

സാമ്പത്തിക വളര്‍ച്ചയില്‍ ലോകം ഉറ്റുനോക്കുന്ന വന്‍കരയാണ് ഏഷ്യ. വിശാലമായ ഭൂപ്രകൃതിയുടെ വളര്‍ച്ചാ സാധ്യത കൊണ്ടും ഉല്‍പ്പാദന മേഖലയിലെ മുന്നേറ്റം കൊണ്ടും ലോക സാമ്പത്തിക രംഗത്ത് ഇന്ത്യയുള്‍പ്പടെയുള്ള എഷ്യന്‍ രാജ്യങ്ങള്‍ ശ്രദ്ധിക്കപ്പെടുന്നു. ലോകത്തിലെ ഏറ്റവും ധനിക രാഷ്ട്രങ്ങളുടെ പട്ടികയിലും ഏഷ്യന്‍ രാജ്യങ്ങള്‍ മുന്‍നിര സ്ഥാനങ്ങള്‍ നേടി വരുന്നു.
മൊത്ത ആഭ്യന്തര ഉല്‍പ്പാദനത്തിന്റെ (ജി.ഡി.പി) അടിസ്ഥാനത്തില്‍ ഏഷ്യയിലെ രാജ്യങ്ങളെ ക്രമപ്പെടുത്തുമ്പോള്‍ ഒന്നാം സ്ഥാനം ചൈനക്കാണ്. 19.231 ട്രില്യണ്‍ (1,923,100 കോടി) ഡോളറാണ് ചൈനയുടെ ജി.ഡി.പി.. ലോകത്തിലെ മുന്‍നിര ഓഹരി വിപണികളില്‍ ഒന്ന് ചൈനയുടേതാണ്. ഖനി,ടെക്‌സ്റ്റൈല്‍, ഓട്ടോമൊബൈല്‍, ഇലക്ട്രോണിക്‌സ്, കൃഷി, യന്ത്രങ്ങള്‍ എന്നിവയുടെ ഉല്‍പ്പാദനത്തില്‍ ലോക വിപണിയില്‍ ചൈന പ്രധാന സ്ഥാനത്തുണ്ട്.
നിര്‍മാണ, സേവന മേഖലകളിലെ കരുത്തില്‍ ഏഷ്യയില്‍ രണ്ടാമത്തെ വലിയ സമ്പദ് വ്യവസ്ഥയാണ് ഇന്ത്യയുടേത്. 4.187 ട്രില്യണ്‍ (418,700 കോടി) ഡോളറാണ് ഇന്ത്യയുടെ മൊത്ത ആഭ്യന്തര ഉല്‍പ്പാദനം. സേവന മേഖല, ബാങ്കിംഗ്, ട്രാന്‍പോര്‍ട്ടേഷന്‍, ടൂറിസം, ഫാര്‍മസ്യൂട്ടിക്കല്‍ തുടങ്ങിയ മേഖലകളില്‍ ഊന്നിയാണ് പ്രധാനമായും ഇന്ത്യയുടെ വളര്‍ച്ച.
പുത്തന്‍ കണ്ടുപിടുത്തങ്ങളുടെ രാജ്യമെന്നറിയപ്പെടുന്ന ജപ്പാന്‍ മൂന്നാം സ്ഥാനത്താണ്. 4.186 ട്രില്യണ്‍ ഡോളറാണ് ജി.ഡി.പി. ഓട്ടോ, മെറ്റല്‍, കെമിക്കല്‍, ടെക്‌സ്‌റ്റൈല്‍ എന്നീ സെക്ടറുകളാണ് ജപ്പാന്റെ ജി.ഡി.പിയുടെ 71.4 ശതമാനം സംഭാവന ചെയ്യുന്നത്. സമ്പത്തില്‍ നാലാം സ്ഥാനത്തുള്ള റഷ്യയുടെ ജിഡിപി രണ്ട് ട്രില്യണ്‍ ഡോളറിന് മുകളിലാണ്. പ്രകൃതി വിഭവങ്ങളും പെട്രോളിയം ഉല്‍പ്പന്നങ്ങളുമാണ് റഷ്യന്‍ വളര്‍ച്ചക്ക് പിന്നില്‍. ദക്ഷിണ കൊറിയക്കാണ് അഞ്ചാം സ്ഥാനം. 1.76 ട്രില്യണ്‍ ഡോളറാണ് മൊത്ത ആഭ്യന്തര ഉല്‍പ്പാദനം. ഇന്തോനേഷ്യ (1.48 ട്രില്ല്യണ്‍ ഡോളര്‍), തുര്‍ക്കി (1..11 ട്രില്യണ്‍ ഡോളര്‍), സൗദി അറേബ്യ (1.11 ട്രില്യണ്‍ ഡോളര്‍),ഇസ്രായേല്‍ (53,000 കോടി ഡോളര്‍) എന്നീ രാജ്യങ്ങളാണ് സമ്പന്നരുടെ പട്ടികയില്‍ ആദ്യ പത്തില്‍ ഉള്‍പ്പെടുന്നത്.
Read DhanamOnline in English
Subscribe to Dhanam Magazine