ഇന്ത്യയിലെ ഏറ്റവും സമ്പന്നരായ 10 വനിതകള്‍; പട്ടികയില്‍ മലയാളിയും

ഫോര്‍ബ്‌സിന്റെ റിയല്‍ടൈം ബില്യയണേഴ്‌സ് പട്ടികയില്‍ ഇടം നേടിയ ഇന്ത്യന്‍ വനിതകളിലെ ആദ്യ പത്തുസ്ഥാനക്കാരുടെ പട്ടികയില്‍ ഒരു മലയാളി വനിതയും. അന്താരാഷ്ട്ര വനിതാ ദിനത്തില്‍ അവരെ പരിചയപ്പെടാം.....

സാവിത്രി ജിന്‍ഡാല്‍
രാജ്യത്തെ ഏറ്റവും സമ്പന്നയായ വനിത ഒ പി ജിന്‍ഡാല്‍ ഗ്രൂപ്പ് ചെയര്‍പേഴ്‌സണ്‍ ആയിരുന്ന സാവിത്രി ജിന്‍ഡാലാണ്. ഏകദേശം 17.1 ശതകോടി ഡോളറാണ് അവരുടെ ആസ്തി. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിലൂടെ പൊതുരംഗത്തും സജീവമാണ് അവര്‍. ലോക റാങ്കിംഗില്‍ 101 ാം സ്ഥാനമുണ്ട് സാവിത്രി ജിന്‍ഡാലിന്.
ഫല്‍ഗുനി നയ്യാര്‍
അടുത്തിടെ ഐപിഒ നടത്തി ശ്രദ്ധേയമായ റീറ്റെയ്ല്‍ മേഖലയിലെ പ്രമുഖ കമ്പനിയായ നൈകയുടെ സ്ഥാപകയും ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുമാണ് ഫാല്‍ഗുനി നയ്യാര്‍. 2021 നവംബറില്‍ നടന്ന ഐപിഒ ആണ് അവരുടെ സമ്പത്തില്‍ വലിയ വര്‍ധന ഉണ്ടായിക്കിയത്. ഏകദേശം 4.4 ശതകോടി ഡോളറാണ് കണക്കാക്കിയിരിക്കുന്ന ആസ്തി. ലോക റാങ്കിംഗില്‍ 653 ാം സ്ഥാനത്താണ്.
ലീന തിവാരി
ബഹുരാഷ്ട്ര ഫാര്‍മസ്യൂട്ടിക്കല്‍ ആന്‍ഡ് ബയോടെക്‌നോളജി കമ്പനിയായ യുഎസ്‌വിയുടെ സാരഥിയാണ് ലാന തിവാരി. ഏകദേശം 4.2 ശതകോടി ഡോളറാണ് ആസ്തി കണക്കാക്കിയിരിക്കുന്നത്. ലോക റാങ്കിംഗില്‍ 682 ാം സ്ഥാനത്തുണ്ട്. 2018 ല്‍ ജര്‍മന്‍ ജനറിക് കമ്പനിയായ ജ്യൂട്ട ഫാര്‍മയെ കമ്പനി സ്വന്തമാക്കിയിരുന്നു.
കിരണ്‍ മജുംദാര്‍ ഷാ
വരുമാനത്തിന്റെ അടിസ്ഥാനത്തില്‍ ഇന്ത്യയിലെ ഏറ്റവും വലിയ ബയോഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയായ ബയോകോണിന്റെ സ്ഥാപകയാണ് കിരണ്‍ മസുംദാര്‍ ഷാ. ഏകദേശം 3.3 ശതകോടി ഡോളറാണ് ആസ്തി. 1978 ല്‍ തുടങ്ങിയ കമ്പനി ഏകദേശം 300 കോടിയിലേറെ ഇന്‍സുലിന്‍ ഡോസ് ഉല്‍പ്പാദിപ്പിച്ച് വിതരണം ചെയ്തുവെന്നാണ് ഫോര്‍ബ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഏഷ്യയിലെ ഏറ്റവും വലിയ ഇന്‍സുലിന്‍ ഫാക്റ്ററിയും ബയോകോണിന്റേതാണ്. ലോക റാങ്കിംഗ് 906 ആണ്.
