

അഖിലേന്ത്യാ തൃണമൂല്‍ കോണ്‍ഗ്രസ് എം.പി.യും പ്രമുഖ അഭിഭാഷകനുമായ കല്യാണ്‍ ബാനര്‍ജി സൈബര്‍ തട്ടിപ്പിന് ഇരയായെന്ന് റിപ്പോര്‍ട്ട്. എം.പി.യുടെ ബാങ്ക് അക്കൗണ്ടില്‍ നിന്ന് 56 ലക്ഷം രൂപയാണ് കവര്‍ന്നത്. തട്ടിപ്പ് സംബന്ധിച്ച് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്.ബി.ഐ.) അധികൃതര്‍ സൈബര്‍ ക്രൈം വിഭാഗത്തില്‍ ഔദ്യോഗികമായി പരാതി നല്‍കിയിട്ടുണ്ട്. രാജ്യത്തെ മുതിര്‍ന്ന രാഷ്ട്രീയ നേതാക്കളിലൊരാള്‍ തന്നെ സൈബര്‍ കുറ്റകൃത്യത്തിന് ഇരയായ സംഭവം അതീവ ഗൗരവത്തോടെയാണ് അന്വേഷണ ഏജന്‍സികള്‍ കാണുന്നത്.
പണം നഷ്ടമായത് എസ്.ബി.ഐയുടെ അസംബ്ലി സബ് ബ്രാഞ്ചിലെ കല്യാണ്‍ ബാനര്‍ജിയുടെ പേരിലുള്ള അക്കൗണ്ടില്‍ നിന്നാണ്. 2001 മുതല്‍ 2006 വരെ നിയമസഭാംഗമായിരുന്ന കാലത്താണ് കല്യാണ്‍ ബാനര്‍ജി ഈ അക്കൗണ്ട് തുറന്നത്. നിയമസഭാംഗമായിരുന്ന കാലത്ത് ലഭിച്ച ആനുകൂല്യങ്ങളെല്ലാം ഈ അക്കൗണ്ടിലാണ് നിക്ഷേപിച്ചിരുന്നത്. വര്‍ഷങ്ങളായി പ്രവര്‍ത്തനരഹിതമായി കിടന്ന ഈ അക്കൗണ്ടില്‍ നിന്നാണ് എം.പി.യുടെ ശ്രദ്ധയില്‍പ്പെടാതെ വന്‍ തുക തട്ടിപ്പുകാര്‍ കൈക്കലാക്കിയത്.
എം.പിയുടെ മോര്‍ഫ് ചെയ്ത പാന്‍കാര്‍ഡും ആധാര്‍ കാര്‍ഡും ഉപയോഗിച്ചാണ് തട്ടിപ്പ് നടത്തിയതെന്നാണ് വിവരം. ഇക്കഴിഞ്ഞ ഒക്ടോബര്‍ 28ന് അക്കൗണ്ടിലെ മൊബൈല്‍ നമ്പര്‍ മാറ്റി വിവിധ ഓണ്‍ലൈന്‍ ഇടപാടിലൂടെ 56,39,767 ലക്ഷം രൂപ പിന്‍വലിക്കുകയായിരുന്നു.
എസ്.ബി.ഐയുടെ കൊല്‍ക്കത്ത ഹൈക്കോടതി ബ്രാഞ്ചിന്റെ കീഴിലുള്ള അസംബ്ലി സബ് ബ്രാഞ്ചാണ് തട്ടിപ്പുമായി ബന്ധപ്പെട്ട് സൈബര്‍ ക്രൈം വിഭാഗത്തിന് പരാതി നല്‍കിയിരിക്കുന്നത്. പണം നഷ്ടപ്പെട്ടതിന്റെ പിന്നിലെ സാങ്കേതിക കാരണം എന്താണെന്നും ഏത് മാര്‍ഗത്തിലൂടെയാണ് തട്ടിപ്പ് നടന്നതെന്നും കണ്ടെത്താന്‍ കൊല്‍ക്കത്ത പൊലീസിന്റെ സൈബര്‍ കുറ്റകൃത്യ വിഭാഗം വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. നഷ്ടപ്പെട്ട തുക വീണ്ടെടുക്കുന്നതിനുള്ള അടിയന്തര നടപടികളും പുരോഗമിക്കുകയാണ്.
Read DhanamOnline in English
Subscribe to Dhanam Magazine