Begin typing your search above and press return to search.
ലോകത്തിലെ ഏറ്റവും വലിയ 10 സമ്പന്നര്‍ ഇവരാണ്
ലോകത്തിലെ അതിസമ്പന്നരായ ആളുകളുടെ പട്ടിക ഫോര്‍ബ്‌സ് മാസിക വര്‍ഷം തോറും പുറത്തിറക്കാറുണ്ട്. പലര്‍ക്കും സ്ഥാനം നഷ്ടപ്പെടുമ്പോള്‍ പുതിയ ശതകോടീശ്വരന്‍മാര്‍ പട്ടികയില്‍ ഇടം കാണുകയും ചെയ്യുന്നു. ഈ വര്‍ഷത്തെ പട്ടികയില്‍ ആമസോണ്‍ സ്ഥാപകന്‍ ജെഫ് ബെസോസ് ഒന്നാം സ്ഥാനം നിലനിര്‍ത്തിയിട്ടുണ്ട്.
1. ജെ്ഫ് ബെസോസ്
ആസ്തി: ഏകദേശം 15.83 ലക്ഷം കോടി രൂപ
212.4 ശതകോടി ഡോളര്‍ ആസ്തിയുമായി, ആമസോണ്‍ സ്ഥാപകനും ചീഫ് എക്‌സിക്യൂട്ടിവ് ഓഫൂസറുമായ ജെഫ് ബെസോസ് ആണ് പട്ടികയില്‍ ഒന്നാമന്‍. ഭാര്യ മക്കന്‍സിയുമായി 2019 ല്‍ വേര്‍പിരിയുകയും ആമസോണിലെ അദ്ദേഹത്തിന്റെ കാല്‍ഭാഗം ഓഹരി അവര്‍ക്ക് നല്‍കേണ്ടി വന്നെങ്കിലും ലോകത്തിലെ ഏറ്റവും വലിയ സമ്പന്നന്‍ എന്ന സ്ഥാനം അദ്ദേഹത്തിന് നഷ്ടമായില്ല. 1994 ല്‍ തന്റെ ഗാരേജില്‍ തുടക്കമിട്ട ആമസോണ്‍ ഇന്ന് ലോകത്തിലെ ഏറ്റവും വലിയ ഇ കൊമേഴ്‌സ് സ്ഥാപനങ്ങളിലൊന്നാണ്.
2. ബെര്‍ണാഡ് ആര്‍നോഡ് കുടുംബം
ആസ്തി: ഏകദേശം 14.05 ലക്ഷം കോടി രൂപ
എല്‍വിഎംഎച്ച്-ഫ്രാന്‍സ് ചെയര്‍മാനും ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുമായ ബെര്‍ണാഡ് ആര്‍നോഡ് ആണ് ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ സമ്പന്നന്‍. 188.6 ശതകോടി ഡോളറാണ് അദ്ദേഹത്തിന്റെ സമ്പാദ്യം. ലൂയിസ് വ്യൂട്ടന്‍, സെഫോറ തുടങ്ങി 70 ആഡംബര ബ്രാന്‍ഡുകളുടെ ഉല്‍പ്പാദകരാണ് എല്‍വിഎംഎച്ച്. യൂറോപ്പിലെ ഏറ്റവും സമ്പന്നനായ ഇദ്ദേഹം കഴിഞ്ഞ വര്‍ഷം മാത്രം നേടിയത് 100 ശതകോടി ഡോളറാണ്.
3. ഇലോണ്‍ മസ്‌ക്
ആസ്തി: ഏകദേശം 12.13 ലക്ഷം കോടി രൂപ
ഭൂമിയിലും ബഹിരാകാശത്തും ഗതാഗത രംഗത്ത് വിപ്ലവം സൃഷ്ടിക്കാനൊരുങ്ങുന്ന ഇലോണ്‍ മസ്‌ക് ആണ് ലോകത്തിലെ മൂന്നാമത്തെ സമ്പന്നന്‍. ടെസ്ല എന്ന കാര്‍ നിര്‍മാണ കമ്പനിയുടെയും സ്‌പേസ് എക്‌സ് എന്ന റോക്കറ്റ് നിര്‍മാണ കമ്പനിയുടെയും ഉടമയായ ഇലോണ്‍ മസ്‌കിന് 162.8 ശതകോടി ഡോളറിന്റെ ആസ്തിയുണ്ട്. സ്‌പേസ് എക്‌സ് മാത്രം 100 ശതകോടി ഡോളര്‍ വിലമതിക്കുന്നതാണ്. 2021 ഫെബ്രുവരിയിലെ കണക്കനുസരിച്ച് 342 ശതകോടി ഡോളര്‍ വിപണി മൂല്യമുള്ള ടെസ്‌ലയാണ് ലോകത്തിലെ ഏറ്റവും മൂല്യമുള്ള വാഹനനിര്‍മാതാക്കള്‍.
