സൗത്ത് ഇന്ത്യയില്‍ ഒരുലക്ഷം കോടി രൂപ നിക്ഷേപിക്കാന്‍ ട്രംപ് ഗ്രൂപ്പ്, യു.എസിന് പുറത്തുള്ള ഏറ്റവും വലിയ നിക്ഷേപം

20 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇന്ത്യന്‍ സാങ്കേതിക വിദ്യ കോള്‍ സെന്ററുകളെ അടിസ്ഥാനമാക്കിയായിരുന്നു. ഇന്ന് ലോകത്തിലെ ടെക് കമ്പനികളെ നയിക്കുന്നത് ആരാണെന്ന് പരിശോധിച്ചാല്‍ ഇന്ത്യയുടെ വളര്‍ച്ച കാണാന്‍ കഴിയും
US President Donald Trump saluting
Donald trumpFacebook / Donald Trump
Published on

സൗത്ത് ഇന്ത്യയില്‍ ഒരുലക്ഷം കോടി രൂപയോളം നിക്ഷേപം നടത്താന്‍ യു.എസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപിന്റെ നേതൃത്വത്തിലുള്ള ട്രംപ് ഗ്രൂപ്പ്. അടുത്ത പത്ത് വര്‍ഷത്തിനിടയില്‍ തെലങ്കാനയിലാണ് നിക്ഷേപം നടത്തുക. സാധ്യമായാല്‍ യു.എസിന് പുറത്ത് ട്രംപ് ഗ്രൂപ്പ് നടത്തുന്ന ഏറ്റവും വലിയ നിക്ഷേപങ്ങളിലൊന്നാകും ഇതെന്ന് ബിസിനസ് സ്റ്റാര്‍ഡേര്‍ഡ് റിപ്പോര്‍ട്ട് ചെയ്യുന്നു.

തെലങ്കാനയില്‍ സ്ഥാപിക്കാനിരിക്കുന്ന ഭാരത് ഫ്യൂച്ചര്‍ സിറ്റിയിലും റിയല്‍ എസ്റ്റേറ്റ് രംഗത്തുമാകും ട്രംപ് ഗ്രൂപ്പിന്റെ നിക്ഷേപം. അടുത്ത പത്ത് വര്‍ഷങ്ങള്‍ക്കുള്ളില്‍ ഒരു ലക്ഷം കോടി നിക്ഷേപം നടത്തുമെന്ന് ട്രംപ് മീഡിയ ആന്‍ഡ് ടെക്‌നോളജി ഗ്രൂപ്പ് ഡയറക്ടര്‍ എറിക് സ്വിഡര്‍ പറഞ്ഞു. കഴിഞ്ഞ ദിവസം ആരംഭിച്ച തെലങ്കാന റൈസിംഗ് ഗ്ലോബല്‍ സമ്മിറ്റില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സാങ്കേതിക വിദ്യയുടെ കാര്യത്തില്‍ ഇന്ത്യ വലിയ കുതിപ്പിലാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. നിക്ഷേപിക്കാന്‍ താത്പര്യമുള്ള നിരവധി കാര്യങ്ങള്‍ ഇന്ത്യയിലുണ്ട്. 20 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇന്ത്യന്‍ സാങ്കേതിക വിദ്യ കോള്‍ സെന്ററുകളെ അടിസ്ഥാനമാക്കിയായിരുന്നു. ഇന്ന് ലോകത്തിലെ ടെക് കമ്പനികളെ നയിക്കുന്നത് ആരാണെന്ന് പരിശോധിച്ചാല്‍ ഇന്ത്യയുടെ വളര്‍ച്ച കാണാന്‍ കഴിയും. ലോകത്തിലെ സാമ്പത്തിക ശക്തികള്‍ ഇന്ത്യയിലേക്കാണ് നോക്കിയിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഭാരത് ഫ്യൂച്ചര്‍ സിറ്റി

രേവന്ദ് റെഡ്ഡി സര്‍ക്കാര്‍ രൂപം നല്‍കിയ അത്യാധുനിക സൗകര്യങ്ങളുള്ള അര്‍ബന്‍ സെന്ററാണ് ഭാരത് ഫ്യൂച്ചര്‍. ശ്രീശൈലത്തിനും നാഗാര്‍ജുന സാഗര്‍ ഹൈവേയ്ക്കും ഇടയില്‍ മീര്‍ഖാന്‍പേട്ടിലാണ് ഇതിനുള്ള സ്ഥലം കണ്ടെത്തിയിരിക്കുന്നത്. 765 സ്‌ക്വയര്‍ കിലോമീറ്റര്‍ സ്ഥലത്ത് വമ്പന്‍ പദ്ധതികള്‍ യാഥാര്‍ത്ഥ്യമാക്കുന്നതിനുള്ള ആലോചനയിലാണ് സര്‍ക്കാര്‍. ഒരു വര്‍ഷം മുമ്പ് വരെ ആര്‍ക്കും വേണ്ടാതിരുന്ന പ്രദേശം പദ്ധതി പ്രഖ്യാപിച്ചതോടെ റിയല്‍ എസ്‌റ്റേറ്റ് ഹോട്ട്‌സ്‌പോട്ടായി. ഒരു വര്‍ഷത്തിനിടെ ഭൂമിവില ഏക്കറിന് ഒരു കോടിയില്‍ നിന്ന് ആറുകോടിയിലേക്ക് കുതിച്ചു.

ചലച്ചിത്ര താരം അജയ് ദേവഗണിന്റെ ഫിലിം സിറ്റി ഇവിടെ തുടങ്ങുമെന്ന് അറിയിച്ചിട്ടുണ്ട്. കൂടാതെ റിലയന്‍സ് ഫൗണ്ടേഷന്‍ വന്താരയുടെ മാതൃകയില്‍ മൃഗസംരക്ഷണ കേന്ദ്രവും പ്രഖ്യാപിച്ചു. അന്താരാഷ്ട്ര ഹോട്ടലുകള്‍ ഉള്‍പ്പെടെ 3,000 കോടിയോളം രൂപയുടെ വമ്പന്‍ പദ്ധതികളാണ് ഇവിടെ വരുന്നത്.

ട്രംപിന്റെ ഇന്ത്യന്‍ നിക്ഷേപം

ഇതിനോടകം തന്നെ ഇന്ത്യന്‍ ബിസിനസ് രംഗത്ത് ചുവടുറപ്പിച്ച പേരാണ് ട്രംപ്. രാജ്യത്തിന്റെ വിവിധയിടങ്ങളിലാണ് ട്രംപ് ടവറുകള്‍ ഉയരുന്നത്. നേരിട്ട് നിക്ഷേപിക്കുന്നതിന് പകരം ട്രംപിന്റെ ബ്രാന്‍ഡ് ഉപയോഗിച്ച് പ്രാദേശിക റിയല്‍ എസ്റ്റേറ്റ് കമ്പനികളുമായി ചേര്‍ന്നാണ് നിര്‍മാണം. മുംബൈ, പൂനെ, ഗുരുഗ്രാം, കൊല്‍ക്കത്ത എന്നീ നഗരങ്ങളിലാണ് ആധുനിക ആഡംബര കെട്ടിടങ്ങള്‍ ഉയരുന്നത്.

Trump Group to invest nearly ₹1 trillion in Telangana, marking one of the largest investments in the region.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com