വെബ്‌സൈറ്റ് ഓപ്പണാണ് ഗയ്‌സ്! ടിക് ടോക്ക് ഇന്ത്യയില്‍ മടങ്ങിയെത്തിയോ? എന്താണ് സത്യാവസ്ഥ

2020 ജൂണിലാണ് ടിക് ടോക്ക്, ഷെയര്‍ ഇറ്റ്, കാം സ്‌കാനര്‍ തുടങ്ങിയ 58 ചൈനീസ് ആപ്പുകള്‍ കേന്ദ്രസര്‍ക്കാര്‍ നിരോധിച്ചത്
Young woman wearing sunglasses smiling and clapping while being recorded on a smartphone for a TikTok or social media video indoors
Published on

വെബ്‌സൈറ്റ് ലഭ്യമായതോടെ ചൈനീസ് ഷോര്‍ട്ട് വീഡിയോ ആപ്പായ ടിക് ടോക്ക് ഇന്ത്യയില്‍ മടങ്ങിയെത്തുമെന്ന് അഭ്യൂഹങ്ങള്‍. കഴിഞ്ഞ ദിവസം മുതലാണ് ടിക് ടോക്കിന്റെ വെബ്‌സൈറ്റ് ഇന്ത്യയിലെ പല ഉപയോക്താക്കള്‍ക്കും ലഭ്യമായത്. ഇതോടെ കോടിക്കണക്കിന് ആരാധകരുള്ള ടിക്ക് ടോക്ക് തിരിച്ചെത്തുമെന്ന രീതിയില്‍ റിപ്പോര്‍ട്ടുകളും പുറത്തുവന്നു. എന്നാല്‍ ടിക് ടോക്കിന്റെ നിരോധനം ഇതുവരെയും നീക്കിയിട്ടില്ലെന്നാണ് കേന്ദ്രസര്‍ക്കാര്‍ നല്‍കുന്ന വിശദീകരണം. ഇന്ത്യയില്‍ തിരിച്ചെത്താനുള്ള അനുമതികള്‍ ലഭിച്ചിട്ടില്ലെന്നാണ് ടിക് ടോക്കിന്റെയും പ്രതികരണം.

നിരോധനം എന്തിന്

2020 ജൂണിലാണ് ടിക് ടോക്ക്, ഷെയര്‍ ഇറ്റ്, കാം സ്‌കാനര്‍ തുടങ്ങിയ 58 ചൈനീസ് ആപ്പുകള്‍ കേന്ദ്രസര്‍ക്കാര്‍ നിരോധിച്ചത്. ഗാല്‍വാന്‍ താഴ്‌വരയില്‍ ഇന്ത്യ-ചൈന തര്‍ക്കം മൂര്‍ച്ഛിച്ചതോടെയായിരുന്നു നടപടി. ഈ ആപ്പുകള്‍ ദേശീയ സുരക്ഷ, ഡാറ്റ സുരക്ഷ എന്നിവ അപകടത്തിലാക്കുമെന്നായിരുന്നു കേന്ദ്ര വിശദീകരണം. ഏതാണ്ട് 20 കോടിയിലധികം ഉപയോക്താക്കളായിരുന്നു അന്ന് ടിക് ടോക്കിനുണ്ടായിരുന്നത്. എന്നാല്‍ ചൈനീസ് കമ്പനിയായ ബൈറ്റ്ഡാന്‍സിന്റെ (Bytedance) നിയന്ത്രണത്തിലുള്ള ടിക് ടോക്കിന്റെ വെബ്‌സൈറ്റ് പലര്‍ക്കും കഴിഞ്ഞ ദിവസം മുതല്‍ ലഭ്യമായി. പ്രധാന വെബ്‌സൈറ്റ് ഓപ്പണാകുമെങ്കിലും ഇതിലെ പല ഫീച്ചറുകളും ഇപ്പോഴും ബ്ലോക്ക് ചെയ്തിരിക്കുകയാണ്. ഗൂഗ്ള്‍ പ്ലേ സ്റ്റോര്‍, ആപ്പിള്‍ സ്റ്റോര്‍ എന്നിവിടങ്ങളില്‍ ആപ്പ് ഇപ്പോഴും ലഭ്യമായിട്ടില്ല.

