ഇന്ന് നിങ്ങളറിയേണ്ട 5 പ്രധാന ബിസിനസ് വാര്‍ത്തകള്‍; ഫെബ്രുവരി 11

1. ജിഎസ്ടി ശേഖരണത്തിലെ കുറവിന് മുഴുവന്‍ നഷ്ട പരിഹാരവും സംസ്ഥാനങ്ങള്‍ക്കു ലഭിക്കില്ല

ചരക്ക് സേവന നികുതി (ജിഎസ്ടി) ശേഖരണത്തിലെ കുറവിന് വാഗ്ദാനം ചെയ്ത മുഴുവന്‍ നഷ്ടപരിഹാരവും സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നല്‍കാനാവില്ലെന്ന നിലപാടുമായി കേന്ദ്ര ധനകാര്യ മന്ത്രാലയം. ഈ ആവശ്യത്തിനായി ചുമത്തിയ സെസ്സില്‍ നിന്ന് സ്വരൂപിച്ച പണത്തില്‍ നിന്നേ നഷ്ടപരിഹാരം നല്‍കൂ. സെസ് പിരിവ് കുറയുന്നതിനനുസൃതമായി വിഹിതവും കുറയും.

2. സിസിഐ ഉത്തരവില്‍ സ്റ്റേ ആവശ്യപ്പെട്ട് ആമസോണ്‍ കര്‍ണാടക ഹൈക്കോടതിയില്‍

കോംപറ്റീഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യയുടെ (സിസിഐ) ഉത്തരവില്‍ സ്റ്റേ ആവശ്യപ്പെട്ട് ഇ-കൊമേഴ്സ് ഭീമനായ ആമസോണ്‍ കര്‍ണാടക ഹൈക്കോടതിയില്‍.ആമസോണിന്റെ ചില ബിസിനസ്സ് രീതികള്‍ അന്വേഷിക്കാനുള്ള ഉത്തരവിനെതിരെയാണ് റിട്ട് നല്‍കിയിട്ടുള്ളത്.

3. രാജ്യത്തെ തൊഴിലില്ലായ്മാ നിരക്ക് 7.16 ശതമാനം

2020 ജനുവരിയില്‍ ഇന്ത്യയിലെ തൊഴിലില്ലായ്മാ നിരക്ക് 7.16 ശതമാനമായി. 2019 ഡിസംബറില്‍ രേഖപ്പെടുത്തിയത് 7.6 ശതമാനമായിരുന്നു. സമീപ മാസങ്ങളില്‍ പ്രതിമാസ തൊഴിലില്ലായ്മാ നിരക്ക് 7.5 ശതമാനത്തില്‍ താഴെയായി സ്ഥിരത കൈവരിക്കുന്നതായാണ് സൂചന.

4. സെബി ചെയര്‍പേഴ്സണ്‍ തസ്തികയിലേക്ക് അപേക്ഷകരുടെ ഇടി

സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ (സെബി) ചെയര്‍പേഴ്സണ്‍ തസ്തികയിലേക്ക് രണ്ട് ഡസനോളം അപേക്ഷകള്‍ സര്‍ക്കാരിന് ലഭിച്ചു. അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന ദിവസം ഇന്നലെ അവസാനിച്ചു. ധനകാര്യ സേവന വകുപ്പ്, സാമ്പത്തിക കാര്യ വകുപ്പ്, കോര്‍പ്പറേറ്റ് കാര്യ മന്ത്രാലയം എന്നിവയില്‍ നിന്നുള്‍പ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥര്‍ ഈ സ്ഥാനത്തേക്ക് അപേക്ഷ നല്‍കിയിട്ടുണ്ടെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.

5. എസ്ബിഐ സ്ഥിരനിക്ഷേപങ്ങളുടെ പലിശ നിരക്ക് കുറച്ചു

റിപ്പോ നിരക്ക് നിലവിലെ 5.15 ശതമാനത്തില്‍ തന്നെ നിലനിര്‍ത്താന്‍ റിസര്‍വ്വ് ബാങ്ക് തീരുമാനിച്ചതിന് പിന്നാലെ എസ്ബിഐ സ്ഥിരനിക്ഷേപങ്ങളുടെ പലിശ നിരക്ക് കുറച്ചു. രണ്ടു കോടിയില്‍ താഴെയുള്ള നിക്ഷേപങ്ങളുടെ ബേസിസ് പോയിന്റ് (ബിപിഎസ്) 0.1 മുതല്‍ 0.5 ശതമാനം വരെ കുറയും. രണ്ടു കോടിക്ക് മുകളിലുള്ള നിക്ഷേപങ്ങള്‍ക്ക് 0.25 മുതല്‍ 0.5 ശതമാനം പലിശയിനത്തില്‍ കുറവ് വരും. ഫെബ്രുവരി 10 മുതല്‍ പുതുക്കിയ നിരക്ക് നിലവില്‍ വന്നു. വായ്പാ നിരക്കുകളും കുറച്ചിരുന്നു.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Related Articles
Next Story
Videos
Share it