

തീരുവ യുദ്ധത്തില്‍ പുതിയ നീക്കവുമായി യു.എസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ്. ചൈനയ്ക്കു മേല്‍ പ്രഖ്യാപിച്ച ഉയര്‍ന്ന തീരുവ ഈടാക്കുന്നത് 90 ദിവസത്തേക്ക് മരവിച്ചു. നവംബര്‍ 10 വരെ ഉയര്‍ന്ന താരിഫ് ഈടാക്കുന്നത് സംബന്ധിച്ച എക്‌സിക്യൂട്ടീവ് ഉത്തരവില്‍ ഒപ്പിട്ടതായി ട്രംപ് തന്നെയാണ് തന്റെ സോഷ്യല്‍മീഡിയ പ്ലാറ്റ്‌ഫോമിലൂടെ വ്യക്തമാക്കിയത്.
കഴിഞ്ഞ മാസം സ്റ്റോക്ക്‌ഹോമില്‍ യു.എസ്-ചൈന ഉദ്യോഗസ്ഥ തല ചര്‍ച്ച നടന്നിരുന്നു. ഈ ചര്‍ച്ചയില്‍ ഉയര്‍ന്നുവന്ന ധാരണപ്രകാരമാണ് ഇപ്പോഴത്തെ മാറ്റം. മോദി-പുടിന്‍ കൂടിക്കാഴ്ച്ച അധികം വൈകാതെ നടക്കും. ഈ ചര്‍ച്ചയില്‍ യുക്രൈയ്ന്‍ യുദ്ധത്തില്‍ പരിഹാരമുണ്ടാകുമെന്ന പ്രതീക്ഷയിലാണ് വ്യാപാരലോകം.
ഒന്നാംനമ്പര്‍ എതിരാളിയായ ചൈനയുമായി ഒത്തുതീര്‍പ്പിന്റെ പാത തിരഞ്ഞെടുത്ത ട്രംപിന്റെ നീക്കം ഇന്ത്യയെ സമ്മര്‍ദ്ദത്തിലാക്കാനാണെന്ന വാദവും ഉയരുന്നുണ്ട്. ഇന്ത്യന്‍ കാര്‍ഷിക വിപണി തുറന്നു കിട്ടാനായി യു.എസ് വലിയ സമ്മര്‍ദ്ദമാണ് ചെലുത്തുന്നത്. കോടിക്കണക്കിന് കര്‍ഷകരെ ബാധിക്കുമെന്നതിനാല്‍ ഇക്കാര്യത്തില്‍ യാതൊരു വിട്ടുവീഴ്ച്ചയ്ക്കുമില്ലെന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിലപാട്.
ഒരേസമയം എല്ലാ രാജ്യങ്ങളെയും വെല്ലുവിളിക്കുന്ന രീതിയിലായിരുന്നു തീരുവ വിഷയത്തില്‍ ട്രംപിന്റെ നീക്കങ്ങള്‍. എന്നാല്‍ തങ്ങള്‍ക്ക് കൂടുതല്‍ വാണിജ്യ താല്പര്യമുള്ള രാജ്യങ്ങളെ വരുതിയിലാക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഇപ്പോള്‍ യു.എസ് മുന്നോട്ടു പോകുന്നത്. ഇന്ത്യയ്ക്കുമേല്‍ ഏര്‍പ്പെടുത്തിയ താരിഫ് വര്‍ധനയില്‍ വിട്ടുവീഴ്ച്ചയില്ലാത്തതും ചൈനയ്ക്ക് ഇളവ് നല്കിയതും ഇതിന്റെ ഭാഗമെന്നാണ് വിലയിരുത്തല്‍.
പാക്കിസ്ഥാനോട് കൂടുതല്‍ അനുകൂല സമീപനമാണ് യു.എസിന്റെ ഭാഗത്തു നിന്ന് വരുന്നത്. അടുത്ത കാലത്ത് യു.എസ് പ്രസിഡന്റുമായി നിരന്തരം അടുത്ത് ഇടപഴകുന്ന പാക് സൈനിക മേധാവി അസീം മുനീറിന്റെ പ്രസ്താവനകളും ശ്രദ്ധേയമാണ്. ഇന്ത്യയ്‌ക്കെതിരായ പ്രകോപനപരമായ പ്രസംഗങ്ങളെ തള്ളാന്‍ പോലും യു.എസ് തയാറായില്ലെന്നത് ശ്രദ്ധേയമാണ്.
ബ്രിക്‌സ് രാജ്യങ്ങളുടെ കൂട്ടായ്മ ശക്തിപ്പെടുത്താന്‍ ഇന്ത്യയുടെ ഭാഗത്തു നിന്ന് ബോധപൂര്‍വമായ ഇടപെടല്‍ ഉണ്ടാകുന്നുണ്ട്. ഈ മാസം അവസാനം ചൈനയിലേക്ക് പ്രധാനമന്ത്രി മോദി പോകുന്നതും ഇതിന്റെ ഭാഗമാണ്. ബ്രസീലിയന്‍ പ്രസിഡന്റ് ലുലയുമായി ടെലിഫോണ്‍ സംഭാഷണം നടത്തിയതും ഈ നീക്കത്തിന്റെ ഭാഗമാണ്. യു.എസ് കൂടുതല്‍ തീരുവ ഏര്‍പ്പെടുത്തിയ രാജ്യങ്ങളിലൊന്നാണ് ബ്രസീല്‍.
Read DhanamOnline in English
Subscribe to Dhanam Magazine