രാജ്യങ്ങള്‍ തമ്മിലുള്ള വ്യാപാര ചര്‍ച്ചകള്‍ എങ്ങനെ? ടി.വിയിലെപ്പോലെ തര്‍ക്കിച്ച് ജയിക്കലാണോ! ഇന്ത്യ-യു.എസ് കരാറിന് തടസമായതെന്ത്? ഇനിയെന്ത്?

ഇന്ത്യ-യുഎസ് ആറാം ഘട്ട വ്യാപാര ചര്‍ച്ചകള്‍ക്കായി യു.എസ് സംഘം ഓഗസ്റ്റ് 25ന് ഇന്ത്യയിലെത്തുമെന്നാണ് റിപ്പോര്‍ട്ട്
Indian Prime Minister Narendra Modi and former US President Donald Trump warmly shaking hands and smiling during a formal meeting, seated in a diplomatic setting
Facebook /Narendra Modi
Published on

ഇന്ത്യയില്‍ നിന്നുള്ള ഉത്പന്നങ്ങള്‍ക്ക് 25 ശതമാനം തീരുവ ചുമത്തിയതിന്റെ ഞെട്ടലിലാണ് വ്യവസായ ലോകം. ഇരുരാജ്യങ്ങളും മാസങ്ങളായി നടത്തിവരുന്ന ഉഭയകക്ഷി ചര്‍ച്ചകള്‍ പുരോഗമിക്കുന്നതിനിടെയാണ് ട്രംപിന്റെ തീരുവ പ്രഖ്യാപനമെത്തിയത്. എന്നാല്‍ എങ്ങനെയാണ് രാജ്യങ്ങള്‍ തമ്മിലുള്ള വ്യാപാര ചര്‍ച്ചകള്‍ നടക്കുന്നതെന്ന് അറിയാമോ? തന്റെ നിലപാടുകള്‍ അടിച്ചേല്‍പ്പിക്കുന്ന ട്രംപിന്റെ നിലപാടുകള്‍ ഇത്തരം ചര്‍ച്ചകളില്‍ എന്തുമാറ്റമാണുണ്ടാക്കിയത്. പരിശോധിക്കാം...

തീരുവ വിഷയത്തില്‍ ട്രംപിന്റെ ഭീഷണികള്‍ ചര്‍ച്ചകളുടെ സ്വഭാവം മാറ്റിയിട്ടുണ്ടെന്ന് ഈ രംഗത്തെ വിദഗ്ധനായ ജേസണ്‍ ലാംഗ്രിഷ് ബി.ബി.സിയോട് വിശദീകരിക്കുന്നു. ഇരുരാജ്യങ്ങള്‍ക്കും ഗുണകരമാകുന്ന പോസിറ്റീവായ രീതിയിലാണ് മുന്‍കാലത്ത് വ്യാപാര ചര്‍ച്ചകള്‍ നടത്തിയിരുന്നത്. എന്നാല്‍ അന്തിമ തീയതി നിശ്ചയിച്ചുള്ള ട്രംപിന്റെ ചര്‍ച്ചകളില്‍ ഗത്യന്തരമില്ലാതെയാണ് മറ്റ് രാജ്യങ്ങള്‍ പങ്കെടുക്കുന്നത്. ഇത്തരം രീതിയെ ഡിഫന്‍സീവ് നെഗോഷ്യേഷന്‍ (Defensive negotiation) എന്നാണ് വിളിക്കുന്നതെന്നും അദ്ദേഹം പറയുന്നു. നേരത്തെ യൂറോപ്പ്യന്‍ യൂണിയനുമായും ഇന്ത്യയുമായും കാനഡയുടെ വ്യാപാര കരാര്‍ സാധ്യമാക്കുന്ന ചര്‍ച്ചകളില്‍ മുഖ്യപങ്ക് വഹിച്ചയാളാണ് ജേസണ്‍.

