യു.എസിന് 660 ബില്യന്‍ ഡോളര്‍ അധിക നികുതി, സ്വയം നശിക്കുമെന്ന് വിമര്‍ശനം, അമേരിക്ക സാമ്പത്തിക മാന്ദ്യത്തിലേക്കോ?

ട്രംപിന്റെ പ്ലാന്‍ നടന്നാല്‍ ആധുനിക ചരിത്രത്തിലെ ഏറ്റവും വലിയ നികുതി പരിഷ്‌ക്കാരമായി ഇതിനെ അടയാളപ്പെടുത്തുമെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ പറയുന്നത്
US President Donald Trump saluting
Facebook / Donald Trump
Published on

മറ്റ് രാജ്യങ്ങള്‍ക്ക് മേല്‍ ഏര്‍പ്പെടുത്തിയ തത്തുല്യ ചുങ്കത്തിലൂടെ യു.എസിന് കോടിക്കണക്കിന് ഡോളറിന്റെ കസ്റ്റംസ് നികുതി വരുമാനം ലഭിക്കുമെന്ന് റിപ്പോര്‍ട്ട്. എന്നാല്‍ തീരുമാനം വ്യവസായ വളര്‍ച്ച കുറയാനും സാമ്പത്തിക മാന്ദ്യത്തിനുള്ള സാധ്യത വര്‍ധിപ്പിക്കാനും ഇടയാക്കുമെന്നാണ് വിദഗ്ധരുടെ മുന്നറിയിപ്പ്. സാധാരണ അമേരിക്കന്‍ കുടുംബത്തിന്റെ ജീവിതച്ചെലവില്‍ ഗണ്യമായ വര്‍ധനയുണ്ടാകുമെന്നും പണപ്പെരുപ്പം കൂട്ടുമെന്നും ഇവര്‍ മുന്നറിയിപ്പ് നല്‍കുന്നു. ട്രംപിന്റെ തീരുമാനം തെറ്റാണെന്നും രാജ്യത്തെ സ്വയം നശീകരണത്തിലേക്ക് നയിക്കുമെന്നും ഇന്തോ-അമേരിക്കന്‍ ജനപ്രതിനിധികളും പറയുന്നു. ട്രംപിന്റെ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയിലെ ചില നേതാക്കന്മാര്‍ തന്നെ തീരുമാനത്തിനെതിരെ രംഗത്തുവന്നതായും റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ തുടക്കത്തില്‍ ചില പ്രശ്നങ്ങളുണ്ടാകുമെങ്കിലും അമേരിക്കയുടെ ഭാവിക്ക് ഗുണകരമാണ് തീരുമാനമെന്നാണ് ട്രംപിന്റെ സാമ്പത്തിക ഉപദേഷ്ടാക്കളില്‍ ഒരാളായ സ്റ്റീഫന്‍ മിറാന്‍ പറയുന്നത്.

നികുതി വരുമാനം കൂടും

ട്രംപിന്റെ നിര്‍ദ്ദേശങ്ങള്‍ പൂര്‍ണമായും നടപ്പിലാക്കിയാല്‍ യു.എസിലേക്കുള്ള ഇറക്കുമതി ചുങ്കം ശരാശരി 25 ശതമാനമായി വര്‍ധിക്കുമെന്നാണ് ഇന്‍വെസ്റ്റ് ബാങിംഗ് സ്ഥാപനമായ ജെ.പി മോര്‍ഗന്റെ വിലയിരുത്തല്‍. രാജ്യത്തേക്കുള്ള 3.3 ട്രില്യന്‍ ഡോളറിന്റെ ഇറക്കുമതിയെയും ഇത് ബാധിക്കും. ഇങ്ങനെ വന്നാല്‍ കസ്റ്റംസ് നികുതി ഇനത്തില്‍ ഏതാണ്ട് 660 ബില്യന്‍ ഡോളറിന്റെ (ഏകദേശം 56 ലക്ഷം കോടി രൂപ) അധികവരുമാനമുണ്ടാകും. അമേരിക്കന്‍ ജി.ഡി.പിയുടെ 2.2 ശതമാനമാണിത്. ആധുനിക ചരിത്രത്തിലെ ഏറ്റവും വലിയ നികുതി പരിഷ്‌ക്കാരമായി ഇതിനെ അടയാളപ്പെടുത്തുമെന്നും സി.എന്‍.ബി.സി റിപ്പോര്‍ട്ട് ചെയ്യുന്നു.

തീരുമാനത്തിലൂടെ യു.എസിന് പ്രതിവര്‍ഷം 835 ബില്യന്‍ ഡോളറിന്റെ അധിക വരുമാനം ലഭിക്കുമെന്നാണ് ഫിനാന്‍ഷ്യല്‍ സ്ഥാപനമായ ക്യാപിറ്റല്‍ ഇക്കണോമിക്‌സ് നടത്തിയ പഠനത്തില്‍ പറയുന്നത്. എന്നാല്‍ ഉയര്‍ന്ന നികുതി ചുമത്തുന്നത് ഇറക്കുമതി കുറവുണ്ടാക്കിയാല്‍ നികുതി പിരിവ് 700 ബില്യന്‍ ഡോളറിലേക്ക് താഴാമെന്നും ഇതില്‍ പറയുന്നുണ്ട്.

