
പൂര്‍ണമായും അമേരിക്കയില്‍ നിര്‍മിച്ച സ്മാര്‍ട്ട് ഫോണുകള്‍ വിപണിയിലെത്തിക്കാനുള്ള യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ മോഹം അത്രവേഗത്തില്‍ നടക്കില്ലെന്ന് വിദഗ്ധര്‍. അമേരിക്കന്‍ കംപോണന്റുകള്‍ മാത്രം ഉപയോഗിച്ച് യു.എസില്‍ തന്നെ ഫോണ്‍ നിര്‍മിക്കുന്നത് അസാധ്യമാണെന്ന് ബി.ബി.സി റിപ്പോര്‍ട്ട് ചെയ്യുന്നു. നീക്കത്തിന് പിന്നില്‍ അഴിമതിക്കും അധികാര ദുര്‍വിനിയോഗത്തിനും സാധ്യതയുണ്ടെന്നും റിപ്പോര്‍ട്ട് തുടരുന്നു.
ട്രംപിന്റെ മക്കള്‍ ഉടസ്ഥരായുള്ള ട്രംപ് ഓര്‍ഗനൈസേഷനാണ് സ്വര്‍ണം നിറമുള്ള മെയിഡ് ഇന്‍ യു.എസ്.എ സ്മാര്‍ട്ട് ഫോണുകള്‍ പുറത്തിറക്കുമെന്ന് അറിയിച്ചത്. 499 ഡോളര്‍ (ഏകദേശം 43,000 രൂപ) വില വരുന്ന ഫോണിനൊപ്പം പ്രതിമാസം 47.45 ഡോളര്‍ നിരക്കില്‍ മൊബൈല്‍ ഫോണ്‍ സര്‍വീസും കമ്പനി പുറത്തിറക്കും. യു.എസ്.എയുടെ 45ാമതും 47ാമതും പ്രസിഡന്റാണ് ട്രംപ്. ഇതിന്റെ സ്മരണക്കായാണ് 47.45 ഡോളര്‍ പ്രതിമാസ നിരക്ക് നിശ്ചയിച്ചത്. യു.എസ് സൈന്യത്തിന് വേണ്ടി വിദേശത്ത് ജോലി ചെയ്യുന്ന ബന്ധുക്കളെ ഡിസ്‌ക്കൗണ്ട് നിരക്കില്‍ വിളിക്കാനും സൗകര്യമുണ്ട്. ഫോണുകള്‍ ഇപ്പോള്‍ പ്രീ ഓര്‍ഡര്‍ ചെയ്യാമെന്നും പ്രഖ്യാപനത്തില്‍ പറഞ്ഞിരുന്നു.
അധികാരത്തിലിരിക്കുമ്പോള്‍ സ്വകാര്യമായ സ്വത്ത് സമ്പാദനത്തിന് പ്രസിഡന്റ് ട്രംപ് ഒരുങ്ങുന്നത് അവിശ്വസനീയമാണെന്നാണ് വിദഗ്ധര്‍ പറയുന്നത്. പ്രസിഡന്റായാല്‍ തന്റെ ബിസിനസ് താത്പര്യങ്ങള്‍ മാറ്റിവെക്കുമെന്നാണ് ട്രംപ് പറഞ്ഞിരുന്നത്. എല്ലാ അമേരിക്കക്കാരുടെയും താത്പര്യത്തിനാണ് ട്രംപ് പ്രവര്‍ത്തിക്കുന്നതെന്ന് വൈറ്റ് ഹൗസ് വൃത്തങ്ങളും പറയുന്നുണ്ട്. എന്നാല്‍ പ്രസിഡന്റിന്റെ കസേരയിലിരുന്ന് ട്രംപ് നടത്തുന്ന ബിസിനസ് സംരംഭങ്ങള്‍ ജനങ്ങളെ കാര്യമായി സ്വാധീനിക്കുമെന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. കൂടാതെ തനിക്ക് അനുകൂലമായി നിയമങ്ങള്‍ രൂപപ്പെടുത്താനും ട്രംപ് ഒരുങ്ങിയേക്കുമെന്നും ഇവര്‍ പറയുന്നു.
പൂര്‍ണമായും യു.എസ് ഉത്പന്നങ്ങള്‍ ഉപയോഗിച്ചുള്ള സ്മാര്‍ട്ട് ഫോണ്‍ നിര്‍മാണം നിലവിലെ സാഹചര്യത്തില്‍ അസാധ്യമാണെന്നാണ് ടെക് വിദഗ്ധരും പറയുന്നത്. ഒരു വര്‍ക്കിംഗ് മോഡല്‍ പോലുമില്ലാതെയാണ് ട്രംപ് ഇത്തരമൊരു സംരംഭത്തിന് ഇറങ്ങിയിരിക്കുന്നത്. ഇത്തരം ഉത്പന്നങ്ങള്‍ സാധ്യമാകണമെങ്കില്‍ ഇനി അത്ഭുതം സംഭവിക്കണം. ഇത്തരം ഉത്പന്നങ്ങള്‍ക്ക് ഡിമാന്‍ഡ് ഉണ്ടാകേണ്ടത് അത്യാവശ്യമാണെന്നും വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. പാര്‍ട്‌സുകള്‍ വിദേശത്ത് നിന്ന് ഇറക്കുമതി ചെയ്ത് യു.എസില്‍ കൂട്ടിയോജിപ്പിക്കാന്‍ ചിലപ്പോള്‍ കഴിഞ്ഞേക്കുമെന്നും ഇവര്‍ വിശദീകരിക്കുന്നു.
ട്രംപിന്റെ ഫോണ്‍ പ്ലാനില്‍ ഉത്തരം കിട്ടാത്ത നിരവധി ചോദ്യങ്ങളുണ്ടെന്നാണ് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. യു.എസില്‍ ഡിസൈന്‍ ചെയ്ത് ഇവിടെത്തന്നെ നിര്‍മിക്കുമെന്ന് പറയുന്നുണ്ടെങ്കിലും ഇത് എവിടെയാണെന്നും എങ്ങനെയാണെന്നുമുള്ള കാര്യത്തില്‍ വ്യക്തത വരുത്തിയിട്ടില്ല. 499 രൂപക്ക് ഫോണ്‍ നല്‍കുമെന്ന വാഗ്ദാനവും ചോദ്യ മുനയിലാണ്. നിലവില്‍ അമേരിക്കയില്‍ നിര്‍മിക്കുന്ന ഫോണുകള്‍ക്ക് 2,000 ഡോളര്‍ വരെയാണ് ചെലവാകുന്നത്. ഉപയോക്താക്കള്‍ക്ക് സൗജന്യമായി ആരോഗ്യ സേവനങ്ങള്‍ നല്‍കുമെന്ന വാഗ്ദാനവും യാഥാര്‍ത്ഥ്യത്തിന് നിരക്കാത്തതാണെന്നും ഇവര്‍ പറയുന്നു.
ഓഗസ്റ്റില്‍ വിപണിയിലെത്തുന്ന ടി1 അല്ലെങ്കില്‍ ട്രംപ് വണ്ണിന്റെ പ്രഖ്യാപനം ഐഫോണ്‍ നിര്‍മാതാക്കളായ ആപ്പിളിനുള്ള പണിയാണോയെന്ന് ചിന്തിക്കുന്നവരും ഏറെയാണ്. സ്മാര്‍ട്ട് ഫോണുകള്‍ യു.എസ് മണ്ണില്‍ തന്നെ നിര്‍മിക്കുമെന്നും ഇന്ത്യയിലേക്ക് മാറ്റാന്‍ ആഗ്രഹിക്കുന്നില്ലെന്നുമാണ് എറിക് ട്രംപ് കഴിഞ്ഞ ദിവസം നടത്തിയ പ്രസ്താവന. നേരത്തെ ആപ്പിള്‍ മേധാവി ടിം കുക്കിനോട് ഇന്ത്യയിലെ ഐഫോണ്‍ നിര്‍മാണം മതിയാക്കാനും പകരം യു.എസില്‍ തന്നെ നിര്‍മിക്കാനും ട്രംപ് ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ തുടര്‍ച്ചയാണോ പുതിയ നീക്കമെന്ന് വ്യക്തമല്ല.
ഹോട്ടല്‍ ബിസിനസിലും മറ്റ് പല വ്യവസായങ്ങളിലും ട്രംപ് എന്ന ബ്രാന്‍ഡ് പേര് വിറ്റ് കോടികളാണ് ഡൊണള്‍ഡ് ട്രംപ് കാലങ്ങള്‍ മുമ്പേ സ്വന്തമാക്കിയത്. രാഷ്ട്രീയത്തിലേക്ക് ഇറങ്ങിയതോടെ ബ്രാന്‍ഡുകളില്‍ നിന്നുള്ള വരുമാനം ഇരട്ടിയായി. കഴിഞ്ഞ വര്‍ഷം ട്രംപിന് ലഭിച്ച വരുമാനം 600 മില്യന്‍ ഡോളറാണെന്ന് (ഏകദേശം 5,000 കോടി രൂപ) കണക്കുകള്‍ സൂചിപ്പിക്കുന്നു. ക്രിപ്‌റ്റോ, ഗോള്‍ഫ് ക്ലബ്ബുകള്‍, ലൈസന്‍സിംഗ് തുടങ്ങിയ സംരംഭങ്ങളില്‍ നിന്നുള്ള വരുമാനമാണിത്. ഫോബ്‌സിന്റെ മാര്‍ച്ചിലെ കണക്കുകള്‍ പ്രകാരം ട്രംപിന്റെ ആസ്തി 5.1 ബില്യന്‍ ഡോളറാണ് (ഏകദേശം 44,000 കോടി രൂപ). തൊട്ടുമുന്‍ വര്‍ഷത്തേക്കാള്‍ ഇരട്ടി. ട്രംപിന്റെ കടുത്ത ആരാധകരാണ് ഈ കുതിപ്പിനെ സഹായിച്ചതെന്നാണ് ബി.ബി.സിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നത്.
- ഗോള്‍ഫ്, റെസ്റ്റോറന്റ്, ഹോട്ടല്‍ അനുബന്ധ വ്യവസായങ്ങളില്‍ നിന്ന് യു.എസില്‍ മാത്രം 378 മില്യന്‍ ഡോളര്‍ വരുമാനം. മാനേജ്‌മെന്റ് ഫീസായി 22 മില്യന്‍ ഡോളര്‍ വേറെയും.
- ഫ്‌ളോറിഡയിലെ ഗോള്‍ഫ് ബേസ്ഡ് റിസോര്‍ട്ടില്‍ നിന്നും പ്രൈവറ്റ് മെമ്പര്‍ ക്ലബ്ബില്‍ നിന്നും 217.7 മില്യന്‍ ഡോളര്‍.
- മിയാമിയിലെ ട്രംപ് നാഷണല്‍ ഡോറല്‍ ഗോള്‍ഫ് ക്ലബ്ബില്‍ നിന്നും ലഭിക്കുന്നത് 110.4 മില്യന്‍ ഡോളര്‍.
- അയര്‍ലാന്റ്, സ്‌കോട്ട്‌ലാന്റ് എന്നിവിടങ്ങളിലെ ഗോള്‍ഫ്, ഹോട്ടല്‍ ബിസിനസില്‍ നിന്നും 19 മില്യന്‍ യൂറോയും 28.7 മില്യന്‍ പൗണ്ട് സ്‌റ്റെര്‍ലിംഗും വരുമാനം.
- ക്രിപ്‌റ്റോ ഇടപാടുകളില്‍ നിന്ന് 1.16 മില്യന്‍ ഡോളറിന്റെ വരുമാനം.
- വിവിധ കരാറുകളില്‍ നിന്നും റോയല്‍റ്റിയായി ലഭിക്കുന്നത് 26 മില്യന്‍ ഡോളര്‍.
- വിദേശരാജ്യങ്ങളിലെ പ്രോജക്ടുകള്‍ക്ക് ട്രംപിന്റെ പേര് ഉപയോഗിക്കുന്നതിന് 36 മില്യന്‍ ഡോളറും ലഭിക്കും. ഇന്ത്യയില്‍ നിന്നും 10 മില്യന്‍ ഡോളറും വിയറ്റ്‌നാമില്‍ നിന്നും 5 മില്യന്‍ ഡോളറും ദുബായില്‍ നിന്നും 16 മില്യന്‍ ഡോളറുമാണ് ലഭിക്കുന്നത്.
Trump Mobile will launch a $499 gold “T1” phone and a $47.45/month service under Trump’s brand, raising fresh ethics concerns as experts say producing a fully US-made device is “virtually impossible.
Read DhanamOnline in English
Subscribe to Dhanam Magazine