വ്യാപാര ചര്‍ച്ചകള്‍ ഇങ്ങനെ

ചര്‍ച്ചയിലൂടെ പരിഹരിക്കേണ്ട വിഷയങ്ങള്‍ നിശ്ചയിക്കുകയാണ് ആദ്യഘട്ടം. പിന്നീട് ചര്‍ച്ചകള്‍ക്കായി ഇരുരാജ്യങ്ങളും ഒരോ മുഖ്യ മധ്യസ്ഥന്മാരെ (Chief negotiator) നിയമിക്കും. പരിഹരിക്കേണ്ട ഓരോ വിഷയങ്ങളുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ നയിക്കാന്‍ വ്യത്യസ്ത സംഘങ്ങളുമുണ്ടാകും. ഇവയെ നയിക്കാനും പ്രത്യേകം മധ്യസ്ഥന്മാര്‍ (Sub-Negotiator) ഉണ്ടാകും. പിന്നീട് നിരന്തര ചര്‍ച്ചകളിലൂടെയാണ് ഇരുവിഭാഗവും ധാരണയിലെത്തുന്നത്. സാധാരണ രാവിലെയും വൈകുന്നേരവുമാണ് ചര്‍ച്ചകള്‍ നടക്കുന്നത്. ചിലപ്പോള്‍ ചര്‍ച്ചകള്‍ മണിക്കൂറുകളോളം നീളും. എന്നാല്‍ ടി.വി ചര്‍ച്ചകള്‍ പോലെ തര്‍ക്കിച്ച് ജയിക്കുന്നതിന് പകരം പരസ്പര വിശ്വാസത്തോടെയുള്ള ധാരണയിലെത്താനാണ് ഇത്തരം ബിസിനസ് ചര്‍ച്ചകള്‍ നടക്കുന്നത്. ലോക വ്യാപാര സംഘടനയുടെ ചട്ടങ്ങളും ഇതിനായി നിലവിലുണ്ട്.

ഇരുരാജ്യങ്ങളും തമ്മില്‍ ധാരണയിലെത്തിയാല്‍ ഇതുമായി ബന്ധപ്പെട്ട കരാര്‍ തയ്യാറാക്കലാണ് പിന്നീടുള്ള നടപടി. ബന്ധപ്പെട്ട രാജ്യങ്ങളുടെ സര്‍ക്കാരുകളുടെയോ നിയമനിര്‍മാണ സഭകളുടെയോ അംഗീകാരം ആവശ്യമായി വരും. കരാറില്‍ ഒപ്പിട്ടു കഴിഞ്ഞാല്‍ ലോക വ്യാപാര സംഘടന പോലുള്ള അന്താരാഷ്ട്ര ഏജന്‍സികളെ ഇക്കാര്യം അറിയിക്കണം. ഇതുമായി ബന്ധപ്പെട്ടുണ്ടാകുന്ന തുടര്‍ തര്‍ക്കങ്ങള്‍ പരിഹരിക്കുന്നതിനുള്ള മാനദണ്ഡങ്ങള്‍ തയ്യാറാക്കുകയും വേണം.

ഇന്ത്യ-യു.എസ് ചര്‍ച്ചകള്‍ ഇങ്ങനെ

താരിഫ് വിഷയത്തില്‍ ഇന്ത്യയും യു.എസും തമ്മില്‍ ഇതിനോടകം അഞ്ച് റൗണ്ട് ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കി. ആറാം ഘട്ട ചര്‍ച്ചകള്‍ക്കായി യു.എസ് സംഘം ഓഗസ്റ്റ് 25ന് ഇന്ത്യയിലെത്തുമെന്നാണ് പി.ടി.ഐ റിപ്പോര്‍ട്ട് ചെയ്യുന്നത്. വ്യവസായ വകുപ്പ് സെക്രട്ടറി രാജേഷ് അഗര്‍വാളാണ് ചീഫ് നെഗോഷ്യേറ്ററായി ഇന്ത്യയുടെ ചര്‍ച്ചകള്‍ നയിക്കുന്നത്. യു.എസിന്റെ ഭാഗത്ത് നിന്നും സൗത്ത്, സെന്‍ട്രല്‍ ഏഷ്യ ട്രേഡ് പ്രതിനിധി ബ്രെണ്ടന്‍ ലിഞ്ചും ചര്‍ച്ചകളില്‍ പങ്കെടുക്കും. ഓഗസ്റ്റ് ഒന്നിന് മുമ്പ് ഇടക്കാല കരാറിലെത്താന്‍ ഇരുവിഭാഗങ്ങള്‍ക്കും കഴിഞ്ഞില്ല.

എന്താണ് തടസം?

