
ട്രംപിന്റെ വ്യാപാര യുദ്ധത്തില്‍ പുതിയ വഴിത്തിരിവ്. പോരാട്ടത്തിന്റെ കുന്തമുന ചൈനക്ക് നേരം മാത്രം കേന്ദ്രീകരിച്ച് അമേരിക്ക. ചൈന ചുമത്തിയ 84 ശതമാനത്തിന്റെ നികുതിക്ക് തിരിച്ചടിയായി ഇന്നലെ രാത്രി അമേരിക്ക നികുതി 104 ല്‍ നിന്ന് 124 ആയി വര്‍ധിപ്പിച്ചു. മറ്റ് രാഷ്ട്രങ്ങള്‍ക്കുള്ള നികുതി വര്‍ധന 90 ദിവസത്തേക്ക് മരവിപ്പിച്ചു. ചൈന ഒഴികെയുള്ള രാജ്യങ്ങള്‍ക്കുള്ള നികുതി മൂന്നു മാസത്തേക്ക് 10 ശതമാനമാക്കി കുറച്ചിട്ടുമുണ്ട്. ഇതോടെ തത്തുല്യ നികുതി യുദ്ധം യുഎസ്- ചൈന വ്യാപാര യുദ്ധത്തിലേക്ക് മാത്രമായി കേന്ദ്രീകരിക്കപ്പെടുകയാണ്.
ഇന്നലെ രാത്രിയാണ് അമേരിക്കന്‍ ഉല്‍പ്പന്നങ്ങള്‍ക്കുള്ള നികുതി 34 ശതമാനത്തില്‍ നിന്ന് 84 ശതമാനമാക്കി ചൈനയുടെ പ്രഖ്യാപനം വന്നത്. ചൈനീസ് ഉല്‍പ്പന്നങ്ങള്‍ക്ക് 104 ശതമാനം നികുതി ചുമത്തുമെന്ന ട്രംപിന്റെ പ്രഖ്യാപനത്തിന്റെ ചൂടാറും മുമ്പാണ് ചൈന തിരിച്ചടിച്ചത്. ഇന്ന് മുതല്‍ പുതിയ നികുതി ഈടാക്കുമെന്ന് ചൈനയുടെ ധനകാര്യ മന്ത്രാലയം വ്യക്തമാക്കിരുന്നു. ഇതിനുള്ള വലിയ തിരിച്ചടിയായാണ് ട്രംപ് 124 ശതമാനത്തിന്റെ നികുതി പ്രഖ്യാപിച്ചത്. വ്യാപാര യുദ്ധത്തില്‍ മറ്റുള്ളവര്‍ക്ക് വിശ്രമിക്കാമെന്ന സൂചനയാണ് ട്രംപ് നല്‍കുന്നത്.
ഏപ്രില്‍ 2 ന് നിലവില്‍ വന്ന അമേരിക്കയുടെ തത്തുല്യ നികുതിയോട് ഇടഞ്ഞത് ചൈന മാത്രമായിരുന്നു. കഴിഞ്ഞ മാസം വരെ ചൈനീസ് ഇറക്കുമതിക്ക് 10 ശതമാനം നികുതിയാണ് അമേരിക്ക ചുമത്തിയിരുന്നത്. എന്നാല്‍ ഈ മാസം മുതല്‍ അത് 54 ശതമാനമായി വര്‍ധിപ്പിച്ചു. ചൈനയാകട്ടെ നികുതി 34 ശതമാനത്തിലേക്ക് ഉയര്‍ത്തി തിരിച്ചടിച്ചു. ഈ നീക്കം ചൈനക്ക് നല്ലതല്ലെന്ന പ്രഖ്യാപനത്തോടെ ട്രംപ് 104 ശതമാനത്തിലേക്കാണ് ഉയര്‍ത്തിയത്. ഇതിനുള്ള മറുപടിയാണ് ചൈനയുടെ ഇപ്പോഴത്തെ 84 ശതമാനം നികുതി. 124 ശതമാനം ചുമത്തി ട്രംപ് തിരിച്ചടിച്ചു. ചൈനയുടെ പ്രതികരണം കാത്തിരിക്കുകയാണ് ലോകം.
ചൈന ഒഴികെയുള്ള രാജ്യങ്ങള്‍ക്ക് അമേരിക്ക നികുതി താല്‍കാലികമായി കുറച്ചത് ആഗോള ഓഹരി വിപണികളില്‍ ഉണര്‍വുണ്ടാക്കി. നാസ്ഡാക് 8 ശതമാനം കുതിച്ചു. എസ് ആന്റ് പി 500 ഇന്‍ഡക്‌സ് 9.5 ശതമാനവും കൂടി.
ഏഷ്യന്‍ വിപണികളിലും ഉണര്‍വുണ്ട്. നിക്കി 7.93 ശതമാനവും ഹാങ്‌സെംഗ് 2.62 ശതമാനവും ഉയര്‍ന്നു. ഇന്ത്യന്‍ വിപണിക്ക് ഇന്ന് ശ്രീ മഹാവീര്‍ ജയന്തിയോടനുബന്ധിച്ച് അവധിയാണ്.
Read DhanamOnline in English
Subscribe to Dhanam Magazine