ഇന്ന് നിങ്ങളറിയേണ്ട 5 പ്രധാന ബിസിനസ് വാര്‍ത്തകള്‍; ഡിസംബര്‍ 20
1.ഇതര സംസ്ഥാന ലോട്ടറികള്‍ കേരളത്തിലേക്കു വരുന്നത് പ്രതിരോധിക്കുമെന്ന് ധനമന്ത്രി
ലോട്ടറി നികുതി 28 ശതമാനമാക്കി ഏകീകരിച്ചതിന്റെ അടിസ്ഥാനത്തില്‍ മറ്റു സംസ്ഥാന ലോട്ടറികള്‍ കേരളത്തിലേക്കു വരാന്‍ ശ്രമിച്ചാല്‍ തടയുമെന്ന് മന്ത്രി തോമസ് ഐസക് അറിയിച്ചു. ടിക്കറ്റ് വില കൂട്ടാതെ കേരള ലോട്ടറിയുടെ സമ്മാന ഘടന ആകര്‍ഷകമാക്കും. സമ്മാനങ്ങളുടെ എണ്ണം കൂട്ടും. ലാഭത്തിലുണ്ടാകുന്ന കുറവ് നികുതിവരുമാനം കൂടുന്നതുവഴി നികത്താന്‍ ശ്രമിക്കുമെന്നും മന്ത്രി പറഞ്ഞു.
2. കാര്‍ഷിക വായ്പാ ബാധ്യത ഏറ്റെടുക്കാന്‍ സംസ്ഥാന പദ്ധതി
മൊറട്ടോറിയം കാലാവധി തീരുന്ന സാഹചര്യത്തില്‍ കൃഷിക്കാരെടുത്ത വായ്പകളുടെ പലിശ ഏറ്റെടുക്കാന്‍ സംസ്ഥാന കൃഷിവകുപ്പ് ശ്രമം തുടങ്ങി. കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് വഴി 1.6 ലക്ഷം രൂപവരെ വായ്പ എടുത്തവരുടെ പലിശയാണ് സര്‍ക്കാരേറ്റെടുക്കുക. സാമ്പത്തികമായി മോശം നിലയിലുള്ള എട്ടു ലക്ഷം കൃഷിക്കാര്‍ക്ക് ഇതിന്റെ പ്രയോജനം കിട്ടും.ഇതിനായി 537 കോടി രൂപയുടെ പദ്ധതി കൃഷിവകുപ്പ് ധനകാര്യവകുപ്പിന് സമര്‍പ്പിച്ചു.
3. നാല് ലേബര്‍ കോഡുകളും അടുത്ത വര്‍ഷം ഒരുമിച്ചു നടപ്പാക്കും
നാല് ലേബര്‍ കോഡുകളും അടുത്ത വര്‍ഷം അവസാനം ഒരുമിച്ചു പ്രബല്യത്തിലാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ പദ്ധതിയിടുന്നതായി തൊഴില്‍ മന്ത്രാലയത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ പറഞ്ഞു. കാര്യക്ഷമമായ നിര്‍വ്വഹണത്തിന് ഇതു സഹായകമാകുമെന്ന അഭിപ്രായമാണുള്ളത്. 2019 ല്‍ വീണ്ടും തിരഞ്ഞെടുക്കപ്പെട്ട ശേഷം എന്‍ഡിഎ സര്‍ക്കാര്‍ തൊഴില്‍ നിയമങ്ങള്‍ പരിഷ്‌കരിക്കാനുള്ള പദ്ധതികള്‍ ത്വരിതപ്പെടുത്തിയിരുന്നു.
4. ഒമ്പത് സംസ്ഥാനങ്ങള്‍ക്കുള്ള ജിഎസ്ടി നഷ്ടപരിഹാരം 70,000 കോടിയാകുമെന്ന് ഐസിആര്‍എ
സാമ്പത്തിക മാന്ദ്യത്തിനിടയില്‍ സംസ്ഥാന ജിഎസ്ടി വരുമാനത്തില്‍ ഗണ്യമായ ഇടിവുണ്ടായതിനെത്തുടര്‍ന്ന് ഈ വരുന്ന വര്‍ഷം നഷ്ടപരിഹാരമായി ഒമ്പത് സംസ്ഥാനങ്ങള്‍ക്ക് മാത്രം 70,000 കോടി രൂപ കേന്ദ്ര സര്‍ക്കാര്‍ നല്‍കേണ്ടിവരുമെന്ന് റേറ്റിംഗ് ഏജന്‍സി ഐസിആര്‍എ.കര്‍ണാടക, കേരളം, തമിഴ്‌നാട്, ഗുജറാത്ത്, മഹാരാഷ്ട്ര, ഹരിയാന, പഞ്ചാബ്, രാജസ്ഥാന്‍, പശ്ചിമ ബംഗാള്‍ എന്നിവയാണ് ഈ സംസ്ഥാനങ്ങള്‍.
5. എന്‍സിഎല്‍ടി ഉത്തരവിനെതിരെ വെക്കേഷന്‍ ബെഞ്ചിനെ സമീപിക്കാന്‍ ടാറ്റാ സണ്‍സ്
സൈറസ് മിസ്ട്രിയ്ക്കനുകൂലമായ ദേശീയ കമ്പനി ലോ അപ്പലേറ്റ് ട്രിബ്യൂണല്‍ ഉത്തരവിനെതിരെ സ്റ്റേ ആവശ്യപ്പെട്ട് സുപ്രീം കോടതിയുടെ അവധിക്കാല ബെഞ്ചിനെ സമീപിക്കാന്‍ ടാറ്റാ സണ്‍സ് തയ്യാറെടുപ്പു തുടങ്ങി.പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയെ പബ്ലിക് ലിമിറ്റഡ് കമ്പനിയായി കണ്ടുള്ളതാണ് ട്രിബ്യൂണല്‍ ഉത്തരവെന്ന നിലപാടാണ് ടാറ്റാ സണ്‍സ് മാനേജ്മെന്റിനുള്ളത്.
ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline
Read DhanamOnline in English
Subscribe to Dhanam Magazine