ഇന്ത്യ-ചൈന ബന്ധം

യു.എസ് താരിഫ് വിഷയത്തില്‍ ഇന്ത്യയും ചൈനയും നയതന്ത്ര ബന്ധം മെച്ചപ്പെടുത്തുന്നതിനിടെയാണ് ടിക് ടോക്കിന്റെ മടങ്ങിവരവും വാര്‍ത്തകളില്‍ നിറയുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി, വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ എന്നിവരുമായി ചര്‍ച്ച നടത്താന്‍ ചൈനീസ് വിദേശകാര്യ മന്ത്രി വാംഗ് യി കഴിഞ്ഞ ദിവസങ്ങളില്‍ ഇന്ത്യയിലെത്തിയിരുന്നു. ഷാന്‍ഹായ് കോര്‍പറേഷന്‍ ഓര്‍ഗനൈസേഷന്റെ യോഗത്തിനായി ഈ മാസം അവസാനം പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈന സന്ദര്‍ശിക്കുന്നുണ്ട്. ടിക് ടോക്കിന് അമേരിക്കയിലും നിയന്ത്രണമുണ്ട്. എന്നാല്‍ ആപ്പിനെ സ്വന്തമാക്കാന്‍ അമേരിക്കന്‍ കമ്പനികള്‍ തയ്യാറാണെന്നാണ് യു.എസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപിന്റെ നിലപാട്. ബൈറ്റ്ഡാന്‍സ് ഇതിന് സമ്മതിക്കണമെന്ന് പലവട്ടം ട്രംപ് ആവശ്യപ്പെട്ടിട്ടുണ്ട്. യു.എസ് നിയന്ത്രണത്തിലുള്ള കമ്പനിയായാലും ടിക് ടോക്ക് ഇന്ത്യയില്‍ മടങ്ങിയെത്താനുള്ള സാധ്യതയുണ്ടെന്നാണ് വിലയിരുത്തല്‍.

സോഷ്യല്‍ മീഡിയയില്‍ ട്രോളുകള്‍

അതിനിടെ ടിക് ടോക്കിന്റെ മടങ്ങിവരവ് സോഷ്യല്‍ മീഡിയയില്‍ വ്യാപകമായ ട്രോളുകള്‍ക്ക് ഇടയാക്കി. ടിക് ടോക്ക് കാലത്ത് വൈറലായ ട്രെന്‍ഡുകള്‍ കുത്തിപ്പൊക്കിയാണ് പലരുടെയും ആഘോഷം. മുന്‍പ് ടിക് ടോക്കില്‍ അപ്‌ലോഡ് ചെയ്ത വീഡിയോകള്‍ ഇപ്പോഴത്തെ സാഹചര്യത്തില്‍ പുറത്തുവന്നാല്‍ നാണക്കേടാകുമെന്നാണ് ചിലര്‍ പറയുന്നത്. ടിക് ടോക്കിന്റെ മടങ്ങിവരവ് രാഷ്ട്രീയ വിവാദങ്ങള്‍ക്കും തുടക്കമിട്ടിട്ടുണ്ട്. ഗാല്‍വാനില്‍ വീരമൃത്യു വരിച്ച ധീരസൈനികരെ അപമാനിക്കുന്ന നീക്കമാണ് കേന്ദ്രസര്‍ക്കാരിന്റേതെന്ന് കോണ്‍ഗ്രസ് കുറ്റപ്പെടുത്തുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ചൈനയോടുള്ള സ്‌നേഹമാണ് ഇതിലൂടെ വെളിപ്പെട്ടിരിക്കുന്നതെന്നും ഔദ്യോഗിക ട്വിറ്റര്‍ ഹാന്‍ഡിലൂടെ കോണ്‍ഗ്രസ് കുറ്റപ്പെടുത്തുന്നു.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com