

പുതിയ തൊഴില്‍ നിയമങ്ങള്‍ക്കെതിരേ വിവിധ ട്രേഡ് യൂണിയനുകള്‍ നടത്തുന്ന അഖിലേന്ത്യ പണിമുടക്ക് കേരളത്തില്‍ ഏറെക്കുറെ പൂര്‍ണം. കൊച്ചിയും തിരുവനന്തപുരവും ഉള്‍പ്പെടെ പ്രധാന നഗരങ്ങളില്‍ അടക്കം ജനജീവിതത്തെ സ്തംഭിപ്പിക്കാന്‍ പണിമുടക്കിനായി. കേരളത്തിന് പുറത്ത് മറ്റ് സംസ്ഥാനങ്ങളില്‍ കാര്യമായ ചലനം സൃഷ്ടിക്കാന്‍ പണിമുടക്കിന് സാധിച്ചില്ല.
ബുധനാഴ്ച അര്‍ധരാത്രി ആരംഭിച്ച 24 മണിക്കൂര്‍ പണിമുടക്ക് വ്യാഴാഴ്ച അര്‍ധരാത്രി വരെ നീളും. കേരളത്തില്‍ ഭരണ-പ്രതിപക്ഷ അനുകൂല സംഘടനകള്‍ പണിമുടക്കിന് പിന്തുണ നല്‍കുന്നുണ്ട്. കേന്ദ്രസംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരും ബാങ്ക്, ഇന്‍ഷുറന്‍സ്, കല്‍ക്കരി, വൈദ്യുതി, പ്രതിരോധ മേഖലയിലെ ജീവനക്കാരും ഉള്‍പ്പെടെ കോടിക്കണക്കിന് തൊഴിലാളികളാണ് പണിമുടക്കിന്റെ ഭാഗമാകുന്നത്.
വിവിധ സ്ഥലങ്ങളില്‍ പണിമുടക്ക് അനുകൂലികള്‍ ജോലിക്കെത്തിയവരെ തടഞ്ഞത് ഒഴിച്ചാല്‍ വലിയ സംഘര്‍ഷങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഹോട്ടലുകളും വ്യാപാര സ്ഥാപനങ്ങളും അടഞ്ഞു കിടക്കുന്നത് യാത്രക്കാരെ ബുദ്ധിമുട്ടിലാക്കി. കൊച്ചി മെട്രോയും വാട്ടര്‍ മെട്രോയും സര്‍വീസ് നടത്തുന്നുണ്ട്.
തൊഴില്‍ കോഡുകള്‍ പിന്‍വലിക്കുക, തൊഴിലുറപ്പ് പദ്ധതി പുനഃസ്ഥാപിക്കുക, വൈദ്യുതി, വിത്ത് ഭേദഗതി ബില്ലുകള്‍ പിന്‍വലിക്കുക എന്നീ ആവശ്യങ്ങളുയര്‍ത്തിയും ഇന്‍ഷുറന്‍സ് മേഖലയില്‍ 100 ശതമാനം എഫ്ഡിഐ, ആണവോര്‍ജ മേഖലയുടെ സ്വകാര്യവല്‍ക്കരണം എന്നിവയ്‌ക്കെതിരെയുമാണ് പണിമുടക്ക്.
പണിമുടക്കിന് സര്‍ക്കാര്‍ ഡയസ് നോണ്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ജോലിക്ക് ഹാജരാകാത്തവര്‍ക്ക് ഇന്നത്തെ ശമ്പളം ലഭിക്കില്ല. പണിമുടക്ക് ടൂറിസം ഉള്‍പ്പെടെയുള്ള മേഖലകളെ സാരമായി ബാധിച്ചു. മൂന്നാര്‍ ഉള്‍പ്പെടെയുള്ള വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ തിരക്ക് തീരെ കുറവാണ്.
Read DhanamOnline in English
Subscribe to Dhanam Magazine