ട്രംപിന്റെ പ്രതികാരച്ചുങ്കം! വിലയുടെ പകുതി നികുതിയടക്കണം, ട്രംപ് വിളിച്ചിട്ടും സംസാരിക്കാന്‍ കൂട്ടാക്കാതെ മോദി

അധിക 25% തീരുവയും നിലവില്‍ വന്നു, ഇനി യു.എസിലേക്കുള്ള കയറ്റുമതിക്ക് 50 ശതമാനം നികുതി
modi, trump
Narendra Modi and Donald TrumpImage courtesy: x.com/narendramodi
Published on

റഷ്യന്‍ എണ്ണ വാങ്ങല്‍ ചൂണ്ടിക്കാട്ടി ഇന്ത്യന്‍ ഉത്പന്നങ്ങള്‍ക്ക് യു.എസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ് ചുമത്തിയ 25 ശതമാനം അധികത്തീരുവ നിലവില്‍ വന്നു. ഇതോടെ യു.എസിലേക്കുള്ള ഇന്ത്യന്‍ ഉത്പന്നങ്ങളുടെ തീരുവ 50 ശതമാനമായി ഉയരും. കേരളത്തിന്റേത് ഉള്‍പ്പെടെ നിരവധി ഇന്ത്യന്‍ ഉത്പന്നങ്ങളുടെ കയറ്റുമതിയെ സാരമായി ബാധിക്കുന്നതാണ് തീരുമാനം.

റഷ്യ-യുക്രെയിന്‍ യുദ്ധം അവസാനിപ്പിക്കാന്‍ റഷ്യയുടെ മേല്‍ സമ്മര്‍ദ്ദം ചെലുത്താനാണ് ട്രംപിന്റെ ശ്രമം. ഇതിന്റെ ഭാഗമായാണ് റഷ്യയില്‍ നിന്ന് എണ്ണവാങ്ങുന്ന ഇന്ത്യക്ക് മേല്‍ പ്രതികാര ചുങ്കം ചുമത്തിയത്. ഇന്ത്യയിലേക്കുള്ള യു.എസ് ഉത്പന്നങ്ങള്‍ക്ക് ഉയര്‍ന്ന തീരുവ ചുമത്തുന്നുവെന്ന് ആരോപിച്ച് 25 ശതമാനം തീരുവ നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഇത് ഓഗസ്റ്റ് ഏഴിന് നിലവില്‍ വന്നു. ഇതിന് പുറമെ 25 ശതമാനം അധിക തീരുവ കൂടി പ്രഖ്യാപിച്ചു. വ്യാപാര ചര്‍ച്ചകള്‍ക്കായി മൂന്നാഴ്ച സമയവും യു.എസ് അനുവദിച്ചിരുന്നു. എന്നാല്‍ അടുത്ത റൗണ്ട് ചര്‍ച്ചകള്‍ക്കായി യു.എസ് പ്രതിനിധികള്‍ ഇന്ത്യയിലെത്തിയില്ല.

അമേരിക്കന്‍ സമയം ബുധനാഴ്ച 12.01ന് ശേഷം (ഇന്ത്യന്‍ സമയം രാവിലെ ഒമ്പത്) യു.എസ് വിപണിയിലെത്തുന്ന ഉത്പന്നങ്ങള്‍ക്ക് പുതിയ നിരക്ക് ബാധകമാകും. തുണിത്തരങ്ങള്‍, രത്‌നങ്ങള്‍, ആഭരണങ്ങള്‍, പാദരക്ഷകള്‍, കായിക ഉത്പന്നങ്ങള്‍, ഫര്‍ണിച്ചര്‍, രാസവസ്തുക്കള്‍ എന്നിവയുടെ വിലയുടെ പകുതി അധിക നികുതിയായി അടക്കേണ്ടി വരും. യു.എസിന്റെ ഏറ്റവും കൂടിയ താരിഫ് ഏറ്റുവാങ്ങിയ രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. ഇരുരാജ്യങ്ങളും തമ്മില്‍ കഴിഞ്ഞ സാമ്പത്തിക വര്‍ഷം 11.54 ലക്ഷം കോടിരൂപയുടെ വ്യാപാരം നടന്നതായാണ് റിപ്പോര്‍ട്ട്. (2024-25)ബ്രിക്‌സ് അംഗരാജ്യമായ ബ്രസീലിനും ട്രംപിന്റെ 50 ശതമാനം നികുതി ലഭിച്ചിട്ടുണ്ട്.

നിലപാട് മാറ്റാതെ ഇന്ത്യ

അതേസമയം, റഷ്യന്‍ എണ്ണയെച്ചൊല്ലി ട്രംപിന്റെ ഭീഷണിയുണ്ടെങ്കിലും പിന്നോട്ടു പോകില്ലെന്നാണ് കേന്ദ്രസര്‍ക്കാര്‍ നിലപാട്. മികച്ച ഓഫറുകള്‍ ലഭിക്കുന്ന രാജ്യത്ത് നിന്നും എണ്ണ വാങ്ങുമെന്ന് സർക്കാർ വ്യക്തമാക്കി. റഷ്യന്‍ എണ്ണ വാങ്ങല്‍ ഇന്ത്യന്‍ കമ്പനികള്‍ കുറച്ചേക്കില്ലെന്നും റിപ്പോര്‍ട്ടുകളുണ്ട്. വ്യാപാര ചര്‍ച്ചകള്‍ക്കായി പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ് നാല് തവണ വിളിച്ചെങ്കിലും പ്രധാനമന്ത്രി നരേന്ദ്ര മോദി സംസാരിക്കാന്‍ കൂട്ടാക്കിയില്ലെന്നും ഒരു ജര്‍മന്‍ പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു.

Donald Trump’s administration has imposed an additional 25% tariff on Indian exports, taking the total duty to 50%. Key sectors face the heat as trade tensions escalate.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com