
ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളുടെ യുഎസ് പഠന മോഹങ്ങള്‍ക്ക് തിരിച്ചടി നല്‍കാന്‍ അമേരിക്കയുടെ നീക്കം. സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ പരിശോധിച്ച ശേഷം മാത്രം വിദേശ വിദ്യാര്‍ത്ഥികള്‍ക്ക് അമേരിക്കയിലേക്ക് പ്രവേശനം നല്‍കിയാല്‍ മതിയെന്നാണ് ട്രംപ് ഭരണകൂടത്തിന്റെ പുതിയ തീരുമാനം. ഇത് നടപ്പാക്കാനായി അമേരിക്കയിലേക്കുള്ള സ്റ്റുഡന്റ് വീസ ഇന്റര്‍വ്യൂകള്‍ നിര്‍ത്തിവെച്ചു. സമൂഹ മാധ്യമ അക്കൗണ്ടുകളിലെ പോസ്റ്റുകള്‍ അമേരിക്കക്ക് അപ്രിയമായി തോന്നിയാല്‍ സ്റ്റുഡന്റ് വീസ നിഷേധിക്കപ്പെടാം.
പുതിയ അപേക്ഷകളില്‍ സോഷ്യല്‍ മീഡിയ പരിശോധന ആവശ്യമുള്ളതിനാല്‍ സ്റ്റുഡന്റ് വീസകളിലും എക്‌സ്‌ചേഞ്ച് പ്രോഗ്രാമുകളിലും ഇന്റര്‍വ്യൂ നിര്‍ത്തിവെക്കാന്‍ അമേരിക്കന്‍ സെക്രട്ടറി ഓഫ് സ്റ്റേറ്റ് മാര്‍ക്കോ റോബിയോ എംബസികള്‍ക്ക് നല്‍കിയ കത്തില്‍ ആവശ്യപ്പെട്ടതായി അമേരിക്കന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. വരും ദിവസങ്ങളില്‍ ഈ പരിശോധന പൂര്‍ത്തിയാക്കുമെന്നും കത്തില്‍ പറയുന്നു.
ഈ നിര്‍ദേശത്തോടെ അമേരിക്കയിലേക്കുള്ള സ്റ്റുഡന്റ് വീസ നടപടികള്‍ വൈകും. വിദേശ വിദ്യാര്‍ത്ഥികളുടെ പഠനം അനിശ്ചിതത്വത്തിലാകുന്നതോടൊപ്പം അമേരിക്കന്‍ യൂണിവേഴ്‌സിറ്റികളില്‍ വിദ്യാര്‍ത്ഥികളുടെ ക്ഷാമമുണ്ടാകാനും ഇടയാക്കും. പ്രമുഖ സര്‍വ്വകലാശാലകളില്‍ വലിയൊരു വിഭാഗം വിദ്യാര്‍ത്ഥികളും വിദേശത്ത് നിന്നുള്ളവരാണ്. പ്രശസ്തമായ ഹാര്‍വാഡ് സര്‍വ്വകലാശാല ഉള്‍പ്പടെയുള്ള സ്ഥാപനങ്ങള്‍ക്ക് നേരെ സര്‍ക്കാര്‍ നടപടികള്‍ തുടരുന്നതിനിടെയാണ് പുതിയ നീക്കം.
വിദ്യാര്‍ത്ഥികളുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ പരിശോധിക്കുന്ന രീതി അടുത്ത കാലത്ത് അമേരിക്ക തുടങ്ങിയിരുന്നു. എന്നാല്‍ നിലവില്‍ പഠിച്ചു കൊണ്ടിരിക്കുന്ന വിദ്യാര്‍ത്ഥികള്‍ സ്വന്തം രാജ്യങ്ങളില്‍ പോയി തിരിച്ചു വരുമ്പോള്‍ മാത്രമാണ് ഇത് ഉണ്ടായിരുന്നത്. ഇസ്രയേല്‍-പലസ്തീന്‍ യുദ്ധത്തിന് ശേഷമാണ് കൂടുതല്‍ കര്‍ശനമാക്കുന്നത്. അമേരിക്കയിലെ യൂണിവേഴ്സിറ്റികള്‍ സെമിറ്റിക് വിരുദ്ധ നീക്കങ്ങളെ പ്രോല്‍സാഹിപ്പിക്കുന്നതായി ട്രംപ് ഭരണകൂടത്തിന് വിമര്‍ശനമുണ്ട്.
പുതിയ പരിശോധന ഏതെല്ലാം രീതിയിലാണെന്ന് വ്യക്തമല്ല. അതേസമയം, വിവിധ രാജ്യങ്ങളില്‍ നടക്കുന്ന സര്‍ക്കാര്‍ വിരുദ്ധ, മത ബന്ധിതമായ സംഭവങ്ങളില്‍ വിദ്യാര്‍ത്ഥികള്‍ എടുക്കുന്ന നിലപാടുകള്‍ പരിശോധിച്ച ശേഷമായിരിക്കും വീസ അനുവദിക്കുന്നത് എന്നാണ് സൂചനകള്‍.
Read DhanamOnline in English
Subscribe to Dhanam Magazine