4. ബില്‍ഗേറ്റ്‌സ്
ആസ്തി: ഏകദേശം 9.93 ലക്ഷം കോടി രൂപ
മൈക്രോസോഫ്റ്റിന്റെയും ബില്‍ & മെലിന്‍ഡ ഗേറ്റ്‌സ് ഫൗണ്ടേഷന്റെയും സഹസ്ഥാപകന്‍ ബില്‍ഗേറ്റ്‌സ് ആണ് ലോകത്തിലെ നാലാമത്തെ ഏറ്റവും വലിയ സമ്പന്നന്‍. 129.2 ശതകോടി ഡോളറാണ് ആദ്ദേഹത്തിന്റെ സമ്പാദ്യം. മൈക്രോസോഫ്റ്റിന്റെ ഭൂരിഭാഗം ഓഹരികളും കൈയൊഴിഞ്ഞ അദ്ദേഹം മറ്റു സംരംഭങ്ങളിലാണ് പണം നിക്ഷേപിച്ചിട്ടുള്ളത്. മൈക്രോസോഫ്റ്റ് ഓഹരികളുടെ വില കുത്തനെ ഉയര്‍ന്നപ്പോള്‍ കഴിഞ്ഞ വര്‍ഷം അദ്ദേഹം 100 ശതകോടി ക്ലബില്‍ എത്തിയിരുന്നു. ബില്‍ & മെലിന്‍ഡ ഗേറ്റ്‌സ് ഫൗണ്ടേഷനാണ് ലോകത്തിലെ ഏറ്റവും വലിയ സ്വകാര്യ ചാരിറ്റബ്ള്‍ ഫൗണ്ടേഷന്‍.
5. മാര്‍ക്ക് സുക്കര്‍ബര്‍ഗ്
ആസ്തി: ഏകദേശം 9.40 ലക്ഷം കോടി രൂപ
126.2 ശതകോടി ഡോളര്‍ ആസ്തിയുമായി ഫേസ്ബുക്ക് സഹസ്ഥാപകനും ചീഫ് എക്‌സിക്യൂട്ടിവ് ഓഫീസറും ചെയര്‍മാനുമായ മാര്‍ക്ക് സുക്കര്‍ബെര്‍ഗ് ആണ് പട്ടികയില്‍ ലോകത്തിലെ അഞ്ചാമത്തെ ഏറ്റവും വലിയ സമ്പന്നന്‍. 2012 ല്‍ ലിസ്റ്റ് ചെയ്യപ്പെട്ട ഫേസ്ബുക്കിന്റെ 15 ശതമാനം ഓഹരിയാണ് സുക്കര്‍ബെര്‍ഗിനുള്ളത്. പട്ടികയിലെ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി കൂടിയാണ് ഇദ്ദേഹം.
6. ലാറി എലിസണ്‍
ആസ്തി: ഏകദേശം 9.15 ലക്ഷം കോടി രൂപ
സോഫ്റ്റ്‌വെയര്‍ കമ്പനിയായ ഒറക്ക്ള്‍ സ്ഥാപകന്‍ ലാറി എലിസണ്‍ 122.8 ശതകോടി ഡോളര്‍ ആസ്തിയുമായി പട്ടികയില്‍ ഇടം നേടി. 1977 ലാണ് അദ്ദേഹം കമ്പനി സ്ഥാപിച്ചത്. 2014 ല്‍ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ സ്ഥാനത്തു നിന്ന് മാറി. ഇപ്പോള്‍ ബോര്‍ഡ് ചെയര്‍മാനും, ചീഫ് ടെക്‌നോളജി അഡൈ്വസറുമാണ്. 2018 ല്‍ ടെസ്ലയുടെ 30 ലക്ഷം ഓഹരികള്‍ വാങ്ങിയതോടെ കമ്പനിയുടെ ഡയറക്റ്റര്‍ ബോര്‍ഡിലുമുണ്ട്.
