

സ്വര്‍ണ വിലയിലെ കുതിപ്പ് ഗള്‍ഫ് വിപണിയിലും കിടമല്‍സരത്തിന് കളമൊരുക്കുന്നു. വിലകൂടുമ്പോള്‍ ഡിമാന്റ് കുറയുന്നത് കടകളില്‍ വില്‍പ്പന ഗണ്യമായി കുറച്ചിരിക്കുന്നു. ഇതോടെയാണ് വില്‍പ്പന കൂട്ടുന്നതിനുള്ള വ്യാപാര തന്ത്രങ്ങളുമായി ജുവലറികള്‍ മുന്നോട്ടു വരുന്നത്. സ്വര്‍ണ നിക്ഷേപ പദ്ധതികളിലൂടെ ചില വ്യാപാരികള്‍ ഉപയോക്താക്കളെ ആകര്‍ഷിക്കുമ്പോള്‍, ആഭരണങ്ങള്‍ക്കുള്ള പണിക്കൂലി പൂര്‍ണമായും ഒഴിവാക്കിയാണ് റീട്ടെയിലര്‍മാര്‍ രംഗത്തു വന്നിരിക്കുന്നത്. ദുബൈ ഗോള്‍ഡ് മാര്‍ക്കറ്റില്‍ ഇത് 'വ്യാപാര യുദ്ധ'ത്തിന് തന്നെ വഴി വെക്കുകയാണ്.
സ്വര്‍ണ വില ഏറ്റവും ഉയര്‍ന്ന നിരക്കിലാണുള്ളത്. ദുബൈയിലെ വില ഗ്രാമിന് 327 ദിര്‍ഹത്തിന് (7,750 രൂപ) അടുത്താണ്. ഫെബ്രുവരി 24 നാണ് ദുബൈ വിപണിയില്‍ ഏറ്റവും ഉയര്‍ന്ന വില (ഗ്രാമിന് 331.25 ദിര്‍ഹം) എത്തിയത്. ഇതിന് ശേഷം നേരിയ കുറവുകളുണ്ടെങ്കിലും ആഭരണ വില്‍പ്പന കൂടിയിട്ടില്ല. ഇത് വിപണിയില്‍ ആശങ്ക കൂട്ടിയിട്ടുണ്ട്. വില്‍പ്പന വരുമാനം കുറയുകയും ചെലവുകള്‍ കുറയാതെ തുടരുകയും ചെയ്യുന്നത് ജുവലറികളെ കടുത്ത സമ്മര്‍ദ്ദത്തിലാക്കുന്നു. ഇതോടെയാണ് ചില വ്യാപാരികള്‍ പണിക്കൂലി കുറക്കാന്‍ തുടങ്ങിയത്. രണ്ട് ശതമാനം വരെ കുറച്ചാണ് തുടങ്ങിയത്. ഇപ്പോള്‍ പൂര്‍ണമായും ഒഴിവാക്കിയാണ് വില്‍പ്പന കൂട്ടാന്‍ ശ്രമിക്കുന്നത്.
അതേസമയം, പണക്കൂലി ഇല്ലാതെ സ്വര്‍ണം വില്‍ക്കുന്നത് പ്രായോഗികമായ മാര്‍ഗമല്ലെന്നും ഇത് വിപണിയെ തകര്‍ക്കാന്‍ മാത്രമേ സഹായിക്കൂവെന്നും ജുവലറി ഗ്രൂപ്പ് ഉടമകള്‍ പറയുന്നു.''ഏതൊരു ആഭരണമുണ്ടാക്കുമ്പോഴും നിര്‍മാണ ചെലവ് വരുന്നുണ്ട് അതോടൊപ്പം സ്വര്‍ണത്തിന്റെ അളവിലും കുറവ് വരും. ഇത്തരം ചെലവുകള്‍ പരിഗണിക്കാതെ ബിസിനസ് നടത്താനാകില്ല.'' മലബാര്‍ ഗോള്‍ഡ് ആന്റ് ഡയമണ്ട്‌സ് വൈസ് ചെയര്‍മാനും ദുബൈ ഗോള്‍ഡ് ആന്റ് ജുവലറി ഗ്രൂപ്പ് ബോര്‍ഡ് മെമ്പറുമായ കെ.പി.അബ്ദുല്‍ സലാം പറയുന്നു. ഏതെങ്കിലും റീട്ടെയില്‍ ജുവലറികള്‍ ഇത്തരം ഓഫറുകള്‍ നല്‍കുന്നുണ്ടെങ്കില്‍ അവര്‍ പഴയ ഡിസൈനിലുള്ള ആഭരണങ്ങളായിരിക്കും വില്‍ക്കുന്നതെന്നും വ്യാപാരികള്‍ ചൂണ്ടിക്കാട്ടുന്നു. മികച്ച ഡിസൈനുകള്‍ നിര്‍മിക്കാന്‍ ഉയര്‍ന്ന കൂലി നല്‍കേണ്ടി വരുന്നുണ്ട്. പണികൂലിയില്‍ കുറവ് നല്‍കാന്‍ കഴിഞ്ഞേക്കാം. പക്ഷെ, പൂര്‍ണമായും ഒഴിവാക്കാന്‍ കഴിയില്ല. ''സ്വര്‍ണത്തിന്റെ വില മാത്രം ഈടാക്കി എത്രനാള്‍ ബിസിനസ് മുന്നോട്ടു കൊണ്ടുപോകാന്‍ കഴിയും''- ദുബൈയിലെ കന്‍സ് ജുവലറി ഡയറക്ടര്‍ അര്‍ജുന്‍ ധനക് ചോദിക്കുന്നു. വൈദഗ്ധ്യമുള്ള ആഭരണ നിര്‍മാതാക്കള്‍ക്ക് ഉയര്‍ന്ന നിരക്കുകള്‍ തന്ന നല്‍കേണ്ടി വരുന്നുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.
Read DhanamOnline in English
Subscribe to Dhanam Magazine