
ശതകോടീശ്വരന്മാരുടെ എണ്ണം പെരുകുന്നതിനാല്‍ അതിസമ്പന്നരെ മറ്റുള്ളവരില്‍ നിന്ന് വേര്‍തിരിച്ചറിയാന്‍ പുതുതായി രൂപപ്പെട്ട വിഭാഗമാണ് സൂപ്പര്‍ ശതകോടീശ്വരന്മാര്‍.
ആസ്തി 50 ബില്യൺ ഡോളറോ അതിൽ കൂടുതലോ ഉളളവരെയാണ് സൂപ്പർ ബില്യണയർ എന്നു പറയുന്നത്. ഗ്ലോബല്‍ വെല്‍ത്ത് ഇന്റലിജന്‍സ് കമ്പനിയായ ആൾട്രാറ്റയുടെ ഡാറ്റയെ അടിസ്ഥാനമാക്കി വാൾ സ്ട്രീറ്റ് ജേണൽ പട്ടികപ്പെടുത്തിയ സൂപ്പർ ബില്യണയർമാരിൽ 16 പേർ സെന്റി-ബില്യണേഴ്സിന്റെ വിഭാഗത്തിലാണ് ഉളളത്. ആസ്തി കുറഞ്ഞത് 100 ബില്യൺ ഡോളറുളളവരെയാണ് സെന്റി-ബില്യണയർ എന്നു പറയുന്നത്.
419.4 ബില്യൺ ഡോളർ ആസ്തിയുമായി ലോകത്തിലെ ഏറ്റവും ധനികനായ വ്യക്തിയെന്ന നേട്ടത്തില്‍ എത്തിയിരിക്കുന്നത് ടെക് കോടീശ്വരനായ ഇലോൺ മസ്‌ക് ആണ്. ടെസ്‌ല, സ്‌പേസ് എക്‌സ്, ന്യൂറാലിങ്ക്, സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സ് (മുമ്പ് ട്വിറ്റർ) എന്നിവ മക്സിന്റെ ഉടമസ്ഥതയിലാണ് പ്രവര്‍ത്തിക്കുന്നത്.
24 സൂപ്പർ ബില്യണേഴ്സിനെയാണ് വാൾ സ്ട്രീറ്റ് ജേണൽ പട്ടികപ്പെടുത്തിയിരിക്കുന്നത്. ഇന്ത്യൻ വ്യവസായത്തിലെ പ്രമുഖരായ മുകേഷ് അംബാനി, ഗൗതം അദാനി എന്നിവരും പട്ടികയിലുണ്ട്. റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനിയുടെ ആസ്തി 90.6 ബില്യൺ ഡോളറും, അദാനി ഗ്രൂപ്പിന്റെ ചെയർമാനായ ഗൗതം അദാനിയുടെ ആസ്തി 60.6 ബില്യൺ ഡോളറുമാണ്.
ഇലോൺ മസ്‌ക്, ആമസോണിന്റെ ജെഫ് ബെസോസ്, എൽവിഎംഎച്ചിന്റെ ബെർണാഡ് അർനോൾട്ട്, ഒറാക്കിളിന്റെ ലോറൻസ് എലിസൺ, മെറ്റയുടെ മാർക്ക് സക്കർബർഗ്, ആല്‍ഫബറ്റിന്റെ സെർജി ബിൻ എന്നിവരാണ് പട്ടികയില്‍ ആദ്യ ആറ് സ്ഥാനങ്ങളില്‍ ഉളളവര്‍.
ടെക് കമ്പനികളുടെ ഉടമസ്ഥരാണ് പട്ടികയില്‍ കൂടുതലുളളത് എന്നതും ശ്രദ്ധേയമാണ്. വാൾമാർട്ടിന്റെ ആലീസ് വാൾട്ടൺ, കോച്ച് ഇൻഡസ്ട്രീസിന്റെ ജൂലിയ കോച്ച്, ലോറിയിലിന്റെ ഫ്രാങ്കോയിസ് ബെറ്റൻകോർട്ട് മേയേഴ്‌സ് എന്നീ മൂന്ന് വനിതകള്‍ക്ക് മാത്രമാണ് ടോപ്പ് 24 സൂപ്പർ ബില്യണയർമാരുടെ പട്ടികയിൽ ഇടം നേടിട്ടുളളത്.
Read DhanamOnline in English
Subscribe to Dhanam Magazine