പെറ്റി കിട്ടിയാല്‍ 45 ദിവസത്തിനുള്ളില്‍ അടക്കണം! ഇല്ലെങ്കില്‍ കാത്തിരിക്കുന്നത് വമ്പന്‍ കുരുക്ക്, ചട്ടങ്ങളില്‍ മാറ്റം വരുത്താന്‍ കേന്ദ്രം

ഗതാഗത നിയമലംഘനങ്ങള്‍ക്കുള്ള പിഴശിക്ഷ 70 ശതമാനം പേരും അടക്കാറില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്
ongoing traffic ai camera
traffic cameraImage : Canva
Published on

റോഡ് നിയമ ലംഘനത്തിനുള്ള പിഴശിക്ഷ 45 ദിവസത്തിനുള്ളില്‍ അടക്കണമെന്ന കരട് ഭേദഗതിയുമായി കേന്ദ്രസര്‍ക്കാര്‍. നിലവില്‍ 90 ദിവസത്തിനുള്ളില്‍ പിഴ അടച്ചാല്‍ മതിയാകും. തെറ്റായ പിഴയാണ് ലഭിച്ചതെങ്കില്‍ ആക്ഷേപത്തിനുള്ള രേഖകളും ഈ സമയത്തിനുള്ളില്‍ ഹാജരാക്കണം. പിഴ അടക്കുന്നത് വരെ ബന്ധപ്പെട്ടയാളുടെ ലൈസന്‍സ്, വാഹന രജിസ്‌ട്രേഷന്‍ തുടങ്ങിയ സേവനങ്ങള്‍ തടഞ്ഞുവെക്കുമെന്നും കേന്ദ്രഗതാഗത മന്ത്രാലയം പുറത്തിറക്കിയ കരട് ചട്ടങ്ങളില്‍ പറയുന്നു. കൃത്യ സമയത്ത് പിഴ അടക്കാത്ത വാഹനങ്ങളെയും വ്യക്തികളെയും വാഹന്‍, സാരഥി പോര്‍ട്ടലുകളില്‍ പ്രത്യേകം രേഖപ്പെടുത്താനും വ്യവസ്ഥയുണ്ട്.

ഗതാഗത നിയമലംഘനങ്ങള്‍ക്കുള്ള പിഴശിക്ഷ 70 ശതമാനം പേരും അടക്കാറില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഇത്തരക്കാരെ കണ്ടെത്താനും പിഴത്തുക തിരിച്ചുപിടിക്കാനുമാണ് സര്‍ക്കാര്‍ നീക്കം. അതേസമയം, ഇത്തരം കര്‍ശന നിയമങ്ങള്‍ നടപ്പിലാക്കുന്നതിന് മുമ്പ് പിഴശിക്ഷയില്‍ ആക്ഷേപം രേഖപ്പെടുത്താനുള്ള സംവിധാനം ഏര്‍പ്പെടുത്തണമെന്ന് ഈ രംഗത്തെ വിദഗ്ധര്‍ ആവശ്യപ്പെടുന്നു. കുടിശിക തീര്‍ത്താല്‍ പെന്‍ഡിംഗ് പേമെന്റ് പട്ടികയില്‍ നിന്ന് ബന്ധപ്പെട്ടയാളുടെ പേര് ഒഴിവാക്കാനും സംവിധാനം വേണം. ഇക്കാര്യത്തില്‍ വീഴ്ച്ച വരുത്തിയാല്‍ അധികൃതര്‍ക്ക് പിഴ ഈടാക്കാനുള്ള ക്രമീകരണങ്ങളും ആവശ്യമാണെന്നും വിദഗ്ധര്‍ പറയുന്നു.

ആര്‍ക്കൊക്കെ പിഴയീടാക്കാം?

യൂണിഫോമിലുള്ള പൊലീസ് ഉദ്യോഗസ്ഥര്‍ക്കോ സംസ്ഥാന സര്‍ക്കാര്‍ ചുമതലപ്പെടുത്തിയ ഉദ്യോഗസ്ഥര്‍ക്കോ ആണ് ഗതാഗത നിയമലംഘനങ്ങള്‍ക്ക് പിഴ ഈടാക്കാന്‍ അധികാരമുള്ളത്. ഇത്തരം ചെല്ലാനുകള്‍ നേരിട്ടാണെങ്കില്‍ 15 ദിവസത്തിനുള്ളിലും ഇലക്ട്രോണിക് രൂപത്തിലാണെങ്കില്‍ 3 ദിവസത്തിനുള്ളിലും കുറ്റക്കാരന് കൈമാറണം. ചുമത്തപ്പെട്ട ലംഘനങ്ങളില്‍ ആക്ഷേപമുണ്ടെങ്കില്‍ ഇക്കാര്യം 45 ദിവസത്തിനുള്ളില്‍ ബന്ധപ്പെട്ട അധികാരികള്‍ക്ക് സമര്‍പ്പിക്കണം. ഇല്ലെങ്കില്‍ കുറ്റം സമ്മതിച്ചതായി കണക്കാക്കും. ഇനി ആക്ഷേപം സമര്‍പ്പിച്ച ശേഷം 30 ദിവസത്തിനുള്ളില്‍ അധികൃതര്‍ക്ക് പരിഹാരം കാണാന്‍ കഴിഞ്ഞില്ലെങ്കില്‍ പിഴശിക്ഷയില്‍ നിന്ന് ഒഴിവാക്കാനുള്ള വ്യവസ്ഥകളും പുതിയ നിര്‍ദ്ദേശങ്ങളിലുണ്ട്.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com