
ശതകോടീശ്വരനും ടെസ്ല സ്ഥാപകനുമായ എലോണ്‍ മസ്‌കും യു.എസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപും തമ്മിലുള്ള ബന്ധം വഷളായത് കഴിഞ്ഞയാഴ്ച്ചയാണ്. പരസ്യമായി ട്രംപിനെ വെല്ലുവിളിച്ച മസ്‌ക് അദ്ദേഹവുമായി ഇനിയൊരു ബന്ധവും ഉണ്ടാകില്ലെന്ന് വ്യക്തമാക്കുകയും ചെയ്തിരുന്നു. ഇപ്പോഴിതാ ഇരുവരും തമ്മിലുള്ള ബന്ധത്തില്‍ മസ്‌കിന്റെ പിതാവ് എറോള്‍ മസ്‌ക് ചില തുറന്നു പറച്ചിലുകളുമായി രംഗത്തെത്തിയിരിക്കുന്നു.
ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്ത കാര്യം എലോണ്‍ മസ്‌കിന്റെ ഭാഗത്തു നിന്നുണ്ടായതായി പിതാവ് പ്രതികരിച്ചു. യു.എസ് പ്രസിഡന്റിനെ ഒരിക്കലും പരസ്യമായി വെല്ലുവിളിക്കാന്‍ പാടില്ലായിരുന്നു. അദ്ദേഹം ജനങ്ങളാല്‍ തിരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റാണ്. അതുകൊണ്ട് തന്നെ മസ്‌കിന്റെ ഭാഗത്തു നിന്നുള്ള നീക്കത്തെ മണ്ടത്തരമെന്നാണ് എറോള്‍ വിശേഷിപ്പിച്ചത്.
കഴിഞ്ഞയാഴ്ച്ച ഇന്ത്യ സന്ദര്‍ശിച്ച എറോള്‍ മസ്‌ക് റഷ്യന്‍ തലസ്ഥാനമായ മോസ്‌കോയില്‍ വച്ചാണ് ഈ വിഷയത്തില്‍ മനസുതുറന്നത്. കഴിഞ്ഞ അഞ്ചുമാസമായി ട്രംപും മസ്‌കും കടുത്ത സമ്മര്‍ദത്തിലായിരുന്നുവെന്നും അവര്‍ക്ക് ഒരു ഇടവേള അനിവാര്യമാണെന്നും എറോള്‍ വിശദീകരിച്ചു.
ഇരുവരും തമ്മിലുള്ള പ്രശ്‌നങ്ങള്‍ നിസാരമാണെന്നും അധികം വൈകാതെ ഇതെല്ലാം പരിഹരിക്കപ്പെടുമെന്നും എറോള്‍ മസ്‌ക് അവകാശപ്പെട്ടു. അതേസമയം, തന്നെ വെല്ലുവിളിച്