

സമ്പന്നരായ കുടിയേറ്റക്കാരെ യു.എസിലേക്ക് ആകര്‍ഷിക്കാന്‍ പുതിയ സംരംഭവുമായി പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. യുഎസ് പൗരത്വം നേരിട്ട് സ്വന്തമാക്കാന്‍ കുറച്ചു കൂടി ലളിതമായ ട്രംപ് ഗോൾഡ് കാർഡ് എന്ന സംരംഭമാണ് പുതുതായി അവതരിപ്പിച്ചത്. 50 ലക്ഷം ഡോളറാണ് (ഏകദേശം 43.50 കോടി രൂപ) ഈ കാര്‍ഡിന് വിലയായി നിശ്ചയിച്ചിരിക്കുന്നത്.
ഉയർന്ന ആസ്തിയുള്ള വ്യക്തികളെ അമേരിക്കയിലേക്ക് ആകർഷിക്കുന്നതിനോടൊപ്പം സർക്കാരിന് മികച്ച വരുമാനം ഉണ്ടാക്കുക കൂടിയാണ് ട്രംപ് ലക്ഷ്യമിടുന്നത്. യു.എസ് ഗ്രീൻ കാർഡിന്റെ പ്രീമിയം പതിപ്പായാണ് ഈ കാർഡ് അവതരിപ്പിച്ചിരിക്കുന്നത്.
സമ്പന്നരായ ആളുകൾക്ക് കുടിയേറ്റം എളുപ്പമാക്കുന്നതാണ് കാര്‍ഡ്. അവർ രാജ്യത്ത് ധാരാളം പണം ചെലവഴിക്കുകയും സര്‍ക്കാരിന് ധാരാളം നികുതികൾ നൽകുകയും ധാരാളം ആളുകൾക്ക് ജോലി നൽകുകയും ചെയ്യുമെന്നാണ് ട്രംപ് ഭരണകൂടം കണക്കുക്കൂട്ടുന്നത്. രാജ്യത്ത് ധന കമ്മി കുറയ്ക്കാനും ഈ പരിപാടി സഹായിക്കുമെന്നാണ് ട്രംപ് കരുതുന്നത്. ഒരു കോടി ഗോൾഡ് കാർഡുകൾ വരെ വിൽക്കാനുള്ള പദ്ധതിയാണ് ട്രംപിനുളളത്.
രണ്ടാഴ്ചയ്ക്കുള്ളിൽ ഈ പ്രോഗ്രാം ആരംഭിക്കുമെന്നാണ് ട്രംപ് അറിയിച്ചിരിക്കുന്നത്. ഇതിന് യു.എസ് കോൺഗ്രസിന്റെ അംഗീകാരം ആവശ്യമില്ല. പരിപാടി എങ്ങനെ നടപ്പാക്കുമെന്നതിനെക്കുറിച്ചുള്ള വിശദാംശങ്ങൾ അധികൃതര്‍ വ്യക്തമാക്കിയിട്ടില്ല.
നിലവിലുള്ള ഇ.ബി-5 ഇമിഗ്രന്റ് ഇൻവെസ്റ്റർ വീസ പ്രോഗ്രാമിന് പകരമായിട്ടാണ് ഗോൾഡ് കാർഡ് അവതരിപ്പിക്കുന്നത്. ഇ.ബി-5 സംവിധാനം കാര്യക്ഷമമല്ലാത്തതും കാലഹരണപ്പെട്ടതുമാണെന്നാണ് ട്രംപിന്റെ അഭിപ്രായം. 1.8 മില്യൺ യുഎസ് ഡോളർ നിക്ഷേപിക്കണം, കുറഞ്ഞത് പത്ത് യുഎസ് തൊഴിലവസരങ്ങളെങ്കിലും സൃഷ്ടിക്കണം തുടങ്ങിയവയാണ് ഈ കാര്‍ഡ് ലഭിക്കുന്നതിനുളള വ്യവസ്ഥകള്‍.
ഇ.ബി-5 ൽ നിന്ന് വ്യത്യസ്തമായി ഗോൾഡ് കാർഡ് പ്രോഗ്രാം പ്രധാനമായും യു.എസ് സർക്കാരിന് നേരിട്ടാണ് പണം നല്‍കേണ്ടത്. അതിനാല്‍ തന്നെ ഇ.ബി-5 നെ അപേക്ഷിച്ച് കാര്‍ഡ് ലഭിക്കുന്നതിനുളള പ്രക്രിയകള്‍ കുറച്ചു കൂടി ലളിതമാണ്.
Read DhanamOnline in English
Subscribe to Dhanam Magazine