

ടാറ്റയെ പിന്തള്ളി എച്ച് ഡി എഫ് സി ഗ്രൂപ്പ്
വിപണി മൂല്യത്തില്‍ ടാറ്റ ഗ്രൂപ്പിനെ പിന്തള്ളി എച്ച് ഡി എഫ് സി ഗ്രൂപ്പ് രാജ്യത്ത് ഒന്നാമത്. ഗ്രൂപ്പിന് കീഴിലുള്ള അഞ്ച് ലിസ്റ്റഡ് കമ്പനികളായ എച്ച് ഡി എഫ് സി, എച്ച് ഡി എഫ് സി ബാങ്ക്, എച്ച് ഡി എഫ് സി ലൈഫ്, എച്ച് ഡി എഫ് സി അസറ്റ് മാനേജ്മെന്റ്, ഗൃഹ് ഫിനാന്‍സ് എന്നിവയുടെ സംയോജിത വിപണി മൂല്യം 11.66 ലക്ഷം കോടി രൂപയായി. ടാറ്റ ഗ്രൂപ്പിലെ 29 കമ്പനികളുടെ സംയോജിത വിപണി മൂല്യത്തേക്കാള്‍ 2,000 കോടി രൂപ അധികമാണിത്.
ജെറ്റ് എയര്‍വെയ്‌സില്‍ നിക്ഷേപ സാധ്യത തേടി ഹിന്ദുജ ഗ്രൂപ്പ്
സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് പ്രവര്‍ത്തനം അവസാനിപ്പിച്ച ജെറ്റ് എയര്‍വെയ്‌സിനെ ഏറ്റെടുക്കാന്‍ ബ്രിട്ടണിലെ ഇന്ത്യന്‍ ശതകോടീശ്വരന്മാരായ ഹിന്ദുജ ഗ്രൂപ്പ് രംഗത്ത്. ഏറ്റെടുക്കല്‍ സംബന്ധിച്ച് ഹിന്ദുജ ഗ്രൂപ്പ് മെയ് 23 ന് ഇത്തിഹാദുമായി ചര്‍ച്ച നടത്തും. ജെറ്റിന് വായ്പ നല്‍കിയ ബാങ്കുകളുടെ കൂട്ടായ്മ പ്രതിസന്ധി മറികടക്കുന്നതിനു പദ്ധതികള്‍ ആലോചിക്കുന്നതിനിടെയാണ് നിക്ഷേപ സാധ്യതകള്‍ സംബന്ധിച്ച പഠനവുമായി ഹിന്ദുജ ഗ്രൂപ്പ് എത്തിയിരിക്കുന്നത്.
പഞ്ചാബ് നാഷണല്‍ ബാങ്ക് ഏറ്റെടുക്കലിനൊരുങ്ങുന്നു
പൊതുമേഖലാ ബാങ്കായ പഞ്ചാബ് നാഷണല്‍ ബാങ്ക് മൂന്നു ബാങ്കുകളുടെ നിയന്ത്രണം ഏറ്റെടുക്കാന്‍ നീക്കം തുടങ്ങിയതായി റിപ്പോര്‍ട്ട്. മൂന്നു മാസത്തിനുള്ളില്‍ നടപടിക്കു തുടക്കം കുറിക്കുമെന്നാണ് വിവരങ്ങള്‍. കടബാധ്യതയുള്ള ബാങ്കുകളുടെ ഏകീകരണത്തിന്റെ ഭാഗമായാണ് പുതിയ നീക്കം.
വിറ്റുവരവില്‍ റിലയന്‍സ് ഒന്നാമത്
വരുമാനത്തിന്റെ കാര്യത്തില്‍ ഇന്ത്യന്‍ ഓയ്ല്‍ കോര്‍പ്പറേഷനെ മറികടന്ന് റിലയന്‍സ് ഇന്‍ഡസ്ട്രീസ്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം റിലയന്‍സ് നേടിയത് 6.23 ലക്ഷം കോടി രൂപയുടെ വിറ്റുവരവ്. ഇക്കാലയളവില്‍ ഐഒസി നേടിയത് 6.17 കോടി രൂപയാണ്.
ഷോപ്പ്ക്ലൂസിനെ ഏറ്റെടുക്കാനൊരുങ്ങി സ്നാപ്പ് ഡീല്‍
ഇ കോമേഴ്സ് പ്ലാറ്റ്ഫോമായ സ്നാപ്പ് ഡീല്‍ തൊട്ടടുത്ത എതിരാളി ഷോപ്പ് ക്ലൂസിനെ ഏറ്റെടുക്കാനുള്ള നടപടിക്രമങ്ങള്‍ അവസാന ഘട്ടത്തിലേക്ക്. ഏറ്റെടുക്കല്‍ പ്രക്രിയയ്ക്കു വേണ്ടി ഫണ്ട് സമാഹരണത്തിനും സ്നാപ്പ് ഡീല്‍ തയ്യാറെടുക്കുകയാണ്. നിലവില്‍ തയ്യാറാക്കിയിരിക്കുന്ന പദ്ധതി അനുസരിച്ചാണ് ഏറ്റെടുക്കല്‍ നടക്കുന്നതെങ്കില്‍ ഷോപ്പ് ക്ലൂസിന്റെ 100 ഓഹരി കൈവശമുള്ളവര്‍ക്ക് സ്നാപ്പ്ഡീലിന്റെ പത്ത് ഓഹരികള്‍ ലഭിക്കും. ഏറ്റെടുക്കല്‍ സംബന്ധിച്ച അന്തിമ തീരുമാനം ഉടന്‍ ഉണ്ടായേക്കും.
Read DhanamOnline in English
Subscribe to Dhanam Magazine