ഇത്തിരിപ്പോന്ന തുര്‍ക്കിക്ക് ഇമ്മാതിരി ആയുധങ്ങള്‍ എന്തിനാണ്? ട്രംപ് കൊടുക്കാന്‍ പോകുന്നത് ₹ 2,600 കോടിയുടെ അംറാം മിസൈലുകള്‍; ആശങ്കയുണ്ട് ഇന്ത്യക്ക്‌

2019ല്‍ ഇന്ത്യന്‍ സൈനിക കേന്ദ്രങ്ങള്‍ ലക്ഷ്യമാക്കി പാക് സൈന്യം ഉപയോഗിച്ച മിസൈലുകളിലൊന്നാണിത്
AMRAAM Missile
RTX.com
Published on

തുര്‍ക്കിക്ക് 304 മില്യന്‍ ഡോളര്‍ (ഏകദേശം 2,600 കോടി രൂപ) വിലവരുന്ന ഹ്രസ്വദൂര മിസൈലുകള്‍ നല്‍കാന്‍ യു.എസ്.എ. ആകാശത്ത് നിന്നും തൊടുക്കാവുന്ന എ.ഐ.എം 120സി-8 അഡ്വാന്‍സ്ഡ് മീഡിയം റേഞ്ച് എയര്‍ ടു എയര്‍ മിസൈലുകള്‍ (AMRAAMs) ആണ് കൈമാറുന്നത്. പാക് സൈന്യം ഇന്ത്യക്കെതിരെ ഉപയോഗിച്ച ആയുധങ്ങളിലൊന്നാണിത്. പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നാലെയുണ്ടായ സംഭവങ്ങളില്‍ തുര്‍ക്കിയുടെ ഇടപെടല്‍ കാരണം ആയുധ ഇടപാടിനെ ഇന്ത്യ ജാഗ്രതയോടെയാണ് നോക്കിക്കാണുന്നത്.

ഇന്ത്യന്‍ താത്പര്യങ്ങളെ ബാധിക്കുന്നത് എങ്ങനെ?

2019ല്‍ ഇന്ത്യയിലെ സൈനിക കേന്ദ്രങ്ങള്‍ ലക്ഷ്യം വെച്ച് പാക് സൈന്യം നടത്തിയ ഓപ്പറേഷനില്‍ യു.എസ് നിര്‍മിത എഫ് 16 യുദ്ധവിമാനങ്ങള്‍ക്കൊപ്പം അംറാം മിസൈലുകലും ഉപയോഗിച്ചിരുന്നു. ഇതിനെതിരെ ഇന്ത്യ തെളിവുമായി യു.എസിനെ സമീപിച്ചിരുന്നു. തുടര്‍ന്ന് ഈ ആയുധങ്ങള്‍ ഇന്ത്യക്കെതിരെ ഉപയോഗിക്കില്ലെന്ന് യു.എസ് ഉറപ്പും നല്‍കിയിരുന്നു. അതേസമയം, പുതിയ സാഹചര്യത്തില്‍ ഈ മിസൈലുകള്‍ തുര്‍ക്കി പാകിസ്ഥാന് കൈമാറില്ലെന്ന് ഉറപ്പിക്കാന്‍ കഴിയില്ലെന്നാണ് വിവരം. അടുത്തിടെ എഫ്.16 വിമാനങ്ങളുടെ അറ്റകുറ്റപ്പണിയുമായി ബന്ധപ്പെട്ട് പാക്കിസ്ഥാന് തുര്‍ക്കിയുടെ സഹായം ലഭിച്ചിരുന്നു. അംറാം മിസൈലുകള്‍ തൊടുക്കാന്‍ ശേഷിയുള്ള യുദ്ധവിമാനങ്ങളില്‍ പാകിസ്ഥാന്റെ കൈവശമുള്ളത് എഫ് 16 മാത്രമാണെന്നും കൂട്ടിവായിക്കണം.

പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നാലെയുണ്ടായ ഓപ്പറേഷന്‍ സിന്ദൂറില്‍ പാകിസ്ഥാന് പരസ്യ പിന്തുണ പ്രഖ്യാപിച്ച് രംഗത്തെത്തിയ രാജ്യമാണ് തുര്‍ക്കി. പാകിസ്ഥാന് ഡ്രോണുകള്‍ അടക്കം നിരവധി ആയുധങ്ങള്‍ എത്തിച്ച് നല്‍കാനും തുര്‍ക്കി മുന്നിലുണ്ടായിരുന്നു. ഇതിന് പിന്നാലെ തുര്‍ക്കി ബന്ധമുള്ള ചില കമ്പനികളുടെ ഇന്ത്യയിലെ പ്രവര്‍ത്തനം കേന്ദ്രസര്‍ക്കാര്‍ നിയന്ത്രിക്കാന്‍ തീരുമാനിച്ചിരുന്നു. ഇരുരാജ്യങ്ങളുമായുള്ള വ്യാപാര ബന്ധത്തിലും വിള്ളലുണ്ടായി. ഈ സാഹചര്യത്തില്‍ തുര്‍ക്കി അത്യാധുനിക ആയുധങ്ങള്‍ സ്വന്തമാക്കുന്നത് ആശങ്കയുണ്ടാക്കുന്ന കാര്യമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം, വിഷയത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

