

ഇന്ത്യയ്ക്കും ചൈനയ്ക്കും മേല്‍ താരിഫ് യുദ്ധം ശക്തമാക്കാന്‍ പുതിയ വഴികള്‍ തേടുകയാണ് യു.എസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ്. 50 ശതമാനം താരിഫ് ചുമത്തിയെങ്കിലും ഇന്ത്യ കാര്യമായി ഗൗനിക്കാതെ മുന്നോട്ടു പോയതോടെ യു.എസില്‍ നിന്നുള്ള ഐ.ടി പുറംകരാറുകള്‍ക്കും താരിഫ് ചുമത്താനുള്ള സാധ്യതകള്‍ പരിശോധിക്കുകയാണ് ട്രംപ്. അതിനിടെ ഇന്ത്യ അടുത്ത സുഹൃത്താണെന്നും ചര്‍ച്ചകള്‍ വൈകാതെ പുനരാരംഭിക്കുമെന്നും പറഞ്ഞ് ട്രംപ് തന്റെ അസ്ഥിരമായ സ്വഭാവം ഒരിക്കല്‍ക്കൂടി വെളിപ്പെടുത്തി.
ഇപ്പോഴിതാ യൂറോപ്യന്‍ യൂണിയനെ (ഇ.യു) ഉപയോഗിച്ച് ഇന്ത്യയ്ക്കുമേല്‍ സമ്മര്‍ദ്ദം ശക്തമാക്കാന്‍ നീക്കം നടത്തിയിരിക്കുകയാണ് ട്രംപ്. റഷ്യന്‍ എണ്ണ വാങ്ങി യുക്രൈയ്‌നെതിരായ യുദ്ധത്തില്‍ പരോക്ഷമായി സഹായം നല്കുന്ന ഇന്ത്യയെയും ചൈനയെയും പാഠംപഠിപ്പിക്കണമെന്നാണ് ട്രംപിന്റെ ആവശ്യം. ഇന്ത്യയ്ക്കും ചൈനയ്ക്കും മേല്‍ 100 ശതമാനം തീരുവ ഏര്‍പ്പെടുത്തണമെന്നാണ് ട്രംപ് ആവശ്യപ്പെട്ടിരിക്കുന്നത്. യൂറോപ്യന്‍ യൂണിയന്‍ ട്രംപിന്റെ ആവശ്യത്തോട് കാര്യമായ പ്രതികരണം നടത്തിയിട്ടില്ലെന്നത് ശ്രദ്ധേയമാണ്.
യൂറോപ്യന്‍ യൂണിയന്‍ നേതാക്കളുമായുള്ള ചര്‍ച്ചയിലാണ് ട്രംപ് തന്റെ ആവശ്യം ഉന്നയിച്ചത്. എന്നാല്‍ ഈ ആവശ്യത്തോട് യൂറോപ്പ് അനുകൂലമായി പ്രതികരിക്കാന്‍ സാധ്യത കുറവാണ്. റഷ്യയ്ക്കുമേല്‍ ഭാഗിക ഉപരോധം ഏര്‍പ്പെടുത്തിയത് യൂറോപ്പില്‍ വലിയ വിലക്കയറ്റത്തിന് കാരണമായിരുന്നു.
പല യൂറോപ്യന്‍ രാജ്യങ്ങളും ഊര്‍ജ്ജ ആവശ്യങ്ങള്‍ക്കായി റഷ്യയെയാണ് ആശ്രയിച്ചിരുന്നത്. ഇപ്പോഴും പൂര്‍ണമായല്ലെങ്കിലും ഇത് തുടരുന്നുണ്ട്. 2024ല്‍ യൂറോപ്യന്‍ യൂണിയന്റെ റഷ്യയുമായുള്ള വ്യാപാരം 2024ല്‍ 78.1 ബില്യണ്‍ ഡോളറായിരുന്നു. ഇന്ത്യയും റഷ്യയും തമ്മിലുള്ളതാകട്ടെ 68.7 ബില്യണ്‍ ഡോളറും.
അപൂര്‍വ ധാതുക്കളുടെ അടക്കം ഇറക്കുമതിക്ക് ചൈനയെ വലിയ തോതില്‍ യൂറോപ്പ് ആശ്രയിക്കുന്നുണ്ട്. ഇന്ത്യയും ചൈനയും റഷ്യയും യൂറോപ്പിലേക്കുള്ള കയറ്റുമതി കുറയ്ക്കുകയോ പൂര്‍ണമായി അവസാനിപ്പിക്കുകയോ ചെയ്താല്‍ പാശ്ചാത്യ ലോകത്തിന് അതു താങ്ങാനാകില്ല. ഇപ്പോള്‍ തന്നെ പല യൂറോപ്യന്‍ രാജ്യങ്ങളും പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. ട്രംപിന്റെ വാക്കുകേട്ട് ഇന്ത്യയെയും ചൈനയെയും പിണക്കാന്‍ യൂറോപ്പ് താല്പര്യപ്പെടില്ല.
ഇന്ത്യയുമായുള്ള തീരുവ വിഷയത്തില്‍ മയപ്പെട്ടേക്കുമെന്ന സൂചനയാണ് ഇന്ന് ട്രംപ് നല്കിയിരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി വൈകാതെ സംസാരിക്കുമെന്നാണ് അദ്ദേഹം തന്റെ ഉടമസ്ഥതയിലുള്ള സാമൂഹികമാധ്യമമായ ട്രൂത്ത് സോഷ്യലില്‍ കുറിച്ചത്.
ഇരുരാജ്യങ്ങളും തമ്മില്‍ വ്യാപാര തടസങ്ങള്‍ പരിഹരിക്കുന്നതിനായി ഇന്ത്യയും അമേരിക്കയും തമ്മില്‍ ചര്‍ച്ചകള്‍ തുടരുകയാണെന്നാണ് ട്രംപിന്റെ കുറിപ്പിന്റെ സാരാംശം. മുമ്പ് ട്രംപ് സ്വീകരിച്ച നിലപാടിന് നേര്‍വിപരീതമാണ് പുതിയ കുറിപ്പെന്നത് ശ്രദ്ധേയമാണ്.
Read DhanamOnline in English
Subscribe to Dhanam Magazine