Begin typing your search above and press return to search.
കേരളത്തിലെ ആദ്യ വിമാനത്താവളം വൃത്തിയാക്കാന്‍ ഇനി റോബോട്ടുകളും

image credit : tvm Airport
തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിലെ ടെര്‍മിനല്‍ ശുചീകരണത്തിന് ഇനി ക്ലീനിംഗ് റോബോട്ടുകള്‍. മണിക്കൂറില്‍ 10,000 ചതുരശ്ര അടി വരെ ശുചീകരിക്കാന്‍ ശേഷിയുള്ള നാല് റോബോട്ടുകള്‍ക്കാണ് ഒന്നും രണ്ടും ടെര്‍മിനലിന്റെ ശുചീകരണ ചുമതല. കേരളത്തിലെ വിമാനത്താവളങ്ങളില്‍ ഇതാദ്യമായാണ് ക്ലീനിംഗ് റോബോട്ടുകളെ ഉപയോഗിക്കുന്നത്.
പൂനെ ആസ്ഥാനമായ പെപ്പര്‍മിന്റ് റോബോട്ടിക്‌സ് എന്ന കമ്പനി നിര്‍മിച്ച എസ്.ഡി 45 മോഡല്‍ റോബോട്ടുകളാണ് വിമാനത്താവളത്തിലെത്തിയ പുതിയ അതിഥികള്‍. ഓട്ടോമേറ്റഡ് സെൻസറുകൾ ഉപയോഗിച്ച് 360 ഡിഗ്രിയില്‍ തടസങ്ങള്‍ ഒഴിവാക്കി ടെര്‍മിനലുകളിലെ എല്ലാ ഭാഗങ്ങളിലും എത്താനും സ്‌ക്രബ്ബിംഗ്, ഡ്രൈ മോപ്പിംഗ് എന്നി വഴി ശുചിത്വം ഉറപ്പാക്കാനും ഇവക്ക് കഴിയും. ഒറ്റച്ചാര്‍ജില്‍ 8 മണിക്കൂര്‍ വരെ ഉപയോഗിക്കാന്‍ കഴിയുന്ന ലിഥിയം അയണ്‍ ബാറ്ററികളാണ് ഇതിലുള്ളത്. 45 ലിറ്റര്‍ ശുദ്ധജലവും 55 ലിറ്റര്‍ മലിന ജലവും വഹിക്കാന്‍ ശേഷിയുണ്ട്. ശുചീകരണത്തിന് വെള്ളം കുറച്ച് മതിയെന്നതാണ് പ്രത്യേകത.
അഴുക്കുചാലുകള്‍ വൃത്തിയാക്കാനും റോബോട്ട്
റോബോട്ടുകളെ ഉപയോഗിച്ച് തിരുവനന്തപുരം വിമാനത്താവളത്തിലെ അഴുക്കു ചാലുകൾ മുമ്പ് വൃത്തിയാക്കിയിരുന്നു. തിരുവനന്തപുരം ടെക്‌നോപാര്‍ക്കിലെ സ്റ്റാര്‍ട്ടപ്പ് കമ്പനിയായ ജെന്‍ റോബോട്ടിക്‌സാണ് ഇതുമായി ബന്ധപ്പെട്ട കരാറൊപ്പിട്ടത്. രാജ്യത്ത് ആദ്യമായാണ് ഒരു വിമാനത്താവളത്തിലെ അഴുക്കുചാലുകള്‍ വൃത്തിയാക്കാന്‍ റോബോട്ടുകളുടെ സേവനം ഉപയോഗിക്കുന്നത്.
Next Story
Videos