സ്മിത കൃഷ്ണ ഗോദറെജ്
ഗോദ്‌റെജ് ഗ്രൂപ്പില്‍ നിന്നുള്ള സ്മിത കൃഷ്ണയാണ് രാജ്യത്തെ ഏറ്റവും സമ്പന്നയായ അഞ്ചാമത്തെ വനിത. ഗോദ്‌റെജ് കുടുംബത്തിന്റെ ആകെ ആസ്തിയുടെ അഞ്ചിലൊന്ന് സ്മിത കൃഷ്ണയുടെ കൈവശമാണ്. ഏകദേശം 2.4 ശതകോടി ഡോറളാണ് അവരുടെ ആസ്തി. ലോക റാങ്കിംഗില്‍ 1259 ാം സ്ഥാനത്താണ് സ്മിത കൃഷ്ണ.
അനു ആഗ
എന്‍ജിനീയറിംഗ് കമ്പനിയായ തെര്‍മാക്‌സിന്റെ മുന്‍ ചെയര്‍പേഴ്‌സണാണ്. 1985 ല്‍ കമ്പനിയില്‍ ചേര്‍ന്ന അവര്‍ 2004 ലാണ് വിരമിക്കുന്നത്. അവരുടെ സമ്പത്തിന്റെ സിംഹഭാഗവും തെര്‍മാക്‌സിന്റെ ഓഹരിയില്‍ നിന്നുള്ളതാണ്. ഏകദേശം 1.8 ശതകോടി ഡോളറാണ് കണക്കാക്കിയിരിക്കുന്ന ആസ്തി.
രാധ വെമ്പു
സോഫ്റ്റ്‌വെയര്‍ കമ്പനിയായ സോഹോ കോര്‍പറേഷന്റെ സാരഥികളിലൊരാളായ രാധ വെമ്പുവിന്റെ ആകെ ആസ്തി ഏകദേശം 1.7 ശതകോടി ഡോളറാണ്. മദ്രാസ് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജിയില്‍ നിന്ന് ഇന്‍ഡസ്ട്രിയല്‍ മാനേജ്‌മെന്റില്‍ ബിരുദം നേടിയ അവര്‍ സോഹോ മെയ്‌ലില്‍ പ്രോഡക്റ്റ് മാനേജരാണ്.
മൃദുല പരേഖ്
പിഡിലൈറ്റ് ഗ്രൂപ്പ് ഉടമകളായ പരേഖ് കുടുംബത്തിലെ അംഗമാണ് മൃദുല പരേഖ്. ഏകദേശം 1.7 ശതകോടി ഡോളറാണ് അവരുടെ ആസ്തി. ലോക റാങ്കിംഗില്‍ 1703 ാം സ്ഥാനത്താണ്.
സാറ ജോര്‍ജ് മുത്തൂറ്റ്
മുത്തൂറ്റ് ഫിനാന്‍സിന്റെ സാറ ജോര്‍ജ് മുത്തൂറ്റാണ് പട്ടികയില്‍ ഇടം കണ്ട ഏക മലയാളി വനിത. അവരുടെ ഭര്‍ത്താവ് എംജി ജോര്‍ജ് മുത്തൂറ്റ് 2021 ല്‍ മരണപ്പെട്ടതിനു പിന്നാലെയാണ് രാജ്യത്ത് 5400 ലേറെ ശാഖകളും രണ്ടു ലക്ഷത്തിലേറെ ഉപഭോക്തൃനിരയുമുള്ള കമ്പനിയുടെ വലിയ ഓഹരി അവരുടെ കൈകളിലെത്തുന്നത്. ഏകദേശം 1.4 ശതകോടി ഡോളറാണ് അവരുടെ ആസ്തി കണക്കാക്കിയിരിക്കുന്നത്. ലോക റാങ്കിംഗില്‍ 2087 ാം സ്ഥാനത്താണ് സാറ ജോര്‍ജ് മുത്തൂറ്റ്
കവിത സിംഘാനിയ
ചെന്നൈ ആസ്ഥാനമായുള്ള ഡെവലപര്‍ എക്‌സ്പ്രസ് ഇന്‍ഫ്രാസ്ട്രക്ചറിന്റെ ഡയറക്റ്ററും ജെ കെ സിമന്റില്‍ ഓഹരിയുമുള്ള കവിത സിംഘാനിയയ്ക്ക് 1.1 ശതകോടി ഡോളറിന്റെ ആസ്തിയുണ്ട്. ലോക റാങ്കിംഗില്‍ 2428 ാം സ്ഥാനമുണ്ട്.



Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it