തിരിച്ചടി യു.എസിനും

ഇറക്കുമതിയെ കൂടുതലായി ആശ്രയിക്കുന്ന ബിസിനസുകാര്‍ അമിതഭാരം ഉപയോക്താക്കളുടെ മേല്‍ അടിച്ചേല്‍പ്പിക്കുന്നതോടെ നിത്യോപയോഗ സാധനങ്ങളുടെ അടക്കം വില വര്‍ധിപ്പിക്കുമെന്ന് ജെ.പി മോര്‍ഗന്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. ഇത് കാരണമായി പണപ്പെരുപ്പം ഇക്കൊല്ലം രണ്ട് ശതമാനം വര്‍ധിക്കും. ട്രംപിന് മറുപടി നല്‍കാന്‍ യു.എസ് ഉത്പന്നങ്ങള്‍ക്ക് മറ്റ് രാജ്യങ്ങളും ചുങ്കം ചുമത്തുമെന്ന് ഉറപ്പാണ്. ഇത് അന്താരാഷ്ട്ര വിപണിയെ ആശ്രയിക്കുന്ന അമേരിക്കന്‍ കമ്പനികളെയും കര്‍ഷകരെയും വ്യവസായങ്ങളെയും സാരമായി ബാധിക്കും. വിപണിയിലെ അനിശ്ചിതത്വം തുടര്‍ന്നാല്‍ ദീര്‍ഘകാല നിക്ഷേപങ്ങള്‍ കുറയാനും സാധ്യതയുണ്ട്. ഈ പ്രവണത തുടര്‍ന്നാല്‍ യു.എസിനൊപ്പം ആഗോള വിപണിയിലും സാമ്പത്തിക മാന്ദ്യമുണ്ടാകാനുള്ള സാധ്യതയുണ്ടെന്നാണ് ജെ.പി മോര്‍ഗന്‍ വിലയിരുത്തല്‍.

വളര്‍ച്ചാ നിരക്ക് കുറയും

അമേരിക്കക്കാര്‍ ഉപയോഗിക്കുന്നതില്‍ 10 ശതമാനം ഉത്പന്നങ്ങളും വിദേശത്ത് നിന്നും ഇറക്കുമതി ചെയ്യുന്നവയാണ്. ഇവയുടെ നികുതിയില്‍ ശരാശരി 25% മാറ്റം വരുത്തിയാല്‍ പണപ്പെരുപ്പം 4 ശതമാനം കൂടുമെന്നാണ് സാമ്പത്തിക വിദഗ്ധര്‍ പറയുന്നത്. അങ്ങനെ വന്നാല്‍ ഫെഡ് നിരക്കുകള്‍ മാറ്റമില്ലാതെ തുടരാനാണ് സാധ്യത. ഇത് നിക്ഷേപകരില്‍ ആശയക്കുഴപ്പം സൃഷ്ടിക്കുകയും സാമ്പത്തിക വളര്‍ച്ചാ നിരക്ക് കുറക്കുകയും ചെയ്യുമെന്നാണ് കരുതുന്നത്. നികുതി വരുമാനം വര്‍ധിക്കുമെങ്കിലും ജി.ഡി.പി വളര്‍ച്ചയില്‍ നെഗറ്റീവ് ആഘാതമുണ്ടാകുമെന്നും ചില സാമ്പത്തിക വിദഗ്ധര്‍ വിലയിരുത്തുന്നു. വിതരണശൃംഖലയിലും വ്യാപാരത്തിലുമുണ്ടാകുന്ന തടസങ്ങള്‍, വിലക്കയറ്റം എന്നിവ സാമ്പത്തിക മാന്ദ്യത്തിന് കാരണമാകും. ചില മേഖലകളില്‍ ആദ്യഘട്ടത്തില്‍ മുന്നേറ്റം പ്രകടമാകുമെങ്കിലും വളര്‍ച്ചാ നിരക്കില്‍ കുറവുണ്ടാകുമെന്നാണ് മിക്കവരുടെയും വിലയിരുത്തല്‍.

വിലക്കയറ്റവും വ്യവസായ രംഗത്തെ തടസങ്ങളും വ്യാപാര പങ്കാളികളുമായുള്ള തര്‍ക്കങ്ങളും അമേരിക്കന്‍ സാമ്പത്തിക വ്യവസ്ഥയെ എവിടെയെത്തിക്കുമെന്ന കാര്യത്തില്‍ സാമ്പത്തിക വിദഗ്ധന്മാര്‍ക്കിടയിലും തര്‍ക്കം തുടരുകയാണ്. വ്യാപാരകമ്മി (Trade Deficit) കുറക്കാനും അമേരിക്കയിലേക്ക് കൂടുതല്‍ തൊഴിലവസരം സൃഷ്ടിക്കാനും ലക്ഷ്യമിട്ടാണ് ട്രംപിന്റെ തത്തുല്യ ചുങ്ക തീരുമാനമെങ്കിലും ഇതിന്റെ അനന്തരഫലം എന്താകുമെന്ന് കാത്തിരുന്ന് തന്നെ കാണണം.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com