
ഇന്ത്യയുമായി വലിയ വ്യാപാര കരാറിലെത്തുമെന്ന സൂചന നല്‍കി യു.എസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ്. ചൈനയുമായി വ്യാപാര കരാര്‍ ഒപ്പിട്ടതായും അദ്ദേഹം പറഞ്ഞു. അടുത്തിടെ അവതരിപ്പിച്ച നികുതി ബില്ലുമായി ബന്ധപ്പെട്ട ചടങ്ങില്‍ സംസാരിക്കുമ്പോഴായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം.
എല്ലാവരും യു.എസുമായി കരാറുണ്ടാക്കാനാണ് ആഗ്രഹിക്കുന്നതെന്ന് ട്രംപ് പറഞ്ഞു. താരിഫ് വിഷയത്തില്‍ ആരെങ്കിലും താത്പര്യം പ്രകടിപ്പിച്ചോ എന്നാണ് കുറച്ച് മാസങ്ങള്‍ക്ക് മുമ്പ് വരെ മാധ്യമങ്ങള്‍ പറഞ്ഞിരുന്നത്. എന്നാല്‍ ചൈനയുമായി കഴിഞ്ഞ ദിവസം വ്യാപാര കരാറിലെത്തി. വമ്പന്‍ നീക്കുപോക്കുകള്‍ നടന്നുവരികയാണ്. ചിലപ്പോള്‍ ഇന്ത്യയുമായി വലിയൊരു കരാറിലെത്തും. അതൊരു വലിയൊരു കരാറായിരിക്കും. ഞങ്ങള്‍ ഇന്ത്യയിലേക്കും ചൈനയിലേക്കും കടക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എന്നാല്‍ എല്ലാ രാജ്യങ്ങളുമായും വ്യാപാര കരാറിലെത്തില്ലെന്നും ട്രംപ് വിശദീകരിച്ചു. എല്ലാവരുമായും കരാറിലെത്താന്‍ ഞങ്ങള്‍ ഒരുക്കമല്ല. ചിലരോട് നന്ദി മാത്രം പറഞ്ഞ് പിരിയും. അവര്‍ 25,35,45 ശതമാനം വരെ നികുതി അടക്കേണ്ടി വരും. അതാണ് ഏറ്റവും എളുപ്പമുള്ള വഴി. എന്നാല്‍ പലരും അത് വേണമെന്ന് ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇന്ത്യയടക്കമുള്ള രാജ്യങ്ങളുടെ മേല്‍ ട്രംപ് ചുമത്തിയ പകരച്ചുങ്കം നടപ്പിലാക്കുന്നതിനുള്ള 90 ദിവസത്തെ അവധി ജൂലൈ 9ന് അവസാനിക്കാന്‍ ഇരിക്കെയാണ് പുതിയ പരാമര്‍ശങ്ങള്‍. പകരച്ചുങ്കം നടപ്പിലാക്കുന്നതിനുള്ള തീയതി നീട്ടിയേക്കുമെന്ന് നേരത്തെ തന്നെ സൂചനകളുണ്ടായിരുന്നു. ഒപ്പം വ്യാപാര കരാറിലെ വ്യവസ്ഥകള്‍ വ്യക്തമാക്കി ബന്ധപ്പെട്ട രാജ്യങ്ങള്‍ക്ക് കത്തയക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഏപ്രില്‍ രണ്ടിനാണ് ആഗോള വിപണിയെ പിടിച്ചു കുലുക്കി ഇന്ത്യയും ചൈനയും അടക്കമുള്ള നൂറോളം രാജ്യങ്ങളുടെ മേല്‍ ട്രംപ് പകരച്ചുങ്കം ചുമത്തിയത്. പകരച്ചുങ്കം ഒഴിവാക്കാനും യു.എസുമായി വ്യാപാര കരാറിലെത്തുവാനും 90 ദിവസത്തെ അവധിയും പിന്നീട് ട്രംപ് അനുവദിച്ചു.
ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാര കരാറുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ നടക്കുന്നുണ്ടെങ്കിലും ഇതുവരെയും സമവായത്തിലെത്തിയിട്ടില്ല. എന്നാല്‍ ഇന്ത്യയും യു.എസും ഉടന്‍ പ്രാബല്യത്തിലാകുമെന്ന് അടുത്തിടെ യു.എസ് കൊമേഴ്‌സ് സെക്രട്ടറി ഹോവാര്‍ഡ് ലുട്‌നിക്ക് പറഞ്ഞിരുന്നു. വ്യവസായ മന്ത്രി പിയൂഷ് ഗോയലും സമാനമായ പ്രസ്താവന നടത്തിയിരുന്നു. ഇരുരാജ്യങ്ങള്‍ക്കും ഗുണകരമായ രീതിയിലായിരിക്കും വ്യാപാര കരാറിലെ വ്യവസ്ഥകള്‍ തയ്യാറാക്കുന്നതെന്നും അദ്ദേഹം പറഞ്ഞിരുന്നു.