7. ലാറി പേജ്
ആസ്തി: ഏകദേശം 8.12 ലക്ഷം കോടി രൂപ
ഗൂഗ്ള്‍ സഹസ്ഥാപകന്‍ ലാറി പേജിന് 109.3 ശതകോടി ഡോളര്‍ ആസ്തിയുണ്ട്. പ്ലാനറ്ററി റിസോഴ്‌സസ് എന്ന സ്‌പേസ് എക്‌സ്പ്ലറേഷന്‍ കമ്പനിയിലും 'പറക്കും കാര്‍' എന്ന ലക്ഷ്യവുമായി പ്രവര്‍ത്തിക്കുന്ന ഓപണര്‍, കിറ്റി ഹോക്ക് എന്നീ സ്റ്റാര്‍ട്ടപ്പുകളിലും ലാറി പേജിന് വലിയ നിക്ഷേപമുണ്ട്.
8. സെര്‍ജി ബ്രിന്‍
ആസ്തി: ഏകദേശം 7.89 ലക്ഷം കോടി രൂപ
ഗൂഗ്‌ളിന്റെ മാതൃകമ്പനിയായ ആല്‍ഫബെറ്റിന്റെ സഹസ്ഥാപകനും ബോര്‍ഡ് അംഗവുമായ സെര്‍ജി ബ്രിന്‍ 105.9 ശതകോടി ഡോളര്‍ ആസ്തിയുമായി പട്ടികയില്‍ എട്ടാമനാണ്. അദ്ദേഹവും ലാറി പേജും ചേര്‍ന്നാണ് 1998 ല്‍ ഗൂഗ്‌ളിന് തുടക്കമിടുന്നത്. 2015 ലാണ് ആല്‍ഫബെറ്റ് എന്ന കമ്പനി രൂപീകരിക്കുന്നത്.
9. വാറന്‍ ബഫറ്റ്
ആസ്തി: ഏകദേശം 7.58 ലക്ഷം കോടി രൂപ
ലോകത്തിലെ ഏറ്റവും വിജയിയായ നിക്ഷേപകന്‍ എന്ന് വിശേഷിക്കപ്പെടുന്ന വാറന്‍ ബഫറ്റ് ആണ് 101.8 ശതകോടി ഡോളര്‍ ആസ്തിയുമായി ലോകത്തെ അതിസമ്പന്നരില്‍ ഒന്‍പതാമന്‍. വൈവിധ്യമാര്‍ന്ന മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന 60 കമ്പനികളടങ്ങുന്ന ബര്‍ക്ക് ഷെയര്‍ ഹതാവേ എന്ന കമ്പനിയുടെ ഉടമയാണ് അദ്ദേഹം.
10. ഫ്രാന്‍സ്വാസ് ബെറ്റന്‍കോര്‍ട്ട് മയേഴ്‌സ് കുടുംബം
ആസ്തി: ഏകദേശം 6.54 ലക്ഷം കോടി രൂപ
പട്ടികയിലെ ഏക വനിതയും ലോകത്തിലെ ഏറ്റവും സമ്പന്ന വനിതയുമാണ് ഫ്രഞ്ചുകാരിയായ ഫ്രാന്‍സ്വാസ് ബെറ്റന്‍കോര്‍ട്ട് മയേഴ്‌സ. 87.8 ശതകോടി ഡോളറാണ് അവരുടെ ആസ്തി. ലോറിയല്‍(L'Oréal) എന്ന ബ്രാന്‍ഡിന്റെ ഉടമയായ ലിലിയന്‍ ബെറ്റന്‍കോര്‍ട്ടിന്റെ ഏക മകളും അനന്തരാവകാശിയുമാണ് ഫ്രാന്‍സ്വാസ്.
Next Story
Videos