വിവാദവും വിമര്‍ശന പ്രളയവും ബാക്കി; വിട വാങ്ങിയത് പശ്ചിമ ഘട്ടത്തിന്റെ കാവലാള്‍

വികസനവും പരിസ്ഥിതിയും തമ്മിലുള്ള സന്തുലിതാവസ്ഥ പാലിക്കണമെന്ന ഗാഡ്ഗിലിന്റെ നിലപാട് ഇന്നും കേരളത്തിന് അവഗണിക്കാനാവാത്ത ഒന്നാണ്
Prof. Madhav Gadgil
Image courtesy: Canva
Published on

കേരളത്തിന്റെ പരിസ്ഥിതി ചരിത്രത്തിൽ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെട്ട പേരാണ് പ്രഫ. മാധവ് ഗാഡ്ഗില്‍. പുണെയിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ബുധനാഴ്ച രാത്രിയാണ് അദ്ദേഹം അന്തരിച്ചത്. 83 വയസായിരുന്നു. പശ്ചിമഘട്ട സംരക്ഷണത്തിനായി അദ്ദേഹം സമർപ്പിച്ച 'ഗാഡ്ഗിൽ കമ്മിറ്റി റിപ്പോർട്ട്' (Western Ghats Ecology Expert Panel, WGEEP) കേരളത്തിൽ വലിയ സാമൂഹിക-രാഷ്ട്രീയ സംവാദങ്ങൾക്കാണ് വഴിവെച്ചത്.

കേരളത്തിന്റെ ഭൂപ്രകൃതിയിൽ പശ്ചിമഘട്ടത്തിനുള്ള പ്രാധാന്യം കണക്കിലെടുത്ത്, അവിടുത്തെ ജൈവവൈവിധ്യം നിലനിർത്താൻ കർശനമായ നിയന്ത്രണങ്ങൾ ഗാഡ്ഗിൽ നിർദ്ദേശിച്ചു. 2011 ഓഗസ്റ്റ് 31 നാണ് ഗാഡ്ഗിൽ കമ്മിറ്റി റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. പശ്ചിമഘട്ടത്തെ മൂന്ന് പരിസ്ഥിതി സംവേദക മേഖലകളായി (ESZ 1, 2, 3) തിരിക്കണമെന്നും ഖനനം, ക്വാറികൾ, വലിയ അണക്കെട്ടുകൾ എന്നിവ പൂർണമായും നിയന്ത്രിക്കണമെന്നുമായിരുന്നു പ്രധാന ശുപാർശകൾ. എന്നാൽ ഈ നിർദ്ദേശങ്ങൾ മലയോര കർഷകർക്കിടയിൽ വലിയ ആശങ്കയുണ്ടാക്കി. തങ്ങൾ കുടിയൊഴിപ്പിക്കപ്പെടുമെന്ന ഭയത്താൽ ജനങ്ങൾ ഗാഡ്ഗിൽ റിപ്പോർട്ടിനെതിരെ ശക്തമായി പ്രതിഷേധിച്ചു.

കാലക്രമേണ കേരളം നേരിട്ട പ്രളയങ്ങളും ഉരുൾപൊട്ടലുകളും ഗാഡ്ഗിൽ റിപ്പോർട്ടിലെ മുന്നറിയിപ്പുകളെ വീണ്ടും ചർച്ചാവിഷയമാക്കി. പ്രകൃതിവിഭവങ്ങളുടെ അമിതമായ ചൂഷണം ദുരന്തങ്ങളുടെ ആഘാതം കൂട്ടുമെന്ന് അദ്ദേഹം നിരന്തരം ഓർമ്മിപ്പിച്ചു. വികസനവും പരിസ്ഥിതിയും തമ്മിലുള്ള സന്തുലിതാവസ്ഥ പാലിക്കണമെന്ന ഗാഡ്ഗിലിന്റെ നിലപാട് ഇന്ന് കേരളത്തിന് അവഗണിക്കാനാവാത്ത ഒന്നാണ്.

ഗാഡ്ഗിൽ നിർദ്ദേശിച്ചതുപോലെ പ്രാദേശിക ഗ്രാമസഭകൾക്ക് പരിസ്ഥിതി കാര്യങ്ങളിൽ അധികാരം നൽകുന്നത് സുസ്ഥിര വികസനത്തിന് അനിവാര്യമാണെന്ന് പരിസ്ഥിതി പ്രവർത്തകർ ചൂണ്ടിക്കാട്ടുന്നു. എതിർപ്പുകൾക്കിടയിലും കേരളത്തിന്റെ അതിജീവനത്തിനുള്ള ഒരു 'പരിസ്ഥിതി മാർഗരേഖ'യായി ഗാഡ്ഗിൽ റിപ്പോർട്ട് ഇന്നും നിലനിൽക്കുകയാണ്.

Tributes pour in for Prof. Madhav Gadgil, whose Western Ghats report remains a vital ecological reference for Kerala.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com