ട്രോളിംഗ് നിരോധനം കഴിഞ്ഞ് യാനങ്ങള്‍ പുറം കടലിലേക്ക്
സംസ്ഥാനത്ത് ട്രോളിംഗ് നിരോധനം നീങ്ങി,52 ദിവസങ്ങള്‍ക്ക് ശേഷം ഇന്ന് വെളുപ്പിന് തന്നെ മത്സ്യബന്ധന യാനങ്ങള്‍ കടലില്‍ ഇറങ്ങി. ഭൂരിഭാഗം പേരും പുതിയ വലകള്‍ വാങ്ങുകയും, ബോട്ടുകളുടെ അറ്റകുറ്റപ്പണികള്‍ നടത്തുകയും ചെയ്തിട്ടുണ്ട്. ലൈസന്‍സ് ഇല്ലാതെ കടലിലേക്ക് ഇറങ്ങുന്ന ബോട്ടുകള്‍ പിടിച്ചെടുക്കുമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. കൂടാതെ, ലൈഫ് ജാക്കറ്റ് ഉപയോഗിക്കാത്തവര്‍ക്കെതിരെയും നടപടികള്‍ കര്‍ശനമാക്കും.
മഴ കുറഞ്ഞത് ട്രോളിംഗ് നിരോധനത്തിന് ശേഷമുള്ള മത്സ്യലഭ്യതയില്‍ പ്രതിഫലിക്കുമെന്ന ആശങ്കയ്ക്ക് പുറമെ ഇടനിലക്കാരുടെ കമ്മീഷനും ഉയര്‍ന്ന മണ്ണെണ്ണ വിലയും മേഖലയ്ക്ക് തിരിച്ചടിയാകുമെന്ന ഭയം മത്സ്യത്തൊഴിലാളികള്‍ക്കുണ്ട്. ഒപ്പം ഇതുവരെ തീരുമാനമാകാത്ത നിരവധി ആവശ്യങ്ങളും ആശങ്കകളുമാണ് തൊഴിലാളിസംഘടനകള്‍ക്കുള്ളത്.
മത്സ്യ ബന്ധന മേഖലയ്ക്ക് പറയാനുള്ളത്...
മത്സ്യ ബന്ധന മേഖലയില്‍ ഗുണനിലവാര നിയന്ത്രണ ബില്‍ കൊണ്ടു വന്നിട്ടുണ്ടെങ്കിലും ഇടനിലക്കാരുടെ കമ്മീഷന്‍ മത്സ്യ ബന്ധനം നടത്തുന്നവരുടെ ലാഭമില്ലാതാക്കുന്നതാണെന്ന് കേരള മത്സ്യതൊഴിലാളി ഐക്യവേദി പ്രസിഡന്റും ആഴക്കടല്‍ മത്യത്തൊഴിലാളി സംഘടന പ്രസിഡന്റുമായ ചാള്‍സ് ജോര്‍ജ് പറയുന്നു. തൊഴിലാളികള്‍ക്ക് ട്രെളിംഗ് നിരോധന സമയത്ത് സൗജന്യ റേഷന്‍ ലഭിച്ചിരുന്നെങ്കിലും സാമ്പത്തിക ആനുകൂല്യ പദ്ധതിക്ക് കീഴില്‍ 4500 രൂപ നല്‍കുമെന്ന അറിയിപ്പ് പൂര്‍ണമായും പ്രാവര്‍ത്തികമാക്കാന്‍ കഴിഞ്ഞിട്ടില്ലെന്ന് അദ്ദേഹം ആരോപിച്ചു.
മത്സ്യ ബന്ധന മേഖലയുടെ ആവശ്യങ്ങൾ ഇവയാണ്:-
ഉപരിതല മത്സ്യബന്ധനവും ആഴക്കടല്‍ മത്സ്യ ബന്ധനവും രണ്ടായതിനാല്‍ ട്രോളിംഗ് നിരോധനവും വ്യത്യസ്ത കാലയളവിലാക്കണം.
മണ്ണെണ്ണ വില നിയന്ത്രിക്കാനോ സബ്‌സിഡി നിരക്ക് ഏര്‍പ്പെടുത്താനോ കേന്ദ്ര, സംസ്ഥാന തലങ്ങളില്‍ നിന്നും നീക്കമുണ്ടാകണം.
പഴയ ബോട്ടുകളുടെ ലൈസന്‍സുകള്‍ ചിലര്‍ക്ക് മാത്രമായി പുതുക്കി പുതിയ മത്സ്യബന്ധന യാനങ്ങള്‍ കടലിലിറക്കുന്ന പ്രവണത തടയണം.
യാനങ്ങള്‍ നിര്‍മിക്കുന്നതില്‍ സര്‍ക്കാര്‍ ഇടപെടല്‍ വേണ്ട വിധത്തില്‍ എത്തണം.
ആഴക്കടല്‍ മത്സ്യ ബന്ധന മേഖലയിലേക്ക് അന്യരാജ്യങ്ങളിലെ കപ്പലുകള്‍ക്ക് (ships, vessels)പ്രവേശിപ്പിക്കുമെന്ന കേന്ദ്ര തീരുമാനം നിര്‍ത്തി വയ്ക്കുക.
14 മുതൽ 16 ശതമാനം വരെയുള്ള ഇടനിലക്കാരുടെ ഉയർന്ന കമ്മീഷന്‍ ഒഴിവാക്കി മത്സ്യബന്ധന യൂണിറ്റുകള്‍ക്ക് വിപണനത്തിനായി സഹായം നല്‍കുക.