

പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ താരിഫ് പ്രഖ്യാപനങ്ങൾ വിപണികളെ പിടിച്ചുകുലുക്കുന്നതിന് മുമ്പായി യു.എസിലെ ശതകോടീശ്വരന്മാര്‍ വിറ്റഴിച്ചത് കോടിക്കണക്കിന് ഡോളറിന്റെ ഓഹരികൾ. ജനുവരി മുതല്‍ ഏപ്രില്‍ വരെയുളള മാസങ്ങളിലാണ് വിൽപ്പനകള്‍ ഭൂരിഭാഗവും നടന്നത്. ട്രംപ് പ്രസിഡന്റായതിന് ശേഷം താരിഫുകളെക്കുറിച്ചുള്ള അനിശ്ചിതത്വം ആഗോള വിപണികളിൽ നിന്ന് സഹസ്ര കോടി ഡോളറാണ് വെട്ടിക്കുറച്ചത്.
മെറ്റാ പ്ലാറ്റ്‌ഫോംസ് ഇൻകോർപ്പറേറ്റഡിന്റെ മാർക്ക് സക്കർബർഗ്, ഒറാക്കിൾ കോർപ്പറേഷന്റെ സഫ്ര കാറ്റ്സ്, ജെപി മോർഗൻ ചേസ് ആൻഡ് കമ്പനിയുടെ ജാമി ഡിമോൺ തുടങ്ങിയവര്‍ ഇത്തരത്തില്‍ ഓഹരികള്‍ വിറ്റഴിച്ചവരില്‍ ഉള്‍പ്പെടുന്നു. ജനുവരി, ഫെബ്രുവരി മാസങ്ങളിലായി ഓഹരിക്ക് 600 ഡോളറിന് മുകളിലായി 11 ലക്ഷം ഓഹരികള്‍ വിറ്റഴിച്ച് 73.3 കോടി ഡോളറാണ് മാർക്ക് സക്കർബർഗ് നേടിയത്. ഇതിന് പിന്നാലെ ഓഹരി വിലയില്‍ 32 ശതമാനത്തിന്റെ ഇടിവാണ് രേഖപ്പെടുത്തിയത്.
മറ്റൊരു ടോപ് സെല്ലര്‍ ഒറാക്കിളിന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായ സഫ്ര കാറ്റ്സായിരുന്നു. ജനുവരിയിൽ സഫ്ര കാറ്റ്സ് 70.5 കോടി ഡോളർ വിലമതിക്കുന്ന 38 ലക്ഷം ഓഹരികളാണ് വിറ്റഴിച്ചത്. 30 ശതമാനത്തിലധികം ഇടിവാണ് തുടര്‍ന്ന് ഓഹരിക്കുണ്ടായത്. യുഎസിലെ ഏറ്റവും വലിയ ബാങ്കായ ജെപി മോർഗൻ ചേസ് ആന്‍ഡ് കമ്പനി സിഇഒ ജാമി ഡിമോൺ ഈ കാലയളവില്‍ ഏകദേശം 23.4 കോടി ഡോളറിന്റെ ഓഹരികൾ വിറ്റു. ട്രംപിന്റെ താരിഫ് 'ബോംബ്' ലോകസമ്പന്നര്‍ മുമ്പേ കണ്ടതു കൊണ്ടാണ് ഓഹരി വിറ്റഴിച്ചതെന്നും വിലയിരുത്തലുണ്ട്.
പാലോ ആൾട്ടോ നെറ്റ്‌വർക്ക്സ് ഇൻകോർപ്പറേറ്റഡിന്റെ ചെയർമാനും സിഇഒ യുമായ നികേഷ് അറോറ ഏപ്രില്‍ വരെ 56.5 കോടി ഡോളറിലധികം മൂല്യമുളള ഓഹരികളാണ് വിറ്റഴിച്ചത്. ന്യൂട്ടാനിക്സ് ഇൻകോർപ്പറേറ്റഡ് ഡയറക്ടര്‍ മാക്സ് ഡി ഗ്രോൺ 40.9 കോടി ഡോളര്‍ മൂല്യമുളള 5.5 ലക്ഷം ഓഹരികളാണ് വിറ്റഴിച്ചത്. ആക്സിസ് ക്യാപിറ്റൽ ഹോൾഡിംഗ്സ് ലിമിറ്റഡിന്റെ ഡയറക്ടർ ചക്ക് ഡേവിസ് 39.9 കോടി ഡോളര്‍ മൂല്യമുളള ഓഹരികളാണ് വിറ്റഴിച്ചത്. പാലന്തിർ ടെക്നോളജീസ് ഇൻകോർപ്പറേറ്റഡിന്റെ പ്രസിഡന്റ് സ്റ്റീഫൻ കോഹൻ 33.7 കോടി ഡോളറിന്റെ ഓഹരികളാണ് വിറ്റഴിച്ചത്.
Top U.S. billionaires sold billions in shares ahead of Trump’s tariff turmoil, impacting major tech stocks and personal fortunes.
Read DhanamOnline in English
Subscribe to Dhanam Magazine