'ആലപ്പുഴക്കാരുടെ' മൂന്ന് ട്രെയിന്‍ തിരുവനന്തപുരത്തേക്ക്; പുതിയ വന്ദേഭാരതും ഈ റൂട്ടിലേക്ക്

ആലപ്പുഴ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് സര്‍വീസ് നടത്തുന്ന മൂന്ന് ട്രെയിനുകള്‍ വൈകാതെ തിരുവനന്തപുരത്തേക്കോ കൊച്ചുവേളിയിലേക്കോ നീട്ടും. ഇത് സംബന്ധിച്ച പ്രൊപ്പോസല്‍ ദക്ഷിണ റെയില്‍വേയുടെ പരിഗണനയിലാണ്. അന്തിമതീരുമാനം വൈകിയേക്കില്ല.

ആലപ്പുഴ-ചെന്നൈ സൂപ്പര്‍ഫാസ്റ്റ് (22639/22640), ആലപ്പുഴ-കണ്ണൂര്‍ എക്‌സിക്യുട്ടീവ് എക്‌സ്പ്രസ് (16307/16308), ആലപ്പുഴ-ധന്‍ബാദ് എക്‌സ്പ്രസ് (13351/13352) എന്നീ ട്രെയിനുകളാണ് തിരുവനന്തപുരത്തേക്ക് നീട്ടുന്നത്. ഇതില്‍ ആലപ്പുഴ-ധന്‍ബാദ് എക്‌സ്പ്രസ് കൊച്ചുവേളിയിലേക്ക് നീട്ടാനാണ് സാദ്ധ്യത. പ്രൊപ്പോസല്‍ അംഗീകരിച്ചാല്‍ അലപ്പുഴയില്‍ നിന്ന് പുറപ്പെടുന്നതും ആലപ്പുഴയില്‍ സര്‍വീസ് അവസാനിപ്പിക്കുന്നതുമായ എക്‌സ്പ്രസ്/സൂപ്പര്‍ഫാസ്റ്റ് ട്രെയിനുകള്‍ ഇല്ലാതാകും. നിലവില്‍ എക്‌സ്പ്രസ് സ്‌പെഷ്യലായി ഓടുന്ന പാസഞ്ചര്‍ ട്രെയിനുകള്‍ മാത്രമാകും പിന്നീട് ആലപ്പുഴക്കാര്‍ക്ക് സ്വന്തമായുണ്ടാവുക.
യാത്രക്കാരുടെയും താത്പര്യം
നിലവില്‍ ഉച്ചയ്ക്ക് രണ്ടരയോടെ ആലപ്പുഴയിലെത്തുന്ന നേത്രാവതി എക്‌സ്പ്രസ് കഴിഞ്ഞാല്‍ തിരുവനന്തപുരത്തേക്ക് അടുത്ത ട്രെയിന്‍ ഈ വഴിയുള്ളത് വൈകിട്ട് അഞ്ചോടെ എത്തുന്ന ഏറനാട് എക്‌സ്പ്രസാണ്. രാത്രി എട്ടിന് ആലപ്പുഴയില്‍ എത്തുന്ന എറണാകുളം കൊല്ലം-മെമു കഴിഞ്ഞാല്‍ ഈ റൂട്ടിലെ അടുത്ത ട്രെയിന്‍ പുലര്‍ച്ചെ രണ്ടിനുള്ള ഗുരുവായൂര്‍-ചെന്നൈ എഗ്മൂര്‍ എക്‌സ്പ്രസാണ്.
ഇത്തരത്തില്‍ ആലപ്പുഴ വഴി തിരുവനന്തപുരത്തേക്കും തിരിച്ചും ട്രെയിനുകള്‍ തമ്മില്‍ ദീര്‍ഘമായ ഇടവേളയുണ്ട്. ആലപ്പുഴയില്‍ അവസാനിക്കുന്ന ട്രെയിനുകള്‍ തിരുവനന്തപുരത്തേക്ക് നീട്ടിയാല്‍ യാത്രക്കാര്‍ നേരിടുന്ന ഈ ദുരിതം ഒഴിവാക്കാനാകുമെന്ന് പാസഞ്ചേഴ്‌സ് അസോസിയേഷനുകളും ചൂണ്ടിക്കാട്ടുന്നു.

