

അമേരിക്കയിലേക്ക് ഇറക്കുമതി ചെയ്യുന്ന ജനറിക് (Generic) മരുന്നുകള്‍ക്ക് വന്‍ തോതില്‍ തീരുവ ചുമത്തുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ മുന്നറിയിപ്പ്. 2028 ഓഗസ്റ്റ് മുതലാണ് ഉയര്‍ന്ന താരിഫ് നിലവില്‍ വരിക. മരുന്ന് നിര്‍മാണം രാജ്യത്തിനുള്ളില്‍ തന്നെ ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെയാണ് പുതിയ നീക്കം.
പുതിയ പ്രഖ്യാപനപ്രകാരം 2026 ഓഗസ്റ്റ് 1 മുതല്‍ തുടര്‍ന്നുള്ള രണ്ട് വര്‍ഷത്തേക്ക് എല്ലാ ജനറിക് മരുന്നുകളുടെയും ഇറക്കുമതി തീരുവ പൂജ്യം ശതമാനമായി തുടരും. എന്നാല്‍ ഇതിനുശേഷം വരുന്ന ഒരു വര്‍ഷത്തേക്ക് തീരുവ 100 ശതമാനമായും, അതിനുശേഷം 200 ശതമാനമായും കുത്തനെ ഉയര്‍ത്തുമെന്ന് ട്രംപ് വ്യക്തമാക്കി. തന്റെ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ ട്രൂത്ത് സോഷ്യലിലൂടെയാണ് ട്രംപ് ഇക്കാര്യം പങ്കുവെച്ചത്.
നിര്‍ദ്ദിഷ്ട സമയപരിധിക്കുള്ളില്‍ യുഎസില്‍ സ്വന്തമായി പ്ലാന്റുകളും ഉപകരണങ്ങളും സ്ഥാപിക്കാത്ത മരുന്ന് കമ്പനികള്‍ക്ക് ഇതൊരു പിഴയായിരിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജനങ്ങളുടെ സുരക്ഷ മുന്‍നിര്‍ത്തിയാണ് നയമെന്നും പേറ്റന്റുള്ളതും ബ്രാന്‍ഡഡ് ആയതുമായ മരുന്നുകളുടെ മുന്‍ നയം തുടരുമെന്നും ട്രംപ് വ്യക്തമാക്കി.
ബ്രാന്‍ഡഡ് മരുന്നുകള്‍ നിര്‍മ്മിക്കുന്ന സ്ഥാപനങ്ങളുമായി ധാരണയിലെത്തുകയോ നിര്‍മാണം യുഎസിലേക്ക് മാറ്റുകയോ ചെയ്തില്ലെങ്കില്‍ 100% താരിഫ് ചുമത്തുന്ന ഉത്തരവില്‍ കഴിഞ്ഞ ഏപ്രില്‍ രണ്ടിന് ട്രംപ് ഒപ്പുവെച്ചിരുന്നു.
ലോകത്തിന്റെ 'ഫാര്‍മസി' എന്നറിയപ്പെടുന്ന ഇന്ത്യയ്ക്കാണ് ഈ നയം ഏറ്റവും വലിയ തിരിച്ചടിയാകുക. അമേരിക്കയിലേക്ക് ഏറ്റവും കൂടുതല്‍ ജനറിക് മരുന്നുകള്‍ കയറ്റുമതി ചെയ്യുന്നത് ഇന്ത്യയാണ്. പ്രമേഹം, രക്തസമ്മര്‍ദ്ദം, അര്‍ബുദം, പകര്‍ച്ചവ്യാധികള്‍, മാനസികാരോഗ്യം തുടങ്ങിയവയ്ക്കുള്ള ഇന്ത്യന്‍ ജനറിക് മരുന്നുകള്‍ക്ക് യുഎസില്‍ വലിയ ആവശ്യക്കാരാണുള്ളത്.
2025-ല്‍ ഇന്ത്യ 9.7 ബില്യണ്‍ ഡോളറിന്റെ ഫാര്‍മസ്യൂട്ടിക്കല്‍ ഉത്പന്നങ്ങളാണ് യുഎസിലേക്ക് കയറ്റി അയച്ചത്. ഇന്ത്യയുടെ ആകെ ആഗോള ഫാര്‍മ കയറ്റുമതിയായ 25.8 ബില്യണ്‍ ഡോളറിന്റെ 38 ശതമാനത്തോളമാണിത്.
യുഎസുമായുള്ള ഇടക്കാല വ്യാപാര കരാര്‍ വേഗത്തിലാക്കാന്‍ ഇന്ത്യ വിസമ്മതിച്ചതായി നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. കാര്‍ഷികമേഖലയുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ വിട്ടുവീഴ്ച ചെയ്യാന്‍ ഇരുരാജ്യങ്ങളും തയാറാകാത്തതിനെത്തുടര്‍ന്നാണ് ചര്‍ച്ച വഴിമുട്ടിയതെന്നാണ് റോയിട്ടേഴ്‌സ് അടക്കം റിപ്പോര്‍ട്ട് ചെയ്യുന്നത്. രാജ്യത്തിന്റെ ദീര്‍ഘകാല താല്പര്യങ്ങള്‍ക്ക് അനുയോജ്യമായ കരാറുകളില്‍ മാത്രമേ ഒപ്പുവെക്കൂ എന്ന നിലപാടിലാണ് ഇന്ത്യ.
Read DhanamOnline in English
Subscribe to Dhanam Magazine