സര്‍ക്കാര്‍ സ്ഥാപനം ട്രാക്കോ കേബിളിന്റെ ഇരുമ്പനം യൂണിറ്റ് ഇന്‍ഫോപാര്‍ക്കിന് കൈമാറിയേക്കും

ഒരുകാലത്ത് ലാഭത്തില്‍ പ്രവര്‍ത്തിച്ചിരുന്ന സംസ്ഥാന പൊതുമേഖല സ്ഥാപനമായ ട്രാക്കോ കേബിള്‍സിന്റെ പ്രവര്‍ത്തനം അവതാളത്തില്‍. നഷ്ടത്തില്‍ നിന്ന് നഷ്ടത്തിലേക്ക് കുതിക്കുന്ന ട്രാക്കോയുടെ എറണാകുളം ഇരുമ്പനത്തെ യൂണിറ്റിരിക്കുന്ന സ്ഥലം ഇന്‍ഫോപാര്‍ക്കിന് കൈമാറാനാണ് നീക്കം.
കോവിഡ് കാലത്തടക്കം വലിയ വില്പന ഉണ്ടായിരുന്ന ട്രാക്കോ ഇപ്പോള്‍ ഗതകാല പ്രതാപം മാത്രമുള്ള കമ്പനിയായി മാറിയിരിക്കുന്നു. ആകെ കടം 245 കോടി രൂപയ്ക്ക് മുകളിലായി. ഇരുമ്പനം യൂണിറ്റിലെ ഉത്പാദനം ഏറെക്കുറെ നിലച്ചു. ഒരു വര്‍ഷത്തോളമായി ഇവിടെ തൊഴിലാളികള്‍ക്കു ശമ്പളം ലഭിക്കുന്നില്ല. നൂറോളം വരുന്ന ജീവനക്കാര്‍ പ്രതിസന്ധിയിലാണ്.

തിരുവല്ല യൂണിറ്റുമായി ലയിപ്പിച്ചേക്കും

ട്രാക്കോയുടെ ഇരുമ്പനം യൂണിറ്റിനെ തിരുവല്ല യൂണിറ്റുമായി ലയിപ്പിക്കാനുള്ള ശ്രമം നടക്കുന്നുണ്ട്. തൊഴിലാളി യൂണിയനുകളുമായി ഇതുസംബന്ധിച്ച് ചര്‍ച്ചകളും തുടരുകയാണ്. ഇതിനിടെയാണ് വ്യവസായ മന്ത്രി പി. രാജീവ് ട്രാക്കോയുടെ ഇരുമ്പനത്തെ സ്ഥലം ഇന്‍ഫോപാര്‍ക്കിന് നല്‍കാന്‍ പ്രശ്‌നങ്ങളില്ലെന്ന് വ്യക്തമാക്കിയത്. വിപണിയില്‍ വലിയ മല്‍സരം നേരിടുന്ന ട്രാക്കോയ്ക്ക് ഇനി ഇരുമ്പനം യൂണിറ്റ് പഴയപടി ആക്കിയെടുക്കുക അത്ര എളുപ്പമല്ല.
ഇന്‍ഫോപാര്‍ക്കിലേക്ക് കൂടുതല്‍ കമ്പനികളുടെ അന്വേഷണം എത്തുന്നുണ്ട്. കൂടുതല്‍ ഐ.ടി ക്യാംപസ് നിര്‍മിക്കാന്‍ സ്ഥപരിമിതി നിലനില്‍ക്കുന്നുണ്ട്. ഈ അവസ്ഥയില്‍ ഇരുമ്പനത്തെ 38 ഏക്കറോളം വരുന്ന സ്ഥലം ലഭിച്ചാല്‍ ഇന്‍ഫോപാര്‍ക്ക് വികസനം കൂടുതല്‍ വേഗത്തിലാക്കാമെന്നാണ് സര്‍ക്കാര്‍ പ്രതീക്ഷ.
ട്രാക്കോ കേബിളിന് കണ്ണൂര്‍ പിണറായി, തിരുവല്ല ചുമത്തറ എന്നിവിടങ്ങളിലും നിര്‍മാണ യൂണിറ്റുകളുണ്ട്. കോവിഡ് കാലത്തടക്കം മികച്ച വില്പന നേടാന്‍ കമ്പനിക്ക് സാധിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം ബംഗാള്‍ ആസ്ഥാനമായ പ്രഗതി വയേഴ്‌സ് എന്ന കമ്പനി ട്രാക്കോ കേബിളിനെതിരേ ദേശീയ കമ്പനി നിയമ ട്രിബ്യൂണലിനെ സമീപിച്ചിരുന്നു. അസംസ്‌കൃത വസ്തുക്കള്‍ വാങ്ങിയതില്‍ കുടിശിക വരുത്തിയതിനായിരുന്നു പാപ്പരത്ത നടപടി.
Related Articles
Next Story
Videos
Share it