വരുന്നൂ വന്ദേ മെട്രോ, വന്ദേഭാരത് സ്ലീപ്പര്‍ ട്രെയിനുകള്‍; ആദ്യഘട്ടത്തില്‍ കേരളത്തിനും പരിഗണന കിട്ടിയേക്കും, നിരക്കും കുറവ്

യാത്രക്കാര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന വന്ദേ മെട്രോ, വന്ദേഭാരത് സ്ലീപ്പര്‍ ട്രെയിനുകള്‍ പരീക്ഷണ ഓട്ടത്തിന് തയാറെടുക്കുന്നു. ജൂലൈ ആദ്യ വാരത്തോടെ ഈ ട്രെയിനുകള്‍ രാജ്യത്തെ വിവിധ നഗരങ്ങളെ ബന്ധിപ്പിച്ച് ട്രയല്‍ റണ്‍ നടത്തുമെന്ന് വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
വന്ദേ മെട്രോ ട്രെയിനുകളാകും ആദ്യം പരീക്ഷണ ഓട്ടത്തിനായി എത്തുക. 100 മുതല്‍ 250 കിലോമീറ്റര്‍ വരെയുള്ള റൂട്ടുകളെ തമ്മില്‍ ബന്ധിപ്പിക്കുന്നതാകും ഈ സര്‍വീസ്. പൂര്‍ണമായും എ.സി ട്രെയിനുകളാണ് ഇതെന്നാണ് റിപ്പോര്‍ട്ട്. വന്ദേ ഭാരത് സര്‍വീസുകളെക്കാള്‍ നിരക്കും കുറവായിരിക്കും. ആദ്യ ഘട്ടത്തില്‍ രാജ്യത്തെ 124 നഗരങ്ങളെ തമ്മില്‍ ബന്ധിപ്പിച്ചാകും ഈ ട്രെയിന്‍ സര്‍വീസ് നടത്തുക.
വന്ദേഭാരതില്‍ ഏറ്റവും കൂടുതല്‍ യാത്രക്കാരുള്ള കേരളത്തിന് തുടക്കത്തില്‍ തന്നെ ട്രെയിനുകള്‍ ലഭിച്ചേക്കും. ലക്‌നൗ-കാണ്‍പൂര്‍, ആഗ്ര-മഥുര, തിരുപ്പതി-ചെന്നൈ, തൃശൂര്‍-തിരുവനന്തപുരം ഉള്‍പ്പെടെ യാത്രക്കാര്‍ ഏറെയുള്ള റൂട്ടുകളാകും പരീക്ഷണത്തിനായി തിരഞ്ഞെടുക്കുക.
12 കോച്ചുകള്‍, ആധുനിക സൗകര്യങ്ങള്‍
12 എ.സി കോച്ചുകളാണ് വന്ദേ മെട്രോയില്‍ ഉണ്ടാകുക. ഓട്ടോമാറ്റീക് ഡോറുകളും സൈഡ് സീറ്റുകള്‍ യാത്രക്കാരുടെ സൗകര്യത്തിന് ക്രമീകരിക്കാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. നിന്ന് യാത്ര ചെയ്യുന്നവര്‍ക്ക് ആവശ്യത്തിന് സ്ഥലലഭ്യതയും ഉറപ്പുവരുത്തിയിട്ടുണ്ട്. ചെറിയ റൂട്ടുകളിലെ യാത്രക്കാര്‍ക്ക് ഏറെ പ്രയോജനം ചെയ്യുന്ന രീതിയിലാകും യാത്രസമയം ക്രമീകരിക്കുക.
വന്ദേഭാരത് സ്ലീപ്പര്‍ ട്രെയിനുകളുടെ പരീക്ഷണയോട്ടം മേയില്‍ തുടങ്ങും. ദീര്‍ഘദൂര യാത്രയ്ക്കുവേണ്ടിയാണ് ഈ ട്രെയിനുകള്‍ ഡിസൈന്‍ ചെയ്തിരിക്കുന്നത്. 1,000 കിലോമീറ്റര്‍ കൂടുതല്‍ ദൈര്‍ഘ്യമുള്ള റൂട്ടുകളിലാകും ഈ ട്രെയിന്‍ ഓടിക്കുക. ഇടത്തരം വരുമാനക്കാര്‍ക്ക് ദീര്‍ഘദൂര യാത്രയില്‍ കൂടുതല്‍ സൗകര്യങ്ങള്‍ ലഭ്യമാക്കുകയെന്നതാണ് വന്ദേഭാരത് സ്ലീപ്പറിന്റെ ലക്ഷ്യം. മുഴുവന്‍ കോച്ചുകളിലും എ.സി സൗകര്യം ഉണ്ടാകും.
ഈ വര്‍ഷം തന്നെ 50 പുഷ്-പുള്‍ അമൃത് ഭാരത് ട്രെയിനുകള്‍ പുറത്തിറക്കാനും കേന്ദ്രസര്‍ക്കാരിന് പദ്ധതിയുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. രണ്ടുവശത്തും എന്‍ജിനുകളുള്ള ട്രെയിനാകും ഇത്. യൂറോപ്യന്‍ രാജ്യങ്ങളില്‍ സര്‍വീസ് നടത്തുന്ന രീതിയിലുള്ള കോണ്‍ ഷേപ്പിലുള്ള ട്രെയിനുകളും അടുത്തവര്‍ഷം ട്രാക്കില്‍ ഇറക്കാന്‍ ഇന്ത്യന്‍ റെയില്‍വേയ്ക്ക് പദ്ധതിയുണ്ട്.
നിലവില്‍ രാജ്യത്ത് സര്‍വീസ് നടത്തുന്ന വന്ദേഭാരത് സൂപ്പര്‍ഹിറ്റാണ്. സീറ്റുകളില്‍ 96.62 ശതമാനവും ബുക്ക് ചെയ്യപ്പെടുന്നുണ്ട്. വന്ദേഭാരതില്‍ യാത്രക്കാരുടെ സുഖ, സുരക്ഷിത സൗകര്യങ്ങള്‍ക്കായി ആധുനിക ഫീച്ചറുകളും സംവിധാനങ്ങളുമാണുള്ളത്. ഓട്ടോമാറ്റിക് പ്ലഗ് ഡോറുകള്‍, എര്‍ഗണോമിക് റിക്ലൈനിംഗ് (ചരിക്കാവുന്ന) സീറ്റുകള്‍, ഓരോ സീറ്റിലും മൊബൈല്‍ ചാര്‍ജിംഗ് സൗകര്യം, സുരക്ഷ ഉറപ്പാക്കുന്ന കവച് സംവിധാനവും ഉണ്ട്.
Related Articles
Next Story
Videos
Share it