

നിക്കോളസ് മഡ്യൂറോയെ അധികാരഭ്രഷ്ടനാക്കിയ യുഎസ് വെനസ്വേലയുടെ രാഷ്ട്രീയ നിയന്ത്രണം ഏറ്റെടുത്തേക്കുമെന്ന് സൂചന. സോഷ്യല്‍മീഡിയ പ്ലാറ്റ്‌ഫോമില്‍ വെനസ്വേലയുടെ ആക്ടിംഗ് പ്രസിഡന്റായി സ്വയം അവരോധിക്കുന്ന പോസ്റ്റ് ഷെയര്‍ ചെയ്താണ് ഡൊണള്‍ഡ് പുതിയ നീക്കത്തിന് തുടക്കമിട്ടിരിക്കുന്നത്.
വിക്കീപീഡിയ പേജിന് സമാനമായ ഡിസൈനില്‍ സ്വന്തം ഫോട്ടോ ഉള്‍പ്പെടുത്തി ആക്ടിംഗ് പ്രസിഡന്റ് ഓഫ് വെനസ്വേല എന്നെഴുതിയ ചിത്രമാണ് ട്രംപ് പങ്കുവച്ചിരിക്കുന്നത്. വെനസ്വേലയുടെ രാഷ്ട്രീയാധികാരം അമേരിക്കയുടെ കീഴിലാക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് കഴിഞ്ഞദിവസം യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍കോ റൂബിയോ വ്യക്തമാക്കിയിരുന്നു. എന്നാല്‍ പുതിയൊരു നേതാവിനെ കണ്ടെത്തുംവരെ വെനസ്വേലയെ അമേരിക്ക ഭരിക്കുമെന്നായിരുന്നു ട്രംപിന്റെ പ്രഖ്യാപനം. ഇതിനു തൊട്ടുപിന്നാലെയാണ് സോഷ്യല്‍മീഡിയ പോസ്റ്റും.
വെനസ്വേലയുടെ വലിയ എണ്ണസമ്പത്തും അപൂര്‍വധാതുക്കളുടെ വലിയ ശേഖരവും അമേരിക്കയെ മോഹിപ്പിക്കുന്നുണ്ട്. വെനസ്വേലയുടെ എണ്ണ വലിയതോതില്‍ യുഎസ് വാങ്ങുമെന്നും ഇത് വിറ്റുകിട്ടുന്ന പണം വെനസ്വേലയിലെയും യുഎസിലെയും ജനങ്ങള്‍ക്കുവേണ്ടി ചെലവഴിക്കുമെന്നും മുമ്പ് ട്രംപ് അവകാശപ്പെട്ടിരുന്നു.
നിക്കോളസ് മഡ്യൂറോയെ അറസ്റ്റ് ചെയ്ത് യുഎസിലേക്ക് കൊണ്ടുപോയതിന് തൊട്ടുപിന്നാലെ വൈസ് പ്രസിഡന്റ് ഡെല്‍സി റോഡ്രിഗസ് താല്‍ക്കാലിക പ്രസിഡന്റായി ചുമതലയേറ്റിരുന്നു.
വെനസ്വേലയിലും ഇറാനിലും വ്യത്യസ്ത രീതിയിലുള്ള രാഷ്ട്രീയ മാറ്റങ്ങള്‍ നടക്കുന്നത് രാജ്യാന്തര എണ്ണവിലയിലും പ്രതിഫലിക്കുന്നുണ്ട്. 60 ഡോളറില്‍ താഴെപ്പോയ ക്രൂഡ്ഓയില്‍ വില ഇപ്പോള്‍ 63 ഡോളര്‍ പിന്നിട്ടിട്ടുണ്ട്. വില ഇനിയും ഉയര്‍ന്നേക്കുമെന്നാണ് സൂചന.
Read DhanamOnline in English
Subscribe to Dhanam Magazine