

റഷ്യന്‍ എണ്ണ വാങ്ങുന്നതിന്റെ പേരില്‍ ഇന്ത്യയ്ക്കുമേല്‍ ഉപരോധം അടക്കമുള്ള സമ്മര്‍ദം ചെലുത്തിയ യുഎസ് നയംമാറ്റുന്നു. അമേരിക്കയിലെ ഇന്ധനവില കുറയ്ക്കാന്‍ റഷ്യയില്‍ നിന്ന് ഡീസല്‍ വാങ്ങാനുള്ള കരാര്‍ പ്രഖ്യാപിച്ച് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ് രംഗത്തുവന്നു. റഷ്യന്‍ എണ്ണയ്‌ക്കെതിരായ നീക്കത്തില്‍ ട്രംപിന്റെ നയംമാറ്റം യുക്രെയ്ന്‍ പ്രസിഡന്റ് വൊളോഡിമിര്‍ സെലന്‍സ്‌കി അടക്കമുള്ളവരെ ആശ്ചര്യപ്പെടുത്തിയിട്ടുണ്ട്. പരസ്യമായി ട്രംപിനെ വിമര്‍ശിക്കാനും സെലന്‍സ്‌കി മറന്നില്ല.
യുഎസ് വിപണിയിലേക്കും ആഗോള വിപണിയിലേക്കും ഘട്ടംഘട്ടമായി ഡീസല്‍ ലഭ്യമാക്കാന്‍ റഷ്യന്‍ പ്രസിഡന്റ് വ്ളാദിമിര്‍ പുടിന്‍ സമ്മതിച്ചുവെന്നാണ് ട്രംപിന്റെ പ്രഖ്യാപനം. ഇന്ത്യയുടെ റഷ്യന്‍ ഊര്‍ജ ഇറക്കുമതിയെ വിമര്‍ശിച്ച വാഷിംഗ്ടണിന്റെ നിലപാടിലെ വൈരുധ്യമാണ് പുതിയ തീരുമാനം ഉയര്‍ത്തിക്കാട്ടുന്നത്.
മൂന്ന് ലക്ഷം ടണ്‍ ഡീസല്‍ ഉടന്‍ ലഭ്യമാക്കുമെന്നും നവംബറില്‍ അഞ്ച് ലക്ഷം ടണ്ണും തുടര്‍ന്ന് പത്ത് ലക്ഷം ടണ്ണും വിതരണം ചെയ്യുമെന്നും ട്രംപ് ട്രൂത്ത് സോഷ്യലില്‍ അറിയിച്ചു. പിന്നീട് ചുരുങ്ങിയ കാലയളവിനുള്ളില്‍ 30 ലക്ഷം ടണ്‍ കൂടി വിപണിയിലെത്തിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇതോടെ പ്രഖ്യാപിച്ച മൊത്തം വിതരണം ഏകദേശം 48 ലക്ഷം ടണ്ണാകും.
അമേരിക്കയ്ക്കും ആഗോള വിപണിക്കും എണ്ണയും പെട്രോളിയം ഉല്‍പന്നങ്ങളും നല്‍കാന്‍ തയാറാണെന്ന് പുടിനും അറിയിച്ചു. ട്രംപുമായി ആഗോള ഊര്‍ജസ്ഥിതിയെക്കുറിച്ച് ചര്‍ച്ച നടത്തിയതായി വ്യക്തമാക്കിയെങ്കിലും വിതരണത്തിന്റെ അളവ് അദ്ദേഹം വെളിപ്പെടുത്തിയില്ല. ഈ വര്‍ഷം ഡീസല്‍ കയറ്റുമതിക്ക് വിലക്ക് ഏര്‍പ്പെടുത്തിയ രാജ്യമാണ് റഷ്യ.
അമേരിക്കയില്‍ ഡീസല്‍വില ഉയര്‍ന്ന നിലയില്‍ തുടരുന്നതിനിടെയാണ് ട്രംപിന്റെ യുടേണ്‍. കര്‍ഷകര്‍, ചരക്കുഗതാഗത മേഖലയിലുള്ളവര്‍, മറ്റ് ബിസിനസുകള്‍ എന്നിവരുടെ ഇന്ധനച്ചെലവ് കുറയ്ക്കുകയാണ് ലക്ഷ്യമെന്നാണ് ട്രംപിന്റെ വിശദീകരണം. ഗതാഗതച്ചെലവിലെ വര്‍ധന മറ്റ് ഉല്‍പന്നങ്ങളുടെ വിലയെയും ബാധിക്കുന്നുണ്ട്.
നവംബറിലെ ഇടക്കാല തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ജീവിതച്ചെലവിലെ വര്‍ധന റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക് വെല്ലുവിളിയാണ്. റഷ്യന്‍ ഡീസല്‍ ലഭ്യമാകുന്നതോടെ ഇന്ധനവില വേഗത്തില്‍ കുറയുമെന്നാണ് ട്രംപിന്റെ അവകാശവാദം.
റഷ്യന്‍ ഊര്‍ജം വാങ്ങുന്നത് മോസ്‌കോയുടെ യുദ്ധ ഫണ്ടിന് സഹായമാകുമെന്ന വാദമാണ് ഇന്ത്യയ്‌ക്കെതിരായ അമേരിക്കന്‍ സമ്മര്‍ദത്തിന്റെ അടിസ്ഥാനം. എന്നാല്‍ സ്വന്തം വിപണിയില്‍ വിലക്കയറ്റം രൂക്ഷമായപ്പോള്‍ അതേ റഷ്യന്‍ ഇന്ധനം ലഭ്യമാക്കാന്‍ അമേരിക്ക മുന്നോട്ടുവന്നിരിക്കുകയാണ്.
ഇന്ത്യയുടെ ഊര്‍ജസുരക്ഷയ്ക്കും അമേരിക്കയിലെ ഉപഭോക്താക്കളുടെ ഇന്ധനച്ചെലവിനും വ്യത്യസ്ത മാനദണ്ഡങ്ങളാണോ വാഷിംഗ്ടണ്‍ സ്വീകരിക്കുന്നതെന്ന ചോദ്യത്തിന് പുതിയ കരാര്‍ വഴിയൊരുക്കുന്നു. അതേസമയം, ഇതിന്റെ പേരില്‍ ഇന്ത്യയ്‌ക്കെതിരായ വ്യാപാര സമ്മര്‍ദത്തില്‍ ഇളവുണ്ടാകുമെന്ന പ്രഖ്യാപനം ഉണ്ടായിട്ടില്ല.
റഷ്യന്‍ ഡീസല്‍ വിപണിയിലെത്തിക്കുന്നതിന് യുഎസ് ട്രഷറി താല്‍ക്കാലിക അനുമതി നല്‍കിയതായാണ് റിപ്പോര്‍ട്ട്. റഷ്യയുടെ യുദ്ധവരുമാനം കുറയ്ക്കാന്‍ നിയന്ത്രണങ്ങള്‍ ശക്തമാക്കുന്നതിനിടെയുള്ള ഈ ഇളവിനെ യുക്രെയ്ന്‍ പ്രസിഡന്റ്‌സെലന്‍സ്‌കി വിമര്‍ശിച്ചു. യുദ്ധം അവസാനിപ്പിക്കുന്നതിന് പകരം നീട്ടിക്കൊണ്ടുപോകാന്‍ സഹായിക്കുന്ന തീരുമാനമാണിതെന്നാണ് അദ്ദേഹത്തിന്റെ നിലപാട്.
Read DhanamOnline in English
Subscribe to Dhanam Magazine