
അമേരിക്കന്‍ പ്രസിഡന്റിന്റെ കമ്പനി സ്മാര്‍ട്ട് ഫോണ്‍ വിപണിയിലേക്കും. ആഗോള തലത്തില്‍ റിയല്‍ എസ്‌റ്റേറ്റ് ഉള്‍പ്പടെ വിവിധ മേഖലകളില്‍ ശക്തമായ സാന്നിധ്യമുള്ള ട്രംപ് ഓര്‍ഗനൈസേഷനാണ് 'ട്രംപ് മൊബൈല്‍' എന്ന പേരില്‍ ഫോണ്‍ പുറത്തിറക്കുന്നത്. മൊബൈല്‍ ഹാന്റ് സെറ്റുകളും നെറ്റ് വര്‍ക്ക് സേവനവും കമ്പനി നല്‍കും. നിര്‍മാണവും സേവനങ്ങളും പൂര്‍ണമായും അമേരിക്കയില്‍ നടക്കുമെന്ന് ട്രംപ് ഒര്‍ഗനൈസേഷന്‍ മേധാവിയും പ്രസിഡന്റിന്റെ മകനുമായ ട്രംപ് ജൂനിയര്‍ ന്യൂയോര്‍ക്കില്‍ അറിയിച്ചു.
ടി1 എന്ന കോഡോടു കൂടി പുറത്തിറക്കുന്ന മൊബൈല്‍ ഹാന്‍ഡ്‌സെറ്റിന് 499 ഡോളര്‍ (42,000 രൂപ) ആണ് വില. 100 ഡോളര്‍ നല്‍കി പ്രീബുക്കിംഗ് സൗകര്യം ആരംഭിച്ചിട്ടുണ്ട്. 12 ജിബി റാമും 256 ജിബി എക്‌സ്പാന്‍ഡബിള്‍ സ്റ്റോറേജുമാണ്. 6.78 ഇഞ്ച് സ്‌ക്രീന്‍. 5,000 എംഎഎച്ച് ബാറ്ററി. അമേരിക്കന്‍ പതാക വരച്ച ഗോള്‍ഡന്‍ കവറിലാണ് പുറത്തിറക്കുന്നത്. ബേസിക് കാമറയോടു കൂടിയുള്ള ഫോണ്‍ അമേരിക്കയിലെ പരമ്പരാഗത ഉപയോക്താക്കളെയാണ് ലക്ഷ്യം വെക്കുന്നത്. പ്രതിമാസം 47.45 ഡോളറാണ് റീചാര്‍ജ് പ്ലാന്‍. ടെലി ഹെല്‍ത്ത്, റോഡ് ഹെല്‍പ്പ്, നൂറിലേറെ രാജ്യങ്ങളിലേക്ക് സൗജന്യ എസ്.എം.എസ് തുടങ്ങിയ ഓഫറുകളുണ്ട്.
അമേരിക്കയിലാണ് ഫോണ്‍ പൂര്‍ണായും നിര്‍മിക്കുന്നത്. കോള്‍ സെന്ററുകളും അമേരിക്കയില്‍ തന്നെ പ്രവര്‍ത്തിക്കും. ഫോണിന്റെ നിര്‍മാണം അമേരിക്കയിലെ മറ്റ് കമ്പനികള്‍ക്ക് നല്‍കും. മാര്‍ക്കറ്റിംഗ് ട്രംപ് ഓര്‍ഗനൈസേഷനാണ് നടത്തുന്നത്. സെപ്തംബറിലാണ് ഫോണ്‍ ഉപയോക്താക്കളിലെത്തുക.
ആപ്പിളും സാംസംഗും കയ്യടക്കിയ അമേരിക്ക വിപണിയില്‍ നിലവില്‍ സ്വദേശി ബ്രാന്‍ഡുകളൊന്നുമില്ല. വര്‍ഷത്തില്‍ ആറ് കോടി മൊബൈല്‍ ഫോണുകളാണ് അമേരിക്കയില്‍ വില്‍ക്കുന്നത്. ഇതെല്ലാം നിര്‍മിക്കുന്നത് ചൈന, ദക്ഷിണ കൊറിയ, ഇന്ത്യ, വിയറ്റ്‌നാം എന്നീ രാജ്യങ്ങളിലാണ്.
Read DhanamOnline in English
Subscribe to Dhanam Magazine