

തീരുവ വിഷയത്തില്‍ സമവായത്തിലെത്തി ജപ്പാനും യു.എസും. ജാപ്പനീസ് ഉത്പന്നങ്ങള്‍ യു.എസിലേക്ക് ഇറക്കുമതി ചെയ്യാന്‍ ഡൊണാള്‍ഡ് ട്രംപ് ചുമത്തിയ 25 ശതമാനം തീരുവ 15 ശതമാനമാക്കി കുറച്ചു. യു.എസിന് 550 ബില്യന്‍ ഡോളറിന്റെ (47.51 ലക്ഷം കോടി രൂപ) നിക്ഷേപവും വായ്പയും ജപ്പാന്‍ നല്‍കാനും ധാരണയായി. ജാപ്പനീസ് വാഹന കമ്പനികള്‍ക്ക് വലിയ ആശ്വാസം പകരുന്നതാണ് നടപടി. യു.എസിലേക്ക് ജപ്പാന്‍ കയറ്റുമതി ചെയ്യുന്ന ഉത്പന്നങ്ങളില്‍ നാലിലൊന്നും വാഹനങ്ങളാണെന്നും കണക്കുകള്‍ പറയുന്നു. ഇതിന് പകരമായി ജാപ്പനീസ് വിപണിയില്‍ യു.എസ് അരി വിപണനം ചെയ്യാനുള്ള വ്യവസ്ഥകളും കരാറില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്.
ചരിത്രത്തില്‍ ജപ്പാനുമായി നടത്തുന്ന ഏറ്റവും വലിയ കരാറിലാണ് താന്‍ ഒപ്പിട്ടതെന്ന് ട്രംപ് പറഞ്ഞു. ഇരുരാജ്യങ്ങളും ഗുണകരമായ കരാറാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. താരിഫ് വിഷയത്തില്‍ യു.എസുമായി ഏറ്റവും കുറഞ്ഞ നിരക്കില്‍ വ്യാപാര കരാറിലെത്തിയ രാജ്യമാണ് ജപ്പാനെന്ന് പ്രധാനമന്ത്രി ഷിഗേറു ഇഷിബ അവകാശപ്പെട്ടു. തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടെങ്കിലും യു.എസുമായുള്ള വ്യാപാര കരാര്‍ ബാക്കിയുണ്ടെന്ന് ചൂണ്ടിക്കാട്ടി അദ്ദേഹം രാജിവെച്ചിരുന്നില്ല. യു.എസുമായി കരാറിലെത്തിയെങ്കിലും ഷിഗേറു ഇഷിബ രാജിവെക്കുമോയെന്ന കാര്യത്തില്‍ ഇതുവരെയും തീരുമാനമായിട്ടില്ല.
ഫാര്‍മസ്യൂട്ടിക്കല്‍സ്, സെമി കണ്ടക്ടര്‍ എന്നീ മേഖലകളില്‍ ജാപ്പനീസ് കമ്പനികളുടെ വിതരണ ശൃംഖല ഉറപ്പാക്കുന്നതിന് വേണ്ടി സര്‍ക്കാര്‍ കമ്പനികള്‍ 550 ബില്യന്‍ ഡോളറിന്റെ നിക്ഷേപം യു.എസില്‍ നടത്തും. വായ്പ, ഗ്യാരണ്ടി തുടങ്ങിയ മാര്‍ഗങ്ങളിലൂടെയാകും നിക്ഷേപം. യു.എസിലെ ഏറ്റവും വലിയ വിദേശനിക്ഷേപക രാജ്യമെന്ന പദവി ശക്തമാക്കാന്‍ ഇതോടെ ജപ്പാന് സാധിക്കും. എന്നാല്‍ ഇതിന്റെ കൂടുതല്‍ വിശദാംശങ്ങള്‍ ലഭ്യമാക്കാന്‍ ഇരുരാജ്യങ്ങളും തയ്യാറായിട്ടില്ല. തന്റെ നിര്‍ദ്ദേശത്തിന് അനുസരിച്ച് ജപ്പാന്‍ യു.എസില്‍ നിക്ഷേപം നടത്തുമെന്ന് മാത്രമാണ് ട്രംപ് കുറിച്ചത്. ഇതിനോടകം രണ്ട് ലക്ഷം കോടി ഡോളറിന്റെ നിക്ഷേപമാണ് ജപ്പാന്‍ യു.എസ് വിപണിയില്‍ നടത്തിയിട്ടുള്ളത്.
യു.എസ് ജപ്പാന്‍ വ്യാപാര കരാറിന് പിന്നാലെ ഏഷ്യയിലെ പ്രധാന വിപണികളെല്ലാം കുതിപ്പിലാണ്. ജപ്പാനിലെ നിക്കെയ് (Nikkei) സൂചിക 3.13 ശതമാനത്തോളം ഉയര്‍ന്നു. കരാറിന്റെ പ്രധാന ഗുണം ലഭിക്കുന്ന വാഹന കമ്പനികളായ മസ്ദ മോട്ടോര്‍ 17 ശതമാനവും ടൊയോട്ട മോട്ടര്‍ 11 ശതമാനവും നേട്ടത്തിലായി. കരാറിന് പിന്നാലെ ഇന്ത്യന്‍ ഓഹരി വിപണി നേട്ടത്തില്‍ തുടങ്ങിയെങ്കിലും പിന്നീട് പതിഞ്ഞ വേഗത്തിലായി. . ഇന്ത്യ അടക്കമുള്ള രാജ്യങ്ങളുമായി ഉടന്‍ കരാറിലെത്തുമെന്ന പ്രതീക്ഷയാണ് വിപണിയെ നയിക്കുന്നത്. ഓട്ടോ, ഐ.ടി, ഓയില്‍ ആന്‍ഡ് ഗ്യാസ് മേഖലകള്‍ മികച്ച നേട്ടത്തിലാണ്. നിലവില്‍ ഇന്ത്യക്ക് 26 ശതമാനമാണ് തീരുവ ചുമത്തിയിരിക്കുന്നത്. ഇതിലും കുറവ് നിരക്കിലായിരിക്കും കരാറിലെത്തുകയെന്നാണ് വിപണി പ്രതീക്ഷിക്കുന്നത്. എന്നാല്‍ കാര്‍ഷിക ഉത്പന്നങ്ങളുടെ ഇറക്കുമതി വിഷയത്തില്‍ യു.എസ് വിട്ടുവീഴ്ചക്ക് തയ്യാറായിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
മറ്റൊരു ഏഷ്യന്‍ രാജ്യമായ ഫിലിപ്പൈന്‍സുമായും യു.എസ് വ്യാപാര കരാറിലെത്തി. ഫിലിപ്പൈന്‍സില്‍ നിന്നും യു.എസിലേക്കുള്ള ഉത്പന്നങ്ങള്‍ക്ക് 19 ശതമാനമാണ് നികുതി നല്‍കേണ്ടത്. എന്നാല്‍ ഫിലിപ്പൈന്‍സിലെത്തുന്ന യു.എസ് ഉത്പന്നങ്ങള്‍ക്ക് തീരുവ നല്‍കേണ്ടതുമില്ല. ഫിലിപ്പൈന്‍സ് പ്രസിഡന്റ് ഫെര്‍ഡിനാന്‍ഡ് മാര്‍ക്കോസ് ജൂനിയറുമായി ട്രംപ് നടത്തിയ കൂടിക്കാഴ്ചക്ക് ശേഷമാണ് പ്രഖ്യാപനം. കരാര്‍ സംബന്ധിച്ച കൂടുതല്‍ വിവരങ്ങളൊന്നും വെളിപ്പെടുത്തിയിട്ടില്ല.
Trump says the US–Japan deal cuts proposed auto tariffs to 15% and includes a $550 bn Japanese investment, sending the Nikkei up 3% and Toyota up ~14%.
Read DhanamOnline in English
Subscribe to Dhanam Magazine