

'' 50 ലക്ഷം ഡോളറിന് ഇത് നിങ്ങള്‍ക്ക് സ്വന്തമാണ്. ആദ്യത്തെ കാര്‍ഡാണിത്. ഇതെന്താണെന്നറിയുമോ? ഇതാണ് ഗോള്‍ഡ് കാര്‍ഡ്- ട്രംപ് കാര്‍ഡ്''
സ്റ്റാച്യു ഓഫ് ലിബര്‍ട്ടിക്കൊപ്പം സ്വന്തം ചിത്രം കൂടിയുള്ള 'ഗോള്‍ഡ് കാര്‍ഡ്' ഉയര്‍ത്തിക്കാട്ടി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് എയര്‍ഫോഴ്‌സ് വണില്‍ ഇരുന്ന് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
അമേരിക്കയില്‍ 50 ലക്ഷം ഡോളറിന്റെ നിക്ഷേപം നടത്തുന്നവര്‍ക്ക് നല്‍കുന്ന ഗോള്‍ഡ് കാര്‍ഡ് വിസയുടെ 'വില്‍പ്പന' തിരക്കിലാണ് ട്രംപ് ഇപ്പോള്‍. നിലവില്‍ അമേരിക്ക വിദേശ നിക്ഷേപകര്‍ക്ക് നല്‍കി വരുന്ന 10 ലക്ഷം ഡോളറിന്റെ ഇബി-5 വിസക്ക് ബദല്‍ ആയാണ് പുതിയ ഗോള്‍ഡ് കാര്‍ഡ് വിസ ട്രംപ് അവതരിപ്പിച്ചിരിക്കുന്നത്.
ആദ്യത്തെ ഗോള്‍ഡ് കാര്‍ഡ് താന്‍ തന്നെ സ്വന്തമാക്കിയതായും നിക്ഷേപമിറക്കാന്‍ തയ്യാറായി മുന്നോട്ടു വരുന്നവര്‍ക്കുള്ള കാര്‍ഡുകള്‍ രണ്ടാഴ്ചക്കുള്ളില്‍ തയ്യാറാകുമെന്നും ട്രംപ് പറഞ്ഞു. ട്രംപ് കാര്‍ഡ് സ്വന്തമാക്കുന്നവര്‍ക്ക് വിദേശത്തുള്ള സ്വത്തിന് അമേരിക്കയില്‍ നികുതി നല്‍കേണ്ടി വരുമെന്ന ആശങ്കകളെ ട്രംപ് അകറ്റിയിട്ടുണ്ട്. വിസ സ്വന്തമാക്കുന്നവര്‍ക്ക് അമേരിക്കയില്‍ പെര്‍മനെന്റ് റെസിഡന്‍സിയും പൗരത്വത്തിനുള്ള സാധ്യതയും കൂടുതലാണ്. ബുദ്ധിമാന്‍മാരും സ്ഥിരോല്‍സാഹികളും തൊഴില്‍ ദായകരുമായ നിക്ഷേപകരെ അമേരിക്കയിലേക്ക് എത്തിക്കാന്‍ ഈ വിസ പദ്ധതി സഹായിക്കും. അമേരിക്കയില്‍ നടത്തുന്ന ബിസിനസിന് മാത്രം അവര്‍ നികുതി നല്‍കിയാല്‍ മതി- ട്രംപ് വ്യക്തമാക്കി.
50 ലക്ഷം ഡോളറിന്റെ നിക്ഷേപം നടത്താന്‍ തയ്യാറായി ട്രംപ് കാര്‍ഡിനായി കാത്തിരിക്കുന്നത് 1,000 പേരാണെന്ന് യു.എസ് കോമേഴ്‌സ് സെക്രട്ടറി ഹോവാഡ് ലുട്രിക്‌സ് പറഞ്ഞു. ലോകത്തുള്ള 3.7 കോടി നിക്ഷേപകര്‍ക്ക് ഇത് വാങ്ങാനുള്ള കഴിവുണ്ടെന്നാണ് യുഎസ് ഗവണ്‍മെന്റ് കണക്കാക്കുന്നത്. അമേരിക്കയുടെ ദേശീയ കടം ഗണ്യമായി കുറക്കാന്‍ ഈ നിക്ഷേപം കാരണമാകുമെന്നും ഹോവാഡ് ചൂണ്ടിക്കാട്ടി.
കുറഞ്ഞ നിക്ഷേപത്തില്‍ അമേരിക്കയില്‍ ഗ്രീന്‍കാര്‍ഡ് ലഭിക്കാന്‍ സഹായകമായിരുന്ന ഇബി-5 വിസ നിര്‍ത്തലാക്കുന്നത് ഇന്ത്യന്‍ നിക്ഷേപകരെ ബാധിക്കുമെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. 10 ലക്ഷം ഡോളറിന്റെ നിക്ഷേപകര്‍ക്കാണ് ഇബി-5 വിസ ലഭിച്ചിരുന്നത്. അത് എച്ച്1ബി വിസയിലേക്കുള്ള എളുപ്പ മാര്‍ഗമായിരുന്നു. ഇത് നിര്‍ത്തലാക്കുന്നത് ഇന്ത്യൻ നിക്ഷേപകരെ മറ്റ് രാജ്യങ്ങളിലേക്ക് പോകാന്‍ പ്രേരിപ്പിക്കുമെന്ന് ന്യൂയോര്‍ക്കിലെ സിഫിയാസ് എമിഗ്രേഷന്‍ എന്ന സ്ഥാപനത്തിന്റെ മാനേജിംഗ് ഡയറക്ടറായ വരുണ്‍ സിംഗ് ചൂണ്ടിക്കാട്ടി.
'' ഇബി-5 വിസ നിര്‍ത്തലാക്കുന്നത് ഇന്ത്യന്‍ നിക്ഷേപകര്‍ക്ക് കനത്ത തിരിച്ചടിയാണ്. അമേരിക്കയിലെ റിയല്‍ എസ്റ്റേറ്റ്, ഇന്‍ഫ്ര, ടെക്‌നോളജി സെക്ടറുകളില്‍ ഇന്ത്യക്കാര്‍ നിക്ഷേപം നടത്തുന്നത് ഈ വിസ ഉപയോഗിച്ചാണ്. പുതിയ സാഹചര്യത്തില്‍ ഇന്ത്യന്‍ നിക്ഷേപകര്‍ യുഎഇ, കാനഡ, ഗ്രീസ്, പോര്‍ച്ചുഗല്‍ തുടങ്ങിയ രാജ്യങ്ങളുടെ ഗോള്‍ഡന്‍ വിസകള്‍ക്ക് ശ്രമിക്കും.' വരുണ്‍ സിംഗ് പറയുന്നു.
അതേസമയം, ഇബി-5 വിസ നിര്‍ത്തലാക്കുന്നതിന് ട്രംപിന് നിയമപരമായ തടസങ്ങളുണ്ടെന്ന് നിയമവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. അമേരിക്കന്‍ കോണ്‍ഗ്രസിനാണ് ഈ വിസയില്‍ തീരുമാനമെടുക്കാനുള്ള അധികാരം. എതെങ്കിലും രീതിയിലുള്ള മാറ്റങ്ങള്‍ക്ക് കോണ്‍ഗ്രസിന്റെ അംഗീകാരം ആവശ്യമാണെന്നും നിയമ വിദഗ്ധര്‍ വ്യക്തമാക്കുന്നു. 2026 സെപ്തംബര്‍ 30 വരെ ഇബി-5 വിസക്ക് നിയമപരിരക്ഷയുണ്ടെന്നും അതിനിടിയില്‍ വിസ റദ്ദാക്കിയാല്‍ ട്രംപ് നിയമനടപടികള്‍ നേരിടേണ്ടി വരുമെന്നും എമിഗ്രേഷന്‍ മേഖലയിലെ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
Read DhanamOnline in English
Subscribe to Dhanam Magazine