

റഷ്യ-യുക്രെയിന്‍ യുദ്ധം അവസാനിപ്പിക്കാന്‍ ഇരുവിഭാഗങ്ങളും തയ്യാറാണെന്ന് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. റഷ്യന്‍ പ്രസിഡന്റ് വ്‌ളാദ്മിര്‍ പുടിന്‍, യുക്രെയിന്‍ പ്രസിഡന്റ് വ്‌ളാദ്മിര്‍ സെലന്‍സ്‌കി എന്നിവരുമായി നടത്തിയ സ്വകാര്യ ഫോണ്‍ സംഭാഷണങ്ങള്‍ക്ക് ശേഷമായിരുന്നു ട്രംപിന്റെ പ്രതികരണം. പുടിനുമായുള്ള ഫോണ്‍ സംഭാഷണം ഒന്നര മണിക്കൂറോളം നീണ്ടു. 2022ല്‍ പൂര്‍ണ തോതില്‍ തുടങ്ങിയ യുദ്ധം സമാധാനപരമായി അവസാനിപ്പിക്കണമെന്നും അതിന് കൂടുതല്‍ കാത്തിരിക്കേണ്ടതില്ലെന്നും പുടിന്‍ പറഞ്ഞതായാണ് ട്രംപിന്റെ വിശദീകരണം. സമാധാനത്തിലേക്കുള്ള പാതയിലാണ് നമ്മളെന്നാണ് കരുതുന്നത്. എല്ലാവരും സമാധാനമാണ് ആഗ്രഹിക്കുന്നത്. ആളുകള്‍ കൊല്ലപ്പെടുന്നത് കാണാന്‍ താന്‍ ആഗ്രഹിക്കുന്നില്ലെന്നും ട്രംപ് മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.
യുക്രെയിന്‍ യുദ്ധം അവസാനിപ്പിക്കുമെന്ന് നേരത്തെ തന്നെ ട്രംപ് വ്യക്തമാക്കിയിരുന്നു. യു.എസ് സ്‌റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ, സി.ഐ.എ ഡയറക്ടര്‍ ജോണ്‍ റാറ്റ്ക്ലിഫ്, ദേശീയ സുരക്ഷാ ഉപദേശകന്‍ മൈക്കല്‍ വാള്‍ട്‌സ്, മിഡില്‍ ഈസ്റ്റ് പ്രതിനിധി സ്റ്റീവ് വിറ്റ്‌കോഫ് എന്നിവരാണ് ട്രംപിന് വേണ്ടി ഇത് സംബന്ധിച്ച ചര്‍ച്ചകള്‍ നയിക്കുക. വിവിധ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ട്രംപും പുടിനും കൂടിക്കാഴ്ച നടത്താമെന്നും സമ്മതിച്ചിട്ടുണ്ട്. ട്രംപിനെ മോസ്‌കോയിലേക്ക് ക്ഷണിച്ചിരുന്നെങ്കിലും ഇരുനേതാക്കളും അധികം വൈകാതെ സൗദി അറേബ്യയില്‍ കൂടിക്കാഴ്ച നടത്താനാണ് സാധ്യതയെന്നാണ് റിപ്പോര്‍ട്ട്.
ട്രംപുമായുള്ള ഫോണ്‍ സംഭാഷണത്തിന് ശേഷം സെലന്‍സ്‌കിയെയും ട്രംപ് വിളിച്ചിരുന്നു. ഇരുവരും ഒരുമണിക്കൂറോളം സംസാരിച്ചു. യു.എസ് പ്രസിഡന്റുമായുള്ള ഫോണ്‍ സംഭാഷണത്തില്‍ സമാധാന ശ്രമങ്ങളും രാജ്യത്തിന്റെ ഡ്രോണ്‍ ടെക്‌നോളജി പോലുള്ള വിഷയങ്ങളും ചര്‍ച്ചയായെന്ന് സെലെന്‍സ്‌കി പ്രതികരിച്ചു. മൂന്ന് വര്‍ഷത്തോളമായി തുടരുന്ന യുദ്ധത്തില്‍ ഇതാദ്യമായാണ് സമാധാന ചര്‍ച്ചകള്‍ നടക്കുന്നത്. മുന്‍ പ്രസിഡന്റ് ജോ ബൈഡന്‍ യുക്രെയിന് കോടിക്കണക്കിന് രൂപയുടെ സൈനിക സഹായമെത്തിച്ചെങ്കിലും സമാധാന ശ്രമങ്ങള്‍ക്ക് മുന്‍കൈ എടുത്തിരുന്നില്ല.
1991 വരെ സോവിയറ്റ് യൂണിയന്റെ ഭാഗമായിരുന്ന യുക്രെയിനെ കൂടെനിറുത്താനായിരുന്നു റഷ്യയുടെ ആഗ്രഹം. എന്നാല്‍ യുക്രെയിന്‍ യൂറോപ്യന്‍ രാജ്യങ്ങളുമായി അടുത്തതോടെ പ്രശ്‌നങ്ങള്‍ തുടങ്ങി. റഷ്യന്‍ ഭാഷ സംസാരിക്കുന്നവരുടെ നേതൃത്വത്തില്‍ ഇതിനെതിരെ കലാപങ്ങളും യുക്രെയിനില്‍ നടന്നു. 2014ല്‍ യുക്രെയിന്റെ ഭാഗമായ ക്രിമിയയുടെ നിയന്ത്രണം റഷ്യ ഏറ്റെടുത്തു. തുടര്‍ന്ന് 2022 ഫെബ്രുവരിയില്‍ യുക്രെയിനെതിരെ സൈനിക നടപടിയും ആരംഭിച്ചു. മൂന്ന് വര്‍ഷമായി ഇരുരാജ്യങ്ങളും യുദ്ധത്തിലാണ്. യുക്രെയിന്റെ അഞ്ചിലൊന്ന് ഭാഗവും ഇപ്പോള്‍ റഷ്യന്‍ നിയന്ത്രണത്തിലാണെന്നാണ് റിപ്പോര്‍ട്ട്. ഈ സ്ഥലങ്ങളില്‍ നിന്ന് റഷ്യന്‍ സേനകളുടെ പിന്മാറ്റവും ഭാവി ആക്രമണങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ നാറ്റോ അംഗത്വം ഉള്‍പ്പെടെ ഉറപ്പാക്കണമെന്നുമാണ് യുക്രെയിന്റെ ആവശ്യം.
എന്നാല്‍ ഈ രണ്ട് ആവശ്യങ്ങളും നടക്കില്ലെന്ന അഭിപ്രായമാണ് യു.എസിനുള്ളത്. പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സേത്താണ് ഇക്കാര്യം വ്യക്തമാക്കിയത്. 2014ന് ശേഷം റഷ്യ പിടിച്ചടക്കിയ സ്ഥലങ്ങളെല്ലാം വിട്ടുകിട്ടണമെന്ന യുക്രെയിന്റെ ആവശ്യം നടക്കില്ലെന്നാണ് പീറ്റ് പറയുന്നത്. നടക്കാത്ത സ്വപ്‌നങ്ങള്‍ക്ക് പുറകേ പോകുന്നത് യുദ്ധം നീളാന്‍ ഇടയാക്കുമെന്നും അദ്ദേഹം പറയുന്നു. യുക്രെയിന് പകരം പുടിനുമായി സൗഹൃദം സ്ഥാപിക്കാനാണ് ട്രംപിന് താത്പര്യമെന്നാണ് ഇത് സൂചിപ്പിക്കുന്നതെന്നാണ് വിലയിരുത്തല്‍. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം ദൃഢമാക്കുന്നതിന് തടവുകാരെ പരസ്പരം മോചിപ്പിക്കാനും ഇരുരാജ്യങ്ങളും തീരുമാനിച്ചിരുന്നു. 14 വര്‍ഷത്തെ തടവുശിക്ഷ വിധിക്കപ്പെട്ട യു.എസ് അധ്യാപകന്‍ മാര്‍ക് ഫോഗലിനെ റഷ്യ കഴിഞ്ഞ ദിവസം മോചിപ്പിച്ചിരുന്നു. ഇതിന് പകരമായി റഷ്യന്‍ സൈബര്‍ ക്രൈം നേതാവിനെ യു.എസ് അധികൃതരും മോചിപ്പിച്ചിരുന്നു.
Read DhanamOnline in English
Subscribe to Dhanam Magazine