ട്രെയിനിൽ സാധനങ്ങൾ നഷ്ടപ്പെട്ടാൽ നഷ്ടപരിഹാരം നൽകണം; ബുക്ക് ചെയ്യാത്ത ലഗേജുകളുടെ ഉത്തരവാദിത്തമില്ലെന്ന വാദം തള്ളി ഉപഭോക്തൃ കോടതി

റിസർവ്ഡ് കോച്ചുകളിൽ യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കേണ്ടത് റെയിൽവേയുടെ ബാധ്യതയാണെന്ന് ഉറപ്പാക്കുന്ന വിധി
Indian train arriving at railway station. Indian railways
Pic credit: VJ/Dhanam VJ/Dhanam
Published on

ട്രെയിൻ യാത്രയ്ക്കിടയിൽ റിസർവ്ഡ് കോച്ചുകളിൽ നിന്ന് വിലപിടിപ്പുള്ള വസ്തുക്കൾ മോഷണം പോയാൽ റെയിൽവേയിൽ നിന്ന് നഷ്ടപരിഹാരം ലഭിക്കുമോ എന്ന കാര്യത്തിൽ വ്യക്തത വരുത്തുന്ന സുപ്രധാന വിധിയുമായി ഉപഭോക്തൃ കമ്മീഷൻ. സേവനത്തിലെ അപര്യാപ്തതയും ജീവനക്കാരുടെ അശ്രദ്ധയും ചൂണ്ടിക്കാട്ടി നോർത്തേൺ റെയിൽവേ യാത്രക്കാരന് നഷ്ടപരിഹാരം നൽകണമെന്നാണ് പഞ്ചാബിലെ പത്താൻകോട്ട് കോടതി ഉത്തരവിട്ടത്.

കേസിനാസ്പദമായ സംഭവം

2021 ഡിസംബറിൽ രാജധാനി എക്സ്പ്രസ്സിലെ 3AC കോച്ചിൽ യാത്ര ചെയ്തിരുന്ന ഒരു കുടുംബത്തിന്റെ ഹാൻഡ്‌ബാഗ് പണ്ഡിറ്റ് ദീൻ ദയാൽ ഉപാധ്യായ സ്റ്റേഷനിൽ വച്ച് മോഷണം പോയതാണ് കേസിന് ആധാരം. 5,000 രൂപയും, 15 ഗ്രാം തൂക്കം വരുന്ന സ്വർണമാലയും, എസ്ബിഐ പാസ്ബുക്കുമാണ് ബാഗിലുണ്ടായിരുന്നത്. മോഷണം ശ്രദ്ധയിൽപ്പെട്ട ഉടൻ യാത്രക്കാർ ആർപിഎഫ് എസ്‌കോർട്ടിനെയും ടിടിഇയെയും വിവരമറിയിച്ചെങ്കിലും വസ്തുക്കൾ കണ്ടെത്താനായില്ല.

റെയിൽവേയുടെ വാദവും കോടതിയുടെ നിരീക്ഷണവും

ബുക്ക് ചെയ്യാത്ത ലഗേജുകളുടെ ഉത്തരവാദിത്തം റെയിൽവേയ്ക്കില്ല എന്ന സുപ്രീം കോടതി ഉത്തരവ് ചൂണ്ടിക്കാട്ടിയാണ് റെയിൽവേ ഈ പരാതിയെ എതിർത്തത്. എന്നാൽ, റിസർവ്ഡ് കോച്ചിലെ സുരക്ഷാ വീഴ്ചയാണ് ഇവിടെ പ്രധാനമെന്ന് കമ്മീഷൻ നിരീക്ഷിച്ചു. മോഷണം നടന്ന സമയത്ത് കോച്ച് അറ്റൻഡന്റ് സ്ഥലത്തില്ലായിരുന്നു എന്ന യാത്രക്കാരന്റെ വാദത്തെ എതിർക്കാൻ ഡ്യൂട്ടി റോസ്റ്റർ അടക്കമുള്ള രേഖകൾ ഹാജരാക്കാൻ റെയിൽവേയ്ക്ക് സാധിച്ചില്ല. ഇത് ജീവനക്കാരുടെ ഭാഗത്തുനിന്നുള്ള കടുത്ത വീഴ്ചയായി കോടതി കണക്കാക്കി.

നഷ്ടപരിഹാരം: സേവനത്തിലെ വീഴ്ചയ്ക്ക് 70,000 രൂപയും മാനസിക വിഷമത്തിന് 10,000 രൂപയും ഉൾപ്പെടെ 80,000 രൂപ നഷ്ടപരിഹാരമായി നൽകാൻ കോടതി ഉത്തരവിട്ടു. പരാതി നൽകിയ തീയതി മുതൽ 6 ശതമാനം വാർഷിക പലിശ സഹിതം ഈ തുക നൽകണം. ഒരു മാസത്തിനുള്ളിൽ തുക നൽകിയില്ലെങ്കിൽ പലിശ നിരക്ക് 12 ശതമാനമായി വർദ്ധിക്കുമെന്നും വിധിയിലുണ്ട്. റിസർവ്ഡ് കോച്ചുകളിൽ യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കേണ്ടത് റെയിൽവേയുടെ ബാധ്യതയാണെന്ന് ഉറപ്പിക്കുന്നതാണ് ഈ വിധി.

Read DhanamOnline in English

Subscribe to Dhanam Magazine

```html ```
logo
DhanamOnline
dhanamonline.com