍ക്കാന്‍ നിര്‍ദ്ദേശിക്കുകയും ചെയ്തു. ഇതിന് തയ്യാറായില്ലെങ്കില്‍ ഇതിന് ഏപ്രില്‍ അഞ്ച് വരെ സമയം അനുവദിച്ചെങ്കിലും ആവശ്യമെങ്കില്‍ സമയം നീട്ടിനല്‍കാമെന്നുമാണ് അദ്ദേഹത്തിന്റെ നിലപാട്. ഇക്കാര്യത്തില്‍ ചൈന സമ്മതം മൂളിയാല്‍ താരിഫ് നിരക്കുകളില്‍ ഇളവ് നല്‍കാമെന്നും കഴിഞ്ഞ ദിവസം ട്രംപ് പറഞ്ഞിരുന്നു. ചൈനയുമായുള്ള വിലപേശലിന് ടിക്‌ടോകിനെ ഉപയോഗപ്പെടുത്താമെന്നാണ് ട്രംപിന്റെ നിലപാട്. ടിക്‌ടോകുമായി ബന്ധപ്പെട്ട ഇടപാട് അവസാന ഘട്ടത്തിലാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇന്ത്യയിലേക്ക് തിരിച്ചെത്തുമോ?

ചൈനയുമായുള്ള ബന്ധം വഷളായതിനെ തുടര്‍ന്ന് 2020ലാണ് ഇന്ത്യ 59 ചൈനീസ് ആപ്പുകള്‍ക്കൊപ്പം ടിക്‌ടോകും നിരോധിക്കുന്നത്. ഇത്തരം ആപ്പുകള്‍ ശേഖരിക്കുന്ന ഇന്ത്യക്കാരുടെ വിവരങ്ങള്‍ രാജ്യസുരക്ഷക്ക് ഭീഷണിയാകുമെന്നായിരുന്നു സര്‍ക്കാര്‍ ചൂണ്ടിക്കാണിച്ചത്. പിന്നീട് ഇവയില്‍ പല ആപ്പുകളും ഇന്ത്യയിലേക്ക് തിരിച്ചെത്തി. ഇന്ത്യയിലെ നിരോധനം നീക്കാന്‍ ടിക്‌ടോക് ശ്രമങ്ങള്‍ തുടങ്ങിയതായ വാര്‍ത്തകളും ഇതിനിടയില്‍ പുറത്തുവന്നു. നിരോധിക്കപ്പെടുമ്പോള്‍ 20 കോടി യൂസര്‍മാരായിരുന്നു ടിക്‌ടോകിന് ഇന്ത്യയിലുണ്ടായിരുന്നത്. എന്നാല്‍ നിരോധനം നീക്കാന്‍ ടിക്‌ടോക് നിരവധി കടമ്പകള്‍ കടക്കേണ്ടി വരുമെന്നാണ് വിദഗ്ധര്‍ പറയുന്നത്. ഡാറ്റ പ്രൈവസി, രാജ്യസുരക്ഷ എന്നിവയില്‍ വിട്ടുവീഴ്ച വേണ്ടെന്നാണ് സര്‍ക്കാരിന്റെ പക്ഷം. പുതിയൊരു യു.എസ് മാനേജ്‌മെന്റിന് കീഴിലേക്ക് മാറിയാലും ഇന്‍സ്റ്റഗ്രാം അടക്കമുള്ള പ്ലാറ്റ്‌ഫോമുകള്‍ കയ്യടക്കിയ ഇന്ത്യന്‍ വിപണിയിലേക്ക് ടിക്‌ടോകിന് പിടിച്ചുനില്‍ക്കാനാകുമോ എന്നതും മറ്റൊരു ചോദ്യം.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com