ഇന്ന് നിങ്ങളറിയേണ്ട 5 പ്രധാന ബിസിനസ് വാര്‍ത്തകള്‍: ഫെബ്രുവരി 4

1. എട്ടു രാജ്യങ്ങള്‍ ഇന്ത്യയിലേക്കു യാത്രാ നിയന്ത്രണമേര്‍പ്പെടുത്തി

പൗരത്വ ഭേദഗതി നിയമം നടപ്പാക്കിയതിനെത്തുടര്‍ന്ന് രാജ്യത്തുള്ള അരക്ഷിതാവസ്ഥകാരണം എട്ടു രാജ്യങ്ങള്‍ ഇന്ത്യയിലേക്കുള്ള യാത്രയ്ക്ക് നിയന്ത്രണമേര്‍പ്പെടുത്തിയതായി കേന്ദ്ര ടൂറിസം മന്ത്രി പ്രഹ്ലാദ് സിങ് പട്ടേല്‍ ലോക്സഭയില്‍ അറിയിച്ചു. ഓസ്ട്രേലിയ, ബെല്‍ജിയം, കാനഡ, ചൈന, മലേഷ്യ, ന്യൂസീലന്‍ഡ്, ബ്രിട്ടന്‍, അമേരിക്ക എന്നിവയാണ് ഈ രാജ്യങ്ങള്‍. ഐക്യരാഷ്ട്രസഭയും കേന്ദ്ര വിനോദസഞ്ചാര മന്ത്രാലവും ചേര്‍ന്നു തയ്യാറാക്കിയ കണക്കുകളുടെ അടിസ്ഥാനത്തില്‍ 2018-ല്‍ 10.56 ദശലക്ഷവും 2019-ല്‍ 10.89 ദശലക്ഷവും വിദേശ വിനോദസഞ്ചാരികള്‍ ഇന്ത്യയിലെത്തി.

2. കേരളത്തിന് 15,323 കോടി നല്‍കണമെന്ന് ധനകാര്യ കമ്മീഷന്‍

കേരളത്തിന് അടുത്ത സാമ്പത്തിക വര്‍ഷത്തിലെ റവന്യു കമ്മി പരിഹരിക്കാന്‍ കേന്ദ്രം 15,323 കോടി നല്‍കണമെന്ന് 15 -ാം ധനകാര്യ കമ്മീഷന്റെ ശുപാര്‍ശ.പത്ത് ലക്ഷത്തിലേറെ ജനസംഖ്യയുള്ള നഗരങ്ങളില്‍ മാലിന്യ നിര്‍മാര്‍ജനത്തിനും ശുദ്ധജലവിതരണത്തിനുമായി പ്രത്യേക ധനസഹായവും ലഭിക്കും.

3. പൊതുമേഖലാ ബാങ്കുകളില്‍ കിട്ടാക്കടം 7.27 ലക്ഷം കോടി

പൊതുമേഖലാ ബാങ്കുകളിലെ കിട്ടാക്കടം നടപ്പുവര്‍ഷം സെപ്റ്റംബര്‍ 30ലെ കണക്കുപ്രകാരം 7.27 ലക്ഷം കോടി രൂപയായി കുറഞ്ഞുവെന്ന് കേന്ദ്ര ധനസഹമന്ത്രി അനുരാഗ് ഠാക്കൂര്‍ .കഴിഞ്ഞ മാര്‍ച്ച് 31 ലെ കണക്കനുസരിച്ച് കിട്ടാക്കടം 8.95 ലക്ഷം കോടി രൂപയായിരുന്നു. മൂലധന സഹായം, പ്രവര്‍ത്തന പുനഃക്രമീകരണം, ഐ.ബി.സി അടക്കമുള്ള നിയമപരിഷ്‌കാരങ്ങള്‍ എന്നിങ്ങനെ കേന്ദ്രം നടപ്പാക്കിയ നടപടികളാണ് കിട്ടാക്കടം കുറയാന്‍ കാരണമെന്ന്പാര്‍ലമെന്റില്‍ പറഞ്ഞു.

4. ബസ് നിര്‍മ്മാണക്കമ്പനികളുടെ ആഗോള പട്ടികയില്‍ മൂന്നാമത് അശോക് ലെയ്‌ലാന്‍ഡ്

ആഗോളാടിസ്ഥാനത്തില്‍ ഏറ്റവും കൂടുതല്‍ ബസ് നിര്‍മ്മിച്ചു വില്‍ക്കുന്ന കമ്പനികളില്‍ മൂന്നാം സ്ഥാനം ഹിന്ദുജ ഗ്രൂപ്പിലെ അശോക് ലെയ്‌ലാന്‍ഡിന്. 2014ല്‍ 23100 ബസുകളാണ് ഈ ഇന്ത്യന്‍ കമ്പനി നിര്‍മിച്ചത്.

5. ഇന്ത്യയില്‍ 100 ദശലക്ഷം തൊഴിലുകള്‍ സൃഷ്ടിക്കുക സാധ്യമെന്ന് ടാറ്റാ സണ്‍സ് ചെയര്‍മാന്‍

നിലവിലെ സാഹചര്യങ്ങള്‍ അനുകൂലമാക്കി മാറ്റാന്‍ കഴിഞ്ഞാല്‍ ഇന്ത്യയില്‍ 70- 100 ദശലക്ഷം തൊഴിലുകള്‍ സൃഷ്ടിക്കുക സാധ്യമെന്ന് ടാറ്റാ സണ്‍സ് ചെയര്‍മാന്‍ എന്‍. ചന്ദ്രശേഖരന്‍.വിപണി വികസനത്തിന് സാങ്കേതിക വിദ്യ പ്രയോജനപ്പെടുത്തന്നെമെന്നും ബെംഗളൂരുവില്‍ പുസ്തക പ്രസാധന ചടങ്ങില്‍ അദ്ദേഹം ചൂണ്ടിക്കാട്ടി.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Related Articles
Next Story
Videos
Share it