മിഡില്‍ ഈസ്റ്റില്‍ സമാധാനമെത്തുമോ? ഗസയില്‍ 60 ദിവസത്തെ വെടിനിറുത്തല്‍, ഇസ്രയേല്‍ സമ്മതിച്ചു, ഹമാസ് അംഗീകരിച്ചില്ലെങ്കില്‍ കാര്യങ്ങള്‍ വഷളാകുമെന്നും ട്രംപ്

ഇസ്രയേലും ഇറാനും തമ്മില്‍ 12 ദിവസം നീണ്ടുനിന്ന യുദ്ധവും ഇന്ത്യ-പാക്കിസ്ഥാന്‍ സംഘര്‍ഷവും പരിഹരിച്ചതും താനാണെന്നാണ് ട്രംപിന്റെ അവകാശവാദം
Israel prime minister Benjamin Nethanyahu US president Donald Trump
Facebook / Prime minister of Israel
Published on

ഹമാസ് തടങ്കലിലാക്കിയ ബന്ദികളെ മോചിപ്പിക്കുന്നതിന് ഗസയില്‍ 60 ദിവസത്തെ വെടിനിറുത്തലിന് ഇസ്രയേല്‍ സമ്മതിച്ചെന്ന് യു.എസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ്. കരാറിലെ വ്യവസ്ഥകള്‍ അംഗീകരിക്കാന്‍ ഹമാസിനോട് ആവശ്യപ്പെട്ട ട്രംപ് മറിച്ചാണെങ്കില്‍ കാര്യങ്ങള്‍ വഷളാകുമെന്നും കൂട്ടിച്ചേര്‍ത്തു. 60,000ത്തിലധികം മനുഷ്യരുടെ ജീവനെടുത്ത ശേഷമാണ് മേഖലയില്‍ സമാധാനമെത്തുമെന്ന സൂചന ലഭിക്കുന്നത്. എന്നാല്‍ ഇക്കാര്യത്തില്‍ ഇസ്രയേലോ ഹമാസോ പ്രതികരിച്ചിട്ടില്ല.

തന്റെ ട്രൂത്ത് സോഷ്യല്‍ പേജിലൂടെയാണ് ട്രംപ് ഗസ വെടിനിറുത്തല്‍ പുറത്തുവിട്ടത്. 60 ദിവസത്തെ വെടിനിറുത്തലിനുള്ള വ്യവസ്ഥകള്‍ ഇസ്രയേല്‍ അംഗീകരിച്ചു. ഈ സമയത്ത് യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള ശ്രമങ്ങള്‍ നടത്തും. ഖത്തറിലെയും ഈജിപ്തിലെയും പ്രതിനിധികള്‍ മേഖലയില്‍ സമാധാനം എത്തിക്കാന്‍ കഠിനമായി ശ്രമിക്കുന്നുണ്ട്. വെടിനിറുത്തല്‍ സംബന്ധിച്ച കാര്യങ്ങള്‍ ഇവര്‍ ഹമാസിനെ ഔദ്യോഗികമായി അറിയിക്കും. മിഡില്‍ ഈസ്റ്റിലെ സമാധാനത്തെക്കരുതി കരാര്‍ അംഗീകരിക്കുന്നതാണ് ഹമാസിന് നല്ലത്. ഇല്ലെങ്കില്‍ കാര്യങ്ങള്‍ വഷളാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം, എന്തൊക്കെ വ്യവസ്ഥകളാണ് ഇസ്രയേല്‍ അംഗീകരിച്ചതെന്ന കാര്യത്തില്‍ വ്യക്തതയില്ല. യുദ്ധം അവസാനിപ്പിക്കാന്‍ ഇരുവിഭാഗവും തയ്യാറാണെന്ന് പ്രസിഡന്റായി സ്ഥാനമേല്‍ക്കുന്നതിന് മുമ്പുതന്നെ ട്രംപ് അവകാശപ്പെട്ടിരുന്നു. എന്നാല്‍ തടവുകാരെ പരസ്പരം കൈമാറ്റം ചെയ്യുന്നതിലെ കരാറുകള്‍ ലംഘിച്ചുവെന്ന് ആരോപിച്ച് ഇരുവിഭാഗവും രംഗത്തുവന്നതോടെ വീണ്ടും യുദ്ധമാരംഭിക്കുകയായിരുന്നു. അടുത്തിടെ ഇസ്രയേലും ഇറാനും തമ്മില്‍ 12 ദിവസം നീണ്ടുനിന്ന യുദ്ധവും ഇന്ത്യ-പാക്കിസ്ഥാന്‍ സംഘര്‍ഷവും പരിഹരിച്ചതും താനാണെന്നാണ് ട്രംപിന്റെ അവകാശവാദം.

മിഡില്‍ ഈസ്റ്റില്‍ സമാധാനമെത്തുമോ?

2023 ഒക്ടോബര്‍ ഏഴിന് ഇസ്രയേലിലെ വിവിധയിടങ്ങളില്‍ ഹമാസ് ആക്രമണം നടത്തിയതോടെയാണ് ഇപ്പോഴത്തെ യുദ്ധമാരംഭിക്കുന്നത്. ഹമാസ് ബന്ദികളാക്കിയ 251 പേരില്‍ നിരവധിയാളുകളെ വിവിധ ഘട്ടങ്ങളില്‍ മോചിപ്പിച്ചെങ്കിലും ഇനിയും 50 പേര്‍ ബാക്കിയുണ്ടെന്നാണ് കണക്ക്. ഇസ്രയേല്‍ യുദ്ധം അവസാനിപ്പിച്ചാല്‍ ബന്ദികളെ വിട്ടയക്കാമെന്നാണ് ഹമാസിന്റെ നിലപാട്. എന്നാല്‍ ഹമാസിനെ നിരായുധീകരിക്കാതെ അതിന് തയ്യാറല്ലെന്നാണ് ഇസ്രയേല്‍ പറയുന്നത്. ബന്ദികളുടെ കാര്യം വകവെക്കാതെ തന്നെ ഹമാസിനെതിരെ നടപടിയെടുക്കുമെന്ന് പ്രഖ്യാപിച്ചാണ് മാര്‍ച്ച് 18 മുതല്‍ ഇസ്രയേല്‍ യുദ്ധം പുനരാരംഭിച്ചത്. ട്രംപിന്റെ നേതൃത്വത്തില്‍ ജനുവരി 19ന് നിലവില്‍ വന്ന വെടിനിറുത്തല്‍ ലംഘിച്ചുകൊണ്ടായിരുന്നു ആക്രമണം.

എന്നാല്‍ കഴിഞ്ഞ ദിവസങ്ങളില്‍ ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന് നിലപാട് മാറ്റമുണ്ടായെന്നാണ് വിലയിരുത്തല്‍. ബന്ദികളെ മോചിപ്പിക്കുന്നതിനാണ് പ്രഥമ പരിഗണനയെന്ന് വ്യക്തമാക്കിയ അദ്ദേഹം ഹമാസിനെ തോല്‍പ്പിക്കുന്നതും തന്റെ അജണ്ടയിലുണ്ടെന്ന് വ്യക്തമാക്കിയിരുന്നു. ഇത് മേഖലയില്‍ സമാധാന ശ്രമങ്ങള്‍ ആരംഭിക്കുന്നതിന്റെ സൂചനയാണെന്നാണ് വിവരം. അതേസമയം, ഗസയില്‍ ഇസ്രയേല്‍ ആക്രമണം കഴിഞ്ഞ ദിവസവും നടന്നുവെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com