ടൂറിസം കേന്ദ്രങ്ങളില്‍ ഡ്രൈ ഡേയിലും മദ്യം വിളമ്പും, നിയന്ത്രണം മാറ്റിയാല്‍ സര്‍ക്കാരിന് കോടികള്‍ അധിക വരുമാനം

എല്ലാ മാസത്തിലെയും ഒന്നാം തീയതി ഡ്രൈ ഡേ നിയന്ത്രണങ്ങള്‍ തുടരാന്‍ സാധ്യത. എന്നാല്‍ കോണ്‍ഫറന്‍സുകളും വലിയ പരിപാടികളും ഉള്‍പ്പെടുന്ന മൈസ് ടൂറിസത്തിന്റെ ഭാഗമായി ഡ്രൈ ഡേയില്‍ ഇളവു നല്‍കും. ഇത്തരം പരിപാടികള്‍ ഒന്നാം തീയതി നടത്തിയാലും മദ്യം വിളമ്പാനുള്ള അനുമതി കിട്ടും. ഇതടക്കമുള്ള കാര്യങ്ങള്‍ അടങ്ങിയ മദ്യനയത്തില്‍ വൈകാതെ സി.പി.എം അന്തിമ തീരുമാനമെടുക്കും. നയം പരിശോധിച്ച് വീണ്ടും പാര്‍ട്ടിയ്ക്ക് മുന്നില്‍ വയ്ക്കാന്‍ മുന്‍ എക്‌സൈസ് വകുപ്പ് മന്ത്രി കൂടിയായ എല്‍.ഡി.എഫ് കണ്‍വീനര്‍ ടി.പി രാമകൃഷ്ണനെ സംസ്ഥാന സെക്രട്ടറിയേറ്റ് ചുമതലപ്പെടുത്തി. എല്‍.ഡി.എഫില്‍ കൂടി ചര്‍ച്ച ചെയ്ത ശേഷമാകും മദ്യനയത്തില്‍ അന്തിമ തീരുമാനത്തിലെത്തുക.

ഡ്രൈ ഡേ മാറ്റിയാല്‍ സര്‍ക്കാരിന് കോടികള്‍ അധിക വരുമാനം, എന്നിട്ടും...

ഒന്നാം തീയതിയിലെ ഡ്രൈ ഡേ ഒഴിവാക്കണമെന്ന് ബാറുടമകള്‍ ഏറെക്കാലമായി ആവശ്യപ്പെടുന്ന കാര്യങ്ങളിലൊന്നാണ്. ഡ്രൈ ഡേയില്‍ മദ്യം വിളമ്പാന്‍ അനുവദിക്കാത്തത് കോടികളുടെ നഷ്ടമുണ്ടാക്കുന്നുവെന്നാണ് ബാറുടമകളുടെ നിലപാട്. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ പ്രാഥമിക പഠനം നടത്തിയിരുന്നു. ഡ്രൈ ഡേ ഒഴിവാക്കിയാല്‍ സര്‍ക്കാരിന് നികുതിയിനത്തില്‍ കോടികളുടെ അധിക വരുമാനമുണ്ടാകുമെന്നായിരുന്നു ഉദ്യോഗസ്ഥര്‍ നല്‍കിയ റിപ്പോര്‍ട്ട്. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട വിവാദങ്ങളെത്തുടര്‍ന്ന് വിഷയത്തില്‍ മാറ്റം വേണ്ടെന്ന് സി.പി.എം നിലപാട് സ്വീകരിക്കുകയായിരുന്നു.

ടൂറിസം കേന്ദ്രങ്ങളിലെ മാറ്റം ഇങ്ങനെ

മീറ്റിംഗ്‌സ്, ഇന്‍സെന്റീവ്‌സ്, കോണ്‍ഫറന്‍സ്, എക്‌സിബിഷന്‍ എന്നതിന്റെ ചുരുക്കപ്പേരാണ് മൈസ് (MICE) ടൂറിസം . ബിസിനസ് ഇവന്റുകളെ ട്രാവല്‍ മേഖലയുമായി ബന്ധപ്പെടുത്തിയാണ് ഇത് സാധ്യമാക്കുന്നത്. നിരവധി പഞ്ചനക്ഷത്ര ആഢംബര ഹോട്ടലുകളുള്ള കേരളം മൈസ് ടൂറിസത്തിന്റെ പ്രധാന കേന്ദ്രമാക്കി രൂപപ്പെടുത്താനുള്ള ശ്രമത്തിലാണ് വിനോദസഞ്ചാര വകുപ്പ്. എന്നാല്‍ ഡ്രൈ ഡേയില്‍ സംഘടിപ്പിക്കുന്ന ഇത്തരം പരിപാടികള്‍ക്ക് മദ്യം വിളമ്പുന്നതില്‍ തടസം നേരിട്ടിരുന്നു. തുടര്‍ന്നാണ് ഇക്കാര്യത്തില്‍ മാറ്റം വരുത്താന്‍ സി.പി.എം തയ്യാറായതെന്നാണ് വിവരം. പുതിയ നയം അനുസരിച്ച് ഇത്തരം പരിപാടികള്‍ ഒന്നാം തീയതി നടത്തിയാലും മദ്യം വിളമ്പാം. ഇതിന് 15 ദിവസം മുന്‍പ് അപേക്ഷ നല്‍കണം. ഇതിന് പുറമെ ഐടി പാര്‍ക്കുകളില്‍ മദ്യശാലകള്‍ തുടങ്ങുന്നതിനുള്ള അനുമതിയും ലഭ്യമാക്കും. ബാര്‍ ലൈസന്‍സ് ഫീസ് വര്‍ധിപ്പിക്കില്ല. കള്ളുഷാപ്പുകള്‍ നവീകരിക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങളും പുതിയ നയത്തിലുണ്ട്.
Related Articles
Next Story
Videos
Share it