അതേസമയം, നിലവില്‍ എറണാകുളത്ത് സര്‍വീസ് അവസാനിപ്പിക്കുന്ന ടാറ്റാനഗര്‍-എറണാകുളം (18189), കണ്ണൂര്‍-എറണാകുളം ഇന്റര്‍സിറ്റി അടക്കമുള്ള ചില ട്രെയിനുകള്‍ ആലപ്പുഴയിലേക്ക് നീട്ടുന്നതും പരിഗണിക്കുന്നുണ്ടെന്നാണ് സൂചനകള്‍. ഈ ട്രെയിനുകള്‍ ആലപ്പുഴയ്ക്ക് നീട്ടാന്‍ തീരുമാനിച്ചാല്‍ പിറ്റ്‌ലൈനും പിറ്റ്‌ലൈന്‍ ജീവനക്കാരെയും ആലപ്പുഴയില്‍ തന്നെ നിലനിറുത്തും.
ഡിപ്പോ പൂട്ടും, ജീവനക്കാരെ സ്ഥലംമാറ്റും
നിലവില്‍ ആലപ്പുഴ-ചെന്നൈ സൂപ്പര്‍ഫാസ്റ്റ് ട്രെയിനിന്റെ അറ്റകുറ്റപ്പണികള്‍ (മെയിന്റനന്‍സ്) നടക്കുന്നത് ചെന്നൈയിലാണ്. ആലപ്പുഴ-കണ്ണൂര്‍, ആലപ്പുഴ-ധന്‍ബാദ് ട്രെയിനുകളുടെ അറ്റകുറ്റപ്പണിയാണ് ആലപ്പുഴ ഡിപ്പോയില്‍ നടക്കുന്നത്. ഈ ഡിപ്പോ നിലനിറുത്തേണ്ടെന്ന പ്രൊപ്പോസല്‍ മെക്കാനിക്കല്‍ വിഭാഗം നല്‍കിയിട്ടുണ്ടെന്ന് അറിയുന്നു. ഇത് അംഗീകരിച്ചാല്‍ ആലപ്പുഴയിലെ മെയിന്റനന്‍സ് ഡിപ്പോ നിറുത്തലാക്കും. ഇവിടുത്തെ പിറ്റ്‌ലൈന്‍ ജീവനക്കാരെ കൊച്ചുവേളി, എറണാകുളം എന്നിവിടങ്ങളിലേക്ക് മാറ്റുകയും ചെയ്യുമെന്നാണ് റെയില്‍വേ ജീവനക്കാരുടെ സംഘടനകള്‍ നല്‍കുന്ന സൂചന.
വന്ദേഭാരത് ആലപ്പുഴ വഴി
കേരളത്തിന് അനുവദിച്ച രണ്ടാം വന്ദേഭാരത് ട്രെയിന്‍ ആലപ്പുഴ വഴി ഓടിയേക്കും. തിരുവനന്തപുരം-മംഗലാപുരം സ്റ്റേഷനുകളെ ബന്ധിപ്പിച്ചാകും സര്‍വീസ്. നിലവിലുള്ള വന്ദേഭാരത് കോട്ടയം വഴിയാണ് തിരുവനന്തപുരം-കാസര്‍ഗോഡ് സ്‌റ്റേഷനുകളെ ബന്ധിപ്പിച്ച് സര്‍വീസ് നടത്തുന്നത്.
രണ്ടാം വന്ദേഭാരതിന് കോട്ടയം പാതയില്‍ സര്‍വീസ് നടത്താനുള്ള സമയക്രമം നിലവിലെ സാഹചര്യത്തില്‍ അനുവദിക്കാനാവില്ലെന്നാണ് വിലയിരുത്തല്‍. നിലവില്‍ കോട്ടയം പാതയില്‍ ട്രെയിനുകളുടെ ആധിക്യമുണ്ട്. ഈ സാഹചര്യത്തിലാണ് ആലപ്പുഴയ്ക്ക് രണ്ടാം വന്ദേഭാരതിനുള്ള നറുക്ക് വീഴാനുള്ള സാദ്ധ്യതയേറുന്നത്. ട്രെയിനിന് ആലപ്പുഴ റെയില്‍വേ സ്റ്റേഷനില്‍ മാത്രമായിരിക്കും ജില്ലയില്‍ സ്റ്റോപ്പ്.
Anilkumar Sharma
Anilkumar Sharma  

Assistant Editor

Related Articles
Next Story
Videos
Share it