എഞ്ചിനിയറിംഗിന് എവിടെ പഠിക്കണം? ഇന്ത്യയിലെ മികച്ച 10 സ്വകാര്യ കോളേജുകള്‍; എല്ലാം കേരളത്തിന് പുറത്ത്
എഞ്ചിനിയറിംഗ് പഠനത്തിന് ചേരാന്‍ ആഗ്രഹിക്കുന്നവരെ ഏറെ ചിന്തിപ്പിക്കുന്നതാണ്, ഏത് കോളേജില്‍ പഠിക്കണമെന്നത്. മികച്ച അടിസ്ഥാന സൗകര്യങ്ങള്‍, ഫാക്കല്‍ട്ടി, പ്രശസ്തി, പ്ലേസ്‌മെന്റ് സാധ്യതകള്‍ തുടങ്ങി ഒട്ടേറെ കാര്യങ്ങള്‍ കോളേജുകള്‍ തെരഞ്ഞെടുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. ഇന്ത്യയില്‍ ഉന്നത വിദ്യാഭ്യാസ മേഖലയിലെ കോളേജുകളുടെ നിലവാരത്തെ അടിസ്ഥാനമാക്കി നാഷണല്‍ ഇൻസ്റ്റിറ്റ്യൂഷണല്‍ റാങ്കിംഗ് ഫ്രേംവര്‍ക്ക് (NIRF)തയ്യാറാക്കിയ മികച്ച കോളേജുകളുടെ പട്ടികയില്‍ 10 സ്വകാര്യ കോളേജുകളാണുള്ളത്. ഇവയെല്ലാം കേരളത്തിന് പുറത്താണ്.
1. വി.ഐ.ടി യൂണിവേഴ്സിറ്റി, വെല്ലൂര്‍, തമിഴ്‌നാട് (റാങ്ക് 11):
2001 ല്‍ സ്ഥാപിച്ച വി.ഐ.ടി ഡീംഡ് യൂണിവേഴ്സിറ്റിയില്‍ വിവിധ മേഖലകളിലായി യു.ജി മുതല്‍ പി.എച്ച്.ഡി കോഴ്‌സുകള്‍ വരെയുണ്ട്. വേള്‍ഡ് യൂണിവേഴ്സിറ്റി റാങ്കിംഗില്‍ 791 മുതല്‍ 800 വരെയുള്ള റാങ്കിലാണ് ഉള്‍പ്പെടുന്നത്. മികച്ച വിദ്യാര്‍ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പോടെ പഠനത്തിന് സൗകര്യം.
2.എസ്.ആര്‍.എം. യൂണിവേഴ്‌സിറ്റി, ചെന്നൈ, തമിഴ്‌നാട് (റാങ്ക് 13):
40-ാം വയസിലേക്ക് കടക്കുന്ന ചെന്നൈ എസ്.ആര്‍.എം. യൂണിവേഴ്‌സിറ്റി മികച്ച ജോബ് പ്ലേസ്‌മെന്റിന്റെ പേരില്‍ അംഗീകരിക്കപ്പെട്ടതാണ്. എസ്.ആര്‍.എം കരിയര്‍ സെന്ററിലൂടെ വിദ്യാര്‍ഥികള്‍ക്ക് മികച്ച തൊഴിലവസരങ്ങള്‍ ലഭ്യമാക്കുന്നു. എച്ച്.സി.എല്‍, വിപ്രോ, ആക്‌സിസ് ബാങ്ക് തുടങ്ങിയ സ്ഥാപനങ്ങള്‍ വിദ്യാര്‍ഥികളെ റിക്രൂട്ട് ചെയ്ത് വരുന്നു. 52 ലക്ഷം രൂപ വരെ വാര്‍ഷിക ശമ്പളമുള്ള ജോലികള്‍ വിദ്യാര്‍ഥികള്‍ക്ക് ലഭിച്ചിട്ടുണ്ട്.
3.ബിറ്റ്‌സ് പിലാനി, രാജസ്ഥാന്‍ (റാങ്ക് 20):
രാജസ്ഥാന്‍ പിലാനിയിലെ ബിര്‍ല ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി ആന്റ് സയന്‍സസ് (BITS) 1964 ല്‍ സ്ഥാപിതമായതാണ്. വിവിധ മേഖലകളില്‍ യു.ജി മുതല്‍ പി.എച്ച്.ഡിവരെ പഠന സൗകര്യമുണ്ട്. ഐ.ബി.എം., സ്വിഗ്ഗി, നെസ്ലെ തുടങ്ങിയ കമ്പനികള്‍ ഇവിടെ റിക്രൂട്ട്‌മെന്റ് ഡ്രൈവുകള്‍ നടത്തുന്നു.
4.അമൃത വിശ്വപീഠം, കോയമ്പത്തൂര്‍, തമിഴ്‌നാട് (റാങ്ക് 23):
കോയമ്പത്തൂര്‍ ആസ്ഥാനമായ അമൃത വിശ്വപീഠം യൂണിവേഴ്‌സിറ്റിക്ക് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി ഏഴ് കാമ്പസുകള്‍. NAAC A++ ഗ്രേഡുള്ള കോളേജ്, അകാദമിക് മികവില്‍ മികച്ചതാണ്. ഉന്നത വിദ്യാഭ്യാസ രംഗത്ത് ഉയര്‍ന്ന സ്ഥാനമാണ് അമൃതക്കുള്ളത്.
5.ശിക്ഷ ഒ അനുസന്ധാന്‍, ഒഡീഷ (റാങ്ക് 29)
ഭുവനേശ്വര്‍ ആസ്ഥാനമായി 2007 ല്‍ ആരംഭിച്ച ശിക്ഷ ഒ അനുസന്ധാന്‍ (Siksha ‘O’ Anusandhan) ഡീംഡ് യൂണിവേഴ്‌സിറ്റി അതിന്റെ വിശാലമായ കാമ്പസിന്റെ പേരിലാണ് കൂടുതല്‍ ആകര്‍ഷിക്കപ്പെടുന്നത്. 452 ഏക്കറാണ് വിസ്തൃതി. NAAC A++, NBA അക്രഡിറ്റേഷനുകളുള്ള യൂണിവേഴ്‌സിറ്റി യു.ജി മുതല്‍ പോസ്റ്റ് ഡോക്ടറല്‍ കോഴ്‌സുകള്‍ വരെ നല്‍കുന്നു.
6.ഥാപ്പര്‍ യൂണിവേഴ്സിറ്റി, പഞ്ചാബ് (റാങ്ക് 29):
പാട്യാലയിലെ ഥാപ്പര്‍ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഞ്ചിനിയറിംഗ് ആന്റ് ടെക്‌നോളജി അകാദമികവും അകാദമികേതരവുമായ മികവിന് പ്രശസ്തമാണ്. 1956 ല്‍ സ്ഥാപിതം. NAAC A+ അംഗീകാരം. മികച്ച ലൈബ്രറി, സ്‌പോര്‍ട്‌സിന് പ്രാധാന്യം, മെഡിക്കല്‍ സൗകര്യങ്ങള്‍ എന്നിവ വേറിട്ടു നിര്‍ത്തുന്നു.
7.അമിറ്റി യൂണിവേഴ്സിറ്റി, നോയിഡ (റാങ്ക് 29):
2005 ല്‍ സ്ഥാപിതം. മറ്റു യൂണിവേഴ്‌സിറ്റികളെ പോലെ JEE Main, CUET, CAT തുടങ്ങിയ പ്രവേശന പരീക്ഷകളിലൂടെയാണ് അഡ്മിഷന്‍. ലോക യൂണിവേഴ്‌സിറ്റി റാങ്കിംഗില്‍ 1000 നും 1200 നും ഇടയിലാണ് സ്ഥാനം.
8.ചാണ്ഡിഗഡ് യൂണിവേഴ്‌സിറ്റി, പഞ്ചാബ് (റാങ്ക് 35):
ലോക യൂണിവേഴ്‌സിറ്റി റാങ്കിംഗില്‍ 700 നുള്ളില്‍ വരുന്ന ചാണ്ഡിഗഡ് യൂണിവേഴ്‌സിറ്റി 2012 ലാണ് ആരംഭിച്ചത്. മികച്ച വിദ്യാര്‍ഥികള്‍ക്ക് നിരവധി മെറിറ്റ്, സ്‌പോര്‍ട്‌സ് സ്‌കോളര്‍ഷിപ്പുകള്‍ ലഭിക്കും.
9.കെ.എല്‍ യൂണിവേഴ്‌സിറ്റി, ഗൂണ്ടൂര്‍ (റാങ്ക് 35):
ഡീംഡ് യൂണിവേഴ്‌സിറ്റിയായ ആന്ധ്ര പ്രദേശ് ഗൂണ്ടൂരിലെ കെ.എല്‍ യൂണിവേഴ്‌സിറ്റി (Koneru Lakshmaiah Education Foundation Universtiy) 2009 ലാണ് ആരംഭിച്ചത്. മികച്ച കമ്പനികള്‍ റിക്രൂട്ട്‌മെന്റ് ഡ്രൈവുകള്‍ നടത്തുന്നു. 27 ലക്ഷ രൂപവരെ വാര്‍ഷിക ശമ്പളമുള്ള പ്ലേസ്‌മെന്റുകള്‍ നടന്നിട്ടുണ്ട്.
10.കലാസലിംഗം അകാദമി ഓഫ് റിസര്‍ച്ച് ആന്റ് എജുക്കേഷന്‍ (റാങ്ക് 36):
തമിഴ്‌നാട്ടിലെ വിരുദനഗര്‍ ജില്ലയില്‍ മധുര-കൊല്ലം ദേശീയ പാതയിലെ കൃഷ്ണന്‍കോവിലില്‍ സ്ഥിതി ചെയ്യുന്ന Kalasalingam Academy of Research and Education 1984 ല്‍ ആരംഭിച്ച ഡീംഡ് യൂണിവേഴ്‌സിറ്റിയാണ്. എഞ്ചിനിയറിംഗ് ഉള്‍പ്പടെ വിവിധ മേഖലകളില്‍ ഉന്നത വിദ്യാഭ്യാസത്തിന് സൗകര്യം.
Read DhanamOnline in English
Subscribe to Dhanam Magazine

