യു.എസ് പൗരത്വം നേടാന്‍ എളുപ്പവഴി, ട്രംപിന്റെ ഗോള്‍ഡന്‍ കാര്‍ഡ് രജിസ്‌ട്രേഷന്‍ ഒരാഴ്ചക്കുള്ളില്‍; പക്ഷേ അമേരിക്കന്‍ സമ്പന്നര്‍ മറ്റൊരു രാജ്യത്തേക്ക്

അഞ്ച് മില്യന്‍ ഡോളര്‍ അമേരിക്കയില്‍ നിക്ഷേപിക്കുന്നവര്‍ക്കാണ് ഗോള്‍ഡന്‍ കാര്‍ഡ് ലഭിക്കുക
US President Donald Trump visa background
Canva, facebook/ Donald Trump
Published on

യു.എസില്‍ സ്ഥിരതാമസം ഉറപ്പാക്കുന്ന ഗോള്‍ഡ് കാര്‍ഡിനുള്ള രജിസ്‌ട്രേഷന്‍ ഉടന്‍ തുടങ്ങുമെന്ന് റിപ്പോര്‍ട്ട്. ഏകദേശം 5 മില്യന്‍ ഡോളര്‍ (ഏകദേശം 42.98 കോടി രൂപ) മുടക്കാന്‍ സാധിക്കുന്ന വിദേശികള്‍ക്കാണ് ഈ സൗകര്യമെന്ന് യു.എസ് കൊമേഴ്‌സ് സെക്രട്ടറി ഹോവാര്‍ഡ് ലുട്‌നിക്ക് പറഞ്ഞു. ഒരാഴ്ച്ചക്കുള്ളില്‍ ഇതിനുള്ള വെബ്‌സൈറ്റ് പ്രവര്‍ത്തനം തുടങ്ങുമെന്നും അദ്ദേഹം പറഞ്ഞു. ഇത് സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ അടുത്ത ആഴ്ച പുറത്തുവരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എന്താണ് ഗോള്‍ഡ് കാര്‍ഡ്

നിലവില്‍ യു.എസിലുള്ള ഇ.ബി-5 ഇമിഗ്രന്റ് ഇന്‍വെസ്റ്റര്‍ വിസക്ക് പകരമാണ് ഗോള്‍ഡ് കാര്‍ഡ് അവതരിപ്പിക്കുന്നത്. 1.8 മില്യന്‍ ഡോളര്‍ അമേരിക്കയിലോ ഇതിന്റെ പകുതി തുക സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന പ്രദേശങ്ങളിലോ നിക്ഷേപിക്കുന്നവര്‍ക്കാണ് ഇ.ബി-5 വിസക്കുള്ള അര്‍ഹത. ഇതിന് പകരം ഇക്കൊല്ലം ഫെബ്രുവരിയിലാണ് യു.എസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ് ഗോള്‍ഡന്‍ കാര്‍ഡ് വിഭാവനം ചെയ്തത്. 5 മില്യന്‍ ഡോളറാണ് ഇതിന് വേണ്ടി നിക്ഷേപിക്കേണ്ടത്. അമേരിക്കയില്‍ സ്ഥിരതാമസം ഉറപ്പാക്കുന്ന ഗ്രീന്‍കാര്‍ഡിന് തുല്യമായ പദവി ഇതിലൂടെ ലഭിക്കും. ക്രമേണ ഇവര്‍ക്ക് അമേരിക്കന്‍ പൗരത്വം നല്‍കുമെന്നും ലുട്‌നിക്ക് വിശദീകരിക്കുന്നു. ഇതിലൂടെ സമ്പന്നരായ ധാരാളം പേര്‍ യു.എസിലെത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കോണ്‍ഗ്രസ് കടമ്പ കടക്കണം

അതേസമയം, യു.എസില്‍ വിസ നിയമങ്ങളില്‍ മാറ്റം വരുത്താനുള്ള അധികാരം നിയമ നിര്‍മാണ സഭയായ കോണ്‍ഗ്രസിനാണ്. ഇത് ലഭിച്ചാലുടന്‍ രജിസ്‌ട്രേഷന്‍ തുടങ്ങാനാണ് ട്രംപ് സര്‍ക്കാരിന്റെ നീക്കമെന്നാണ് വിവരം. യു.എസിന്റെ 36 ലക്ഷം കോടി ഡോളര്‍ വരുന്ന പൊതുകടം വീട്ടാന്‍ കഴിയുന്ന ഗോള്‍ഡന്‍ കാര്‍ഡ് പദ്ധതിയെ കോണ്‍ഗ്രസ് എതിര്‍ക്കാന്‍ വഴിയില്ലെന്നാണ് കരുതുന്നത്. രണ്ട് ലക്ഷം പേര്‍ക്ക് ഗോള്‍ഡന്‍ വിസ നല്‍കിയാലും യു.എസിലേക്ക് ഒഴുകിയെത്തുന്നത് ഒരുലക്ഷം കോടി ഡോളറാണെന്നും കണക്കുകള്‍ പറയുന്നു. അടുത്തിടെ ട്രംപ് നടത്തിയ മിഡില്‍ ഈസ്റ്റ് സന്ദര്‍ശനത്തിനിടെ ഗോള്‍ഡന്‍ വിസയെടുക്കാന്‍ തത്പരരായി നിരവധി പേര്‍ രംഗത്തെത്തിയതായും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

അമേരിക്കക്കാര്‍ വരി നില്‍ക്കുന്നത് ഈ രാജ്യത്തേക്ക്

അതേസമയം, അടുത്തിടെ ന്യൂസിലാന്റിലേക്കുള്ള ഗോള്‍ഡന്‍ വിസ ചട്ടങ്ങള്‍ എളുപ്പമാക്കിയതോടെ ഇതിനുള്ള അപേക്ഷകള്‍ കുത്തനെ ഉയര്‍ന്നതായും റിപ്പോര്‍ട്ടുണ്ട്. ഇതില്‍ ഏറ്റവും കൂടുതല്‍ അപേക്ഷകള്‍ യു.എസ് പൗരന്മാരുടേതാണെന്നതാണ് വിചിത്രം. ന്യൂസിലാന്റിലെ ഗോള്‍ഡന്‍ വിസ ലഭിക്കാന്‍ 5 മില്യന്‍ ന്യൂസിലാന്റ് ഡോളര്‍ (ഏകദേശം 3 മില്യന്‍ അമേരിക്കന്‍ ഡോളര്‍) മതിയെന്നതാണ് പ്രധാന ആകര്‍ഷണം. നേരത്തെ കുറഞ്ഞത് 3 വര്‍ഷം രാജ്യത്ത് താമസിക്കണമെന്നായിരുന്നു ചട്ടം. ഇത് 21 ദിവസമാക്കി കുറച്ചു. ഇമിഗ്രേഷന്‍ നടപടികള്‍ക്ക് വേണ്ട സമയപരിധി 11 ദിവസമാക്കിയും കുറച്ചു. ഇതോടെയാണ് വിസ അപേക്ഷകര്‍ കൂടിയത്.

അമേരിക്കന്‍ സമ്പന്നര്‍ക്ക് ട്രംപിനെ മടുത്തോ?

യു.എസിലെ രാഷ്ട്രീയമാണ് സമ്പന്നരെ മറ്റ് രാജ്യങ്ങളിലേക്ക് കുടിയേറാന്‍ പ്രേരിപ്പിക്കുന്നതെന്ന് വിദഗ്ധര്‍ പറയുന്നു. ട്രംപിന്റെ വിദേശ-വ്യാപാര നയങ്ങളില്‍ ഇപ്പോഴും അനിശ്ചിതത്വം നിലനില്‍ക്കുന്നുണ്ട്. പോര്‍ച്ചുഗല്‍, അയര്‍ലന്റ് തുടങ്ങിയ രാജ്യങ്ങള്‍ വിസ നിയമങ്ങള്‍ കടുപ്പിച്ചതും ന്യൂസിലാന്റിലേക്കുള്ള കുടിയേറ്റം വര്‍ധിപ്പിച്ചെന്നാണ് കരുതുന്നത്.

Donald Trump’s $5 million “Gold Card” visa plan allows wealthy foreigners to register for U.S. permanent residency within a week, says Howard Lutnick.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com