പരസ്യകലയിലെ ആചാര്യന് വിട; ടി.ഒ ഫിലിപ്പിൻ്റെ വേർപാടിൽ കേരളത്തിന് നഷ്ടം ബ്രാൻ്റിംഗ് അതികായനെ

ലളിതമായ വാക്കുകളിലൂടെ ബ്രാൻഡുകളെ ജനഹൃദയങ്ങളിൽ എത്തിക്കാനുള്ള അദ്ദേഹത്തിന്റെ കഴിവ് പരസ്യകലക്ക് പുതിയ മാനങ്ങള്‍ നല്‍കി
T.O. Philip, founder of Kerala’s first accredited advertising agenc
Image courtesy: Canva
Published on

കേരളത്തിലെ പരസ്യകലയുടെ പിതാവ് എന്ന് വിശേഷിപ്പിക്കാവുന്ന കേരള പബ്ലിസിറ്റി ബ്യൂറോ (കെ.പി.ബി) ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ടി.ഒ. ഫിലിപ്പ് തട്ടാനിയത്ത് (86) അന്തരിച്ചു. കേരളത്തിൻ്റെ പരസ്യകലാ ചരിത്രത്തിൽ മായാത്ത മുദ്രകൾ പതിപ്പിച്ച അദ്ദേഹം കോട്ടയത്താണ് അന്തരിച്ചത്. 1964-ൽ സഹോദരൻ ടി.ഒ. കുര്യാക്കോസുമായി ചേർന്ന് അദ്ദേഹം കേരളത്തിലെ ആദ്യ അക്രഡിറ്റഡ് പരസ്യ ഏജൻസിയായ കെ.പി.ബി സ്ഥാപിച്ചു. പരസ്യവിനിമയ രംഗത്ത് പത്രപരസ്യങ്ങൾക്കൊപ്പം റേഡിയോ, ടിവി പരസ്യങ്ങൾക്കും വലിയ പ്രചാരം നൽകുന്നതിൽ അദ്ദേഹം നിർണായക പങ്കുവഹിച്ചു.

പ്രശസ്തമായ പരസ്യങ്ങള്‍

മലയാളികളുടെ മനസിൽ ഇന്നും തങ്ങിനിൽക്കുന്ന "മഴ മഴ കുട കുട, മഴ വന്നാൽ പോപ്പി കുട" (പോപ്പി കുടകൾ) എന്ന വരികളും, "പുറത്തുനിന്ന് നോക്കിയാൽ ചെറിയ കടയല്ലേ, അകത്ത് കയറിയാൽ വലിയ ഷോറൂം" (അയ്യാപ്പാസ് ടെക്സ്റ്റൈൽസ്) എന്ന പ്രശസ്തമായ പരസ്യവാചകവും അദ്ദേഹത്തിന്റെ സർഗാത്മകതയുടെ ഫലമാണ്. ഭീമ ജ്വല്ലറിയുടെ പ്രശസ്തമായ ലോഗോ രൂപകൽപ്പന ചെയ്തതും അദ്ദേഹത്തിന്റെ നേതൃത്വത്തിലായിരുന്നു.

ആലപ്പാട്ട്, അയ്യപ്പാസ്, ബ്രിലിയന്റ്, ജോസ്കോ, മുത്തൂറ്റ് ഗ്രൂപ്സ്, മനോരമ, ക്യുആർഎസ് (QRS) തുടങ്ങിയ പല ബ്രാന്‍ഡുകളെയും കെ.പി.ബിക്ക് ഇന്ത്യയിലെ ഏറ്റവും മുന്‍ നിരയില്‍ കൊണ്ടു വരാന്‍ സാധിച്ചു.

പരസ്യ മേഖലയിലെ പ്രമുഖ സംഘടനകളായ ഐഎൻഎസ് ഡയറക്ടർ ബോർഡ്, കേരള അഡ്വർടൈസിംഗ് ഏജൻസീസ് അസോസിയേഷൻ (സ്ഥാപക പ്രസിഡന്റ്) എന്നിവയിൽ അദ്ദേഹം നേതൃപരമായ പങ്കുവഹിച്ചു. പബ്ലിക് റിലേഷൻസ് കൗൺസിൽ ഓഫ് ഇന്ത്യയുടെ നിബ് അവാർഡ്, വൈഎംസിഎ സെന്റിനറി ഇന്റർനാഷണൽ അവാർഡ് തുടങ്ങി നിരവധി പുരസ്കാരങ്ങൾ അദ്ദേഹം നേടിയിട്ടുണ്ട്.

സാമൂഹിക-സാംസ്കാരിക രംഗങ്ങളിൽ സജീവമായിരുന്ന അദ്ദേഹം വൈഎംസിഎ, റോട്ടറി ക്ലബ്, ക്നാനായ മഹാജനസഭ എന്നിവയുടെയും ഭാരവാഹിയായിരുന്നു. ലളിതമായ വാക്കുകളിലൂടെ ബ്രാൻഡുകളെ ജനഹൃദയങ്ങളിൽ എത്തിക്കാനുള്ള അദ്ദേഹത്തിന്റെ കഴിവ് പരസ്യകലയിൽ പുതിയ പാഠങ്ങൾ രചിച്ചു. അദ്ദേഹത്തിന്റെ വിയോഗത്തിലൂടെ പരസ്യകലയിലെ ഒരു സുവർണ ചരിത്രത്തിനാണ് തിരശ്ശീല വീഴുന്നത്.

Read DhanamOnline in English

Subscribe to Dhanam Magazine

logo
DhanamOnline
dhanamonline.com