നവംബര്‍ 26 ന് ദേശീയ പണിമുടക്ക്
വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് രാജ്യത്തെ തൊഴിലാളി സംഘടനകള്‍ നവംബര്‍ 26 ന് ദേശീയ പണിമുടക്ക് നടത്തും. കേന്ദ്ര സര്‍ക്കാരിന്റെ വിവിധ നടപടികളില്‍ പ്രതിഷേധിച്ചുള്ള പണിമുടക്ക് പ്രതിപക്ഷ തൊഴിലാളി സംഘടനകളുടെ കൂട്ടായ്മയായ സെന്‍ട്രല്‍ ട്രേഡ് യൂണിയനാണ് ആഹ്വാനം നല്‍കിയിരിക്കുന്നത്. പൊതുമേഖലാ ബാങ്ക് ജീവനക്കാരും മോട്ടോര്‍ തൊഴിലാളികളുമടക്കമുള്ളവര്‍ പണിമുടക്കില്‍ പങ്കെടുക്കുമെന്നാണ് സൂചന.
ആദായ നികുതി ബാധകമല്ലാത്ത കുടുംബങ്ങള്‍ക്ക് പ്രതിമാസം 7500 രൂപ നല്‍കുക, ഓരോ മാസവും 10 കിലോ സൗജന്യ റേഷന്‍ അനുവദിക്കുക, മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി വികസിപ്പിക്കുക, തൊഴില്‍ ഭേദഗതി, കാര്‍ഷിക ഭേദഗതി ബില്ലുകള്‍ പിന്‍വലിക്കുക, സ്വകാര്യവത്കരണം നിര്‍ത്തിവെക്കുക, യൂണിവേഴ്‌സല്‍ പെന്‍ഷന്‍ കവറേജ് ലഭ്യമാക്കുക, നിര്‍ബന്ധിത വിരമിക്കല്‍ സംബന്ധിച്ച സര്‍ക്കുലര്‍ പിന്‍വലിക്കുക തുടങ്ങി ഏഴ് ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പണിമുടക്ക്.