സ്വന്തം ക്രിപ്‌റ്റോ കമ്പനിയിലൂടെ ട്രംപ് വാരിയത് ₹11,000 കോടി; വിശ്വസിച്ച് പണം മുടക്കിയ ചെറുകിടക്കാര്‍ക്ക് ₹19,000 കോടിയുടെ 'പണികിട്ടി'!

ട്രംപും മക്കളും ക്രിപ്‌റ്റോ കറന്‍സികളെയും ഇത്തരം കമ്പനികളെയും പ്രോത്സാഹിപ്പിച്ചപ്പോള്‍ കൈപൊള്ളിയത് സാധാരണ ചെറുകിട നിക്ഷേപകര്‍ക്കാണ്
സ്വന്തം ക്രിപ്‌റ്റോ കമ്പനിയിലൂടെ ട്രംപ് വാരിയത് ₹11,000 കോടി; വിശ്വസിച്ച് പണം മുടക്കിയ ചെറുകിടക്കാര്‍ക്ക് ₹19,000 കോടിയുടെ 'പണികിട്ടി'!
Published on

കുടുംബത്തിന്റെ പിന്തുണയോടെയുള്ള ക്രിപ്‌റ്റോ സംരംഭങ്ങളില്‍ നിന്നും മെമെ കോയിനുകളില്‍ (Meme Coins) നിന്നുമായി കഴിഞ്ഞ വര്‍ഷം ഡൊണാള്‍ഡ് ട്രംപ് സ്വന്തമാക്കിയത് ഏകദേശം 11,000 കോടിയിലധികം രൂപ. യു.എസ് ഓഫീസ് ഓഫ് ഗവണ്‍മെന്റ് എത്തിക്‌സ് പുറത്തുവിട്ട സാമ്പത്തിക രേഖകളിലാണ് ഇക്കാര്യമുള്ളത്. ട്രംപ് കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള 'വേള്‍ഡ് ലിബര്‍ട്ടി ഫിനാന്‍ഷ്യല്‍' (World Liberty Financial), ട്രംപ് മെമെ കോയിന്‍ എന്നിവയില്‍ നിന്നാണ് അദ്ദേഹത്തിന് ഈ വന്‍ വരുമാനം ലഭിച്ചത്.

ക്രിപ്‌റ്റോ വിപണിയിലൂടെയുള്ള വരുമാനം കുതിച്ചുയര്‍ന്നതോടെ ട്രംപിന്റെ ഓഹരി-ബോണ്ട് നിക്ഷേപങ്ങളിലും വന്‍ വര്‍ധനവുണ്ടായതായി റോയിട്ടേഴ്‌സ് റിപ്പോര്‍ട്ടില്‍ പറയുന്നു. യുഎസ് പ്രസിഡന്റായുള്ള ആദ്യ ടേമില്‍ ക്രിപ്‌റ്റോ കറന്‍സിയുടെ വലിയ വിമര്‍ശകനായിരുന്നു ട്രംപ്. എന്നാല്‍ രണ്ടാം ടേമില്‍ ക്രിപ്‌റ്റോ അനുകൂല നിലപാടിലേക്ക് മാറുകയും സ്വന്തം ക്രിപ്‌റ്റോ കമ്പനി സ്ഥാപിക്കുകയും ചെയ്തു.

താല്പര്യം പരമ്പരാഗത നിക്ഷേപങ്ങള്‍

ക്രിപ്‌റ്റോ അനുകൂല നിലപാടിലേക്ക് മാറിയെങ്കിലും ട്രംപിന് ഇപ്പോഴും താല്പര്യം പരമ്പരാഗത നിക്ഷേപ മാര്‍ഗങ്ങളെന്ന് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. ക്രിപ്‌റ്റോ ബിസിനസില്‍ നിന്ന് ലഭിച്ച തുകയുടെ ഭൂരിഭാഗവും അദ്ദേഹം ഓഹരികള്‍, ബോണ്ടുകള്‍ എന്നിവയിലേക്ക് മാറ്റി. 2024ന്റെ അവസാനം ട്രംപിന്റെ പരമ്പരാഗത നിക്ഷേപങ്ങള്‍ 22.5 കോടി ഡോളറിനും 60.8 കോടി ഡോളറിനും ഇടയിലായിരുന്നു. 2025 ഡിസംബറോടെ ഇത് കുത്തനെ ഉയര്‍ന്ന് 70.3 കോടി ഡോളര്‍ മുതല്‍ 260 കോടി ഡോളര്‍ വരെയായി വര്‍ധിച്ചു.

ക്രിപ്‌റ്റോ കൈവിടാതെ ട്രംപ് കുടുംബം

പരമ്പരാഗത നിക്ഷേപങ്ങളിലേക്ക് മാറിയെങ്കിലും ട്രംപ് ക്രിപ്‌റ്റോ കൈവിട്ടിട്ടില്ല. അഞ്ചുകോടി ഡോളറിലധികം മൂല്യമുള്ള 1,575 കോടി 'വേള്‍ഡ് ലിബര്‍ട്ടി ഫിനാന്‍ഷ്യല്‍' ഗവേണന്‍സ് ടോക്കണുകള്‍ ട്രംപിന്റെ കൈവശമുണ്ട്. കൂടാതെ, ട്രംപിന്റെ കമ്പനികളുടെ പക്കല്‍ കുറഞ്ഞത് 16 കോടി ഡോളര്‍ മൂല്യമുള്ള ബിറ്റ്‌കോയിന്‍ (Bitcoin), ഈഥര്‍ (Ether) എന്നിവയും മറ്റ് ലക്ഷക്കണക്കിന് ഡോളര്‍ മൂല്യമുള്ള ഡിജിറ്റല്‍ ടോക്കണുകളുമുണ്ട്.

പണം പോയത് സാധാരണ നിക്ഷേപകര്‍ക്ക്

ട്രംപും മക്കളും ക്രിപ്‌റ്റോ കറന്‍സികളെയും ഇത്തരം കമ്പനികളെയും പ്രോത്സാഹിപ്പിച്ചപ്പോള്‍ കൈപൊള്ളിയത് സാധാരണ ചെറുകിട നിക്ഷേപകര്‍ക്കാണ്. ട്രംപുമായി ബന്ധപ്പെട്ട നാല് പ്രധാന ക്രിപ്‌റ്റോ പ്രൊജക്ടുകളില്‍ നിക്ഷേപം നടത്തിയവര്‍ക്ക് ഏപ്രിലിലെ കണക്കനുസരിച്ച് ഏകദേശം 19,000 കോടിയിലധികം രൂപയാണ് നഷ്ടമായത്.

ക്രിപ്‌റ്റോ കറന്‍സികളെ പരസ്യമായി പ്രോത്സാഹിപ്പിക്കുമ്പോഴും സ്വന്തം സമ്പത്ത് സുരക്ഷിതമായ പരമ്പരാഗത വിപണിയില്‍ നിക്ഷേപിക്കുന്ന ട്രംപിന്റെ ഇരട്ടത്താപ്പാണ് ഇതിലൂടെ വ്യക്തമാകുന്നതെന്ന് സാമ്പത്തിക വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു.

എന്താണ് വേള്‍ഡ് ലിബര്‍ട്ടി ഫിനാന്‍ഷ്യല്‍?

ട്രംപിന്റെയും കുടുംബാംഗങ്ങളുടെയും ഉടമസ്ഥതയില്‍ 2024ല്‍ ആരംഭിച്ച ഒരു വികേന്ദ്രീകൃത ധനകാര്യ (Decentralized Finance - DeFi) പ്ലാറ്റ്ഫോമാണ് വേള്‍ഡ് ലിബര്‍ട്ടി ഫിനാന്‍ഷ്യല്‍. ഡിജിറ്റല്‍ കറന്‍സികള്‍ കടം കൊടുക്കാനും വാങ്ങാനും നിക്ഷേപിക്കാനും സാധിക്കുന്ന തരത്തിലാണ് ഈ സംരംഭം വിഭാവനം ചെയ്തിരിക്കുന്നത്.

വിപണിയില്‍ സ്വന്തമായി 'WLFI' എന്ന പേരില്‍ ഒരു ഗവേണന്‍സ് ടോക്കണും (Governance Token), യുഎസ് ഡോളറിന്റെ മൂല്യത്തിന് തുല്യമായ ഒരു സ്റ്റേബിള്‍കോയിനും (Stablecoin) കമ്പനി പുറത്തിറക്കിയിട്ടുണ്ട്. ഈ പദ്ധതിയുടെ വരുമാനത്തില്‍ വലിയൊരു പങ്ക് ട്രംപ് കുടുംബത്തിന് നേരിട്ട് ലഭിക്കുന്ന തരത്തിലാണ് ഇതിന്റെ ബിസിനസ് ഘടന.

Read DhanamOnline in English

Subscribe to Dhanam Magazine

logo
DhanamOnline
dhanamonline.com