അമേരിക്കയില്‍ നിന്നുള്ള കാര്‍ഷിക-ക്ഷീര ഉത്പന്നങ്ങളുടെ നികുതി കുറക്കണമെന്ന യു.എസ് നിലപാടാണ് കരാറിന് തടസമായതെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. മൃഗങ്ങളുടെ മാംസ അവശിഷ്ടവും രക്തവും ഭക്ഷണത്തിനോടൊപ്പം പശുക്കള്‍ക്ക് നല്‍കുന്നതിനാല്‍ യു.എസ് പാല്‍ ഉത്പന്നങ്ങള്‍ ഇന്ത്യന്‍ സംസ്‌ക്കാരത്തിന് ചേര്‍ന്നതല്ലെന്നാണ് കേന്ദ്രസര്‍ക്കാര്‍ നിലപാട്. യു.എസ് കാര്‍ഷിക ഉത്പന്നങ്ങള്‍ ഇന്ത്യയിലെത്തിയാല്‍ കാര്‍ഷിക മേഖലക്ക് തിരിച്ചടിയാണെന്നും കര്‍ഷകരുടെ പ്രതിഷേധത്തിന് ഇടയാക്കുമെന്നും കേന്ദ്രസര്‍ക്കാര്‍ കരുതുന്നു. ഒരു വിദേശരാജ്യത്തിനും ഈ വിഷയങ്ങളില്‍ നികുതി കുറച്ചിട്ടില്ലെന്നും യു.എസിന് മാത്രം ഇളവ് നല്‍കാനാകില്ലെന്നും ഇന്ത്യ നിലപാടെടുത്തു. എന്നാല്‍ ക്ഷീര ഉത്പന്നങ്ങളുടെ കാര്യത്തില്‍ വിട്ടുവീഴ്ചക്ക് തയ്യാറാണെങ്കിലും കാര്‍ഷിക ഉത്പന്നങ്ങളില്‍ ഇളവ് അനുവദിക്കണമെന്നാണ് യു.എസ് നിലപാട്. ഇതോടെ ചര്‍ച്ചകള്‍ വഴിമുട്ടിയെന്നാണ് കരുതുന്നത്. ഒപ്പം റഷ്യയില്‍ നിന്നും എണ്ണ വാങ്ങുന്നതും യു.എസിനെ പ്രകോപിപ്പിച്ചതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

ഇനിയെന്ത്?

ലോകത്ത് ഏറ്റവും കൂടുതല്‍ ഇറക്കുമതി തീരുവ ഈടാക്കുന്ന രാജ്യങ്ങളിലൊന്നാണ് ഇന്ത്യയെന്നും എന്നാല്‍ ഇക്കാര്യത്തില്‍ ഇന്ത്യയുമായി ചര്‍ച്ചകള്‍ നടക്കുന്നുണ്ടെന്നുമാണ് ട്രംപിന്റെ പ്രതികരണം. യു.എസ് നീക്കം വ്യവസായങ്ങളെ എങ്ങനെ ബാധിക്കുമെന്ന കാര്യത്തില്‍ വിശദമായ പഠനം നടത്തുമെന്ന് കേന്ദ്രസര്‍ക്കാരും ഔദ്യോഗികമായി പ്രതികരിച്ചു. വിപണി വിഹിതം നിലനിറുത്താന്‍ യു.എസിലേക്കുള്ള ഇറക്കുമതി ഉത്പന്നങ്ങളുടെ വില കുറക്കാന്‍ ഇന്ത്യ നിര്‍ബന്ധിതമായേക്കുമെന്ന് ഈ രംഗത്തെ വിദഗ്ധര്‍ പറയുന്നു. ട്രംപിന്റെ തീരുവ ഏറ്റുവാങ്ങിയ മറ്റ് രാജ്യങ്ങളുടെ മാതൃകയിലുള്ള തിരിച്ചടി നല്‍കാന്‍ ഇന്ത്യ തയ്യാറായേക്കുമെന്നും ചിലര്‍ പറയുന്നു. ഓഗസ്റ്റ് 25ന് ഇരുരാജ്യങ്ങളും തമ്മില്‍ നടക്കുന്ന ചര്‍ച്ചകള്‍ ഏത് രീതിയില്‍ പുരോഗമിക്കുമെന്നാണ് ഇപ്പോള്‍ വ്യവസായ ലോകം ഉറ്റുനോക്കുന്നത്.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com