ഇന്ത്യ-യു.എസ് വ്യാപാര കരാര്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാരത്തില്‍ വലിയ മാറ്റമുണ്ടാക്കുമെന്നാണ് കരുതുന്നത്. കുറഞ്ഞ താരിഫ് നടപ്പിലാകുന്നതോടെ എനര്‍ജി, കൃഷി, പ്രതിരോധം, ഏവിയേഷന്‍ മേഖലയില്‍ യു.എസ് ഉത്പന്നങ്ങള്‍ കൂടുതല്‍ മത്സരാത്മകമാകുമെന്നാണ് കരുതുന്നത്. ഇത് അമേരിക്കന്‍ കയറ്റുമതിക്കാര്‍ക്ക് കൂടുതല്‍ പ്രയോജനകരമാകുമെന്നാണ് ധനമന്ത്രാലയത്തിന്റെ വിലയിരുത്തല്‍. ഇന്ത്യയിലേക്കുള്ള യു.എസ് ഉത്പന്നങ്ങളുടെ ഇറക്കുമതി കാര്യമായി വര്‍ധിക്കുമെന്നാണ് ക്രെഡിറ്റ് റേറ്റിംഗ് ഏജന്‍സിയായ ക്രിസില്‍ (CRISIL) പറയുന്നത്. യു.എസിലേക്കുള്ള ഇന്ത്യന്‍ ഉത്പന്നങ്ങള്‍ക്ക് ഇതിനോടകം തന്നെ കാര്യമായ ഇളവുകള്‍ ലഭിക്കുന്നുണ്ടെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ (2024-25) ഇന്ത്യ-യു.എസ് വ്യാപാരം 131.84 ബില്യന്‍ ഡോളറില്‍ (ഏകദേശം 11.29 ലക്ഷം കോടി രൂപ) എത്തിയിരുന്നു.
അതേസമയം, ഇന്ത്യന്‍ ഉത്പന്നങ്ങള്‍ യു.എസിലേക്ക് കയറ്റുമതി ചെയ്യുന്നതിന് പകരം അമേരിക്കയില്‍ നിന്നുള്ള കാര്‍ഷിക ഉത്പന്നങ്ങള്‍ ഇന്ത്യയില്‍ വില്‍ക്കാന്‍ അനുവദിക്കുന്ന വ്യവസ്ഥകള്‍ കരാറിലുണ്ടാകുമോയെന്ന ആശങ്കയും ശക്തമാണ്. അമേരിക്കയില്‍ നിന്നുള്ള വാള്‍നട്ട്, പിസ്റ്റാച്ചിയോ, ക്രാന്‍ബെറീസ് തുടങ്ങിയവ കൂടുതലായി ഇന്ത്യയിലെത്തുമെന്ന് ഉറപ്പായിട്ടുണ്ട്. എന്നാല്‍, യു.എസ് നിര്‍മിത ഗോതമ്പ്, ചോളം, അരി, സോയ, കരിമ്പ്, പാലുത്പന്നങ്ങള്‍ എന്നിവ ഇന്ത്യന്‍ വിപണിയിലെത്താനുള്ള സാധ്യതയുണ്ടെന്നാണ് ചില റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ജനസംഖ്യയില്‍ പകുതിയോളം ജനങ്ങളും ഇപ്പോഴും ആശ്രയിക്കുന്ന കൃഷി, പാലുത്പാദനം എന്നീ മേഖലകളില്‍ ഇതുവരെയും നേരിട്ടുള്ള വിദേശ ഇടപെടല്‍ ഇന്ത്യ അനുവദിച്ചിരുന്നില്ല. പുതിയ കരാറിന്റെ ഭാഗമായി ഇവ ഇന്ത്യയിലെത്താന്‍ അനുവദിച്ചാല്‍ കാര്‍ഷിക മേഖലയില്‍ വലിയ പ്രതിസന്ധിയുണ്ടാകുമെന്നാണ് വിലയിരുത്തല്‍. നിലവില്‍ യു.എസില്‍ നിന്നുള്ള കാര്‍ഷികോത്പന്നങ്ങള്‍ക്ക് 30 ശതമാനം നികുതിയാണ് ഇന്ത്യ ഈടാക്കുന്നത്. യു.എസിലെത്തുന്ന ഇന്ത്യന്‍ ഉത്പന്നങ്ങള്‍ക്ക് 5 ശതമാനമാണ് നികുതി.
As Donald Trump signed a major trade agreement with China, he hinted at a “very big” trade deal with India coming soon, signaling deeper economic ties.
Read DhanamOnline in English
Subscribe to Dhanam Magazine