എന്താണ് അംറാം

അമേരിക്കന്‍ നിര്‍മിത ബിയോന്‍ഡ് വിഷ്വല്‍ റേഞ്ച് എയര്‍ ടു എയര്‍ മിസൈലുകളാണിവ. 40 കിലോമീറ്റര്‍ അകലെ നിന്ന് വരെ തൊടുക്കാവുന്ന മിസൈലുകളെയാണ് ബിയോന്‍ഡ് വിഷ്വല്‍ റേഞ്ച് വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. അമേരിക്കന്‍ സൈന്യം ഉള്‍പ്പെടെ നാല്‍പതോളം രാജ്യങ്ങള്‍ നിലവില്‍ ഈ മിസൈലുകള്‍ ഉപയോഗിക്കുന്നുണ്ട്. ഇത്തരത്തിലുള്ള 53 മിസൈലുകളാണ് തുര്‍ക്കിക്ക് 225 മില്യന്‍ ഡോളറിന് കൈമാറുന്നത്. ഇതിന് പുറമെ 60 ബ്ലോക്ക് 2 മിസൈലുകളും 79.1 മില്യന്‍ ഡോളറിന് നല്‍കും. മിസൈലുകള്‍ക്കൊപ്പം ഗൈഡന്‍സ് സംവിധാനം, സ്‌പെയര്‍ പാര്‍ട്‌സ്, അക്‌സസറീസ്, സാങ്കേതിക-എഞ്ചിനീയറിംഗ് സഹായം എന്നിവയും യു.എസ് നല്‍കും.

ബന്ധം ഉറപ്പിക്കാന്‍ തുര്‍ക്കി-യു.എസ്

അതേസമയം, നാറ്റോ സഖ്യകക്ഷിയായ തുര്‍ക്കിയുമായുള്ള സൈനിക-വ്യാപാര ബന്ധം ഊട്ടിയുറപ്പിക്കുന്നതിന്റെ ഭാഗമായാണ് ആയുധ ഇടപാടെന്നാണ് യു.എസ് വൃത്തങ്ങള്‍ നല്‍കുന്ന വിശദീകരണം. അടുത്തിടെ റഷ്യന്‍ നിര്‍മിത എസ് 400 വ്യോമപ്രതിരോധ സംവിധാനം തുര്‍ക്കി സ്വന്തമാക്കിയിരുന്നു. സിറിയന്‍ കുര്‍ദിഷ് വിമതര്‍ക്ക് യു.എസ് പിന്തുണ നല്‍കുന്നതും അസ്വാരസ്യങ്ങള്‍ക്ക് കാരണമായി. ഇതിന് പിന്നാലെ തുര്‍ക്കി-യു.എസ് ബന്ധത്തില്‍ വിള്ളലുണ്ടായി. യു.എസ് എഫ് 35 യുദ്ധവിമാന പദ്ധതിയില്‍ നിന്നും തുര്‍ക്കിയെ പുറത്താക്കുകയും ചെയ്തു.

എന്നാല്‍ അടുത്തിടെയായി ഇരുരാജ്യങ്ങളും സൗഹൃദം കൂടുതല്‍ ദൃഢമാക്കാനുള്ള ഒരുക്കത്തിലാണ്. കഴിഞ്ഞ ദിവസം തുര്‍ക്കിയില്‍ നടന്ന നാറ്റോ വിദേശകാര്യ മന്ത്രിമാരുടെ യോഗത്തില്‍ യു.എസ് സ്‌റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോയും പങ്കെടുത്തിരുന്നു. ട്രംപിന്റെ നേതൃത്വത്തില്‍ റഷ്യ-യുക്രെയിന്‍ സമാധാന ചര്‍ച്ചകള്‍ നടക്കുന്നതും തുര്‍ക്കിയിലാണ്. തുര്‍ക്കിക്കെതിരെ 40 വര്‍ഷമായി വിമത യുദ്ധം നയിച്ചിരുന്ന കുര്‍ദിസ്ഥാന്‍ വര്‍ക്കേഴ്‌സ് പാര്‍ട്ടി (പി.കെ.കെ) കഴിഞ്ഞ ആഴ്ച വെടിനിറുത്തല്‍ പ്രഖ്യാപിച്ചിരുന്നു.

The Trump administration’s AMRAAM missile deal with Turkey has triggered India’s concern over regional military balance and rising Turkey-Pakistan defense ties.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com