സുഡിയോയെ 'നാടുകടത്താന്‍' ടാറ്റ നീക്കം; ഗള്‍ഫ് പരീക്ഷണം ക്ലിക്കായാല്‍ കളിമാറും

ടാറ്റ ഗ്രൂപ്പില്‍ നിന്നുള്ള ഫാഷന്‍ ബ്രാന്‍ഡായ സുഡിയോയുടെ വളര്‍ച്ച ബിസിനസ് ലോകത്തിന് തന്നെ അത്ഭുതമാണ്. പരസ്യത്തിനോ മറ്റ് പ്രമോഷന്‍ പരിപാടികള്‍ക്കോ കാര്യമായി പണംമുടക്കാതെ ആളുകളെ ആകര്‍ഷിക്കാന്‍ ചുരുങ്ങിയ കാലംകൊണ്ട് സുഡിയോയ്ക്ക് സാധിച്ചു. ഇടത്തരം വരുമാനക്കാരെ ലക്ഷ്യമിട്ട് ആരംഭിച്ച സുഡിയോ ചുരുങ്ങിയ കാലം കൊണ്ട് 7,000 കോടി രൂപയുടെ വരുമാനമാണ് നേടിയത്.

കൊച്ചി അടക്കമുള്ള നഗരങ്ങളില്‍ സ്റ്റോര്‍ തുറന്നപ്പോള്‍ പോലും വലിയ പരസ്യമോ കോലഹലമോ ഒന്നും സുഡിയോയില്‍ നിന്നുണ്ടായില്ല. എങ്കില്‍ പോലും ആളുകള്‍ ഇടിച്ചു കയറുകയാണ്. ഇപ്പോഴിതാ സുഡിയോ കടല്‍ കടക്കാനുള്ള പദ്ധതിയിലാണ്. ഇന്ത്യയ്ക്ക് പുറത്തെ സ്റ്റോര്‍ യു.എ.ഇയില്‍ തുറക്കാനാണ് ടാറ്റ ഗ്രൂപ്പിന്റെ നീക്കം. ദുബൈയിലെ സിലിക്കോണ്‍ ഒയസീസ് മാളിലാകും സുഡിയോ ഗള്‍ഫിലെ ആദ്യ സ്റ്റോര്‍ തുറക്കുക.

ലക്ഷ്യം വിദേശവിപണി

ഇന്ത്യക്കാര്‍ കൂടുതലുള്ള വിദേശ വിപണികളില്‍ നിന്ന് വരുമാനം വര്‍ധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് സുഡിയോയുടെ മാതൃകമ്പനിയായ ട്രെന്റ് നീക്കം നടത്തുന്നത്. ദുബൈയിലെ സ്റ്റോര്‍ വിജയകരമായാല്‍ മറ്റ് ഗള്‍ഫ് രാജ്യങ്ങളിലും വൈകാതെ പുതിയ സ്റ്റോറുകള്‍ തുറക്കുമെന്ന് ടാറ്റ അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്.
2023-24 സാമ്പത്തികവര്‍ഷം സുഡിയോ ഉള്‍പ്പെടുന്ന ട്രെന്റിന്റെ വിറ്റുവരവ് വലിയതോതില്‍ വര്‍ധിച്ച് 12,375 കോടി രൂപയായി. കമ്പനിയുടെ അറ്റലാഭം 1,477 കോടി രൂപയാണ്. ജൂണില്‍ അവസാനിച്ച പാദത്തില്‍ വിറ്റുവരവ് 4,104 കോടി രൂപയായി ഉയര്‍ന്നിരുന്നു.
പക്ഷേ ലാഭം 391 കോടി രൂപയിലേക്ക് താഴ്ന്നു. കൂടുതല്‍ സ്‌റ്റോറുകള്‍ തുറക്കുന്നതിനായുള്ള ചെലവുകള്‍ വര്‍ധിച്ചതാണ് കാരണം. കഴിഞ്ഞ വര്‍ഷം ജൂണിലെ സമാന പാദത്തില്‍ 2,628 കോടി രൂപ വിറ്റുവരവും 167 കോടി രൂപ ലാഭവുമായിരുന്നു ട്രെന്റ് സ്വന്തമാക്കിയത്.

ശ്രദ്ധ സുഡിയോയില്‍

ജൂണ്‍ വരെയുള്ള കണക്കനുസരിച്ച് ട്രെന്റിന് 228 വെസ്റ്റ്‌സൈഡ് ഔട്ട്‌ലെറ്റുകള്‍ രാജ്യമാകമാനം ഉണ്ട്. സുഡിയോ സ്‌റ്റോറുകളുടെ എണ്ണം 559 ലേക്ക് ഉയര്‍ത്താന്‍ കമ്പനിക്കായി. വരും വര്‍ഷങ്ങളില്‍ സുഡിയോയില്‍ കൂടുതലായി ശ്രദ്ധകേന്ദ്രീകരിച്ച് മുന്നേറാനാണ് കമ്പനിയുടെ നീക്കം.
ഇന്ത്യയിലെ സുഡിയോ സ്‌റ്റോറുകള്‍ 7,000 മുതല്‍ 10,000 വരെ ചതുരശ്രയടി വിസ്തൃതിയുള്ളവയാണ്. ഒരു സ്‌ക്വയര്‍ഫീറ്റില്‍ നിന്ന് 16,300 രൂപ വരുമാനം സുഡിയോ നേടുന്നതായാണ് കണക്ക്.
സുഡിയോ കടല്‍ കടക്കുമ്പോള്‍ ഈ രംഗത്ത് ടാറ്റയുടെ എതിരാളികളും വെറുതെയിരിക്കാന്‍ സാധ്യതയില്ല. റിലയന്‍സിന്റെ യുസ്റ്റാ (yousta), ആദിത്യ ബിര്‍ള ഫാഷന്റെ സ്റ്റൈല്‍അപ്പ് (style up) എന്നിവയും വിദേശ വിപണിയിലേക്ക് കടക്കാനുള്ള ശ്രമങ്ങള്‍ തുടങ്ങിയേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.
Related Articles
Next Story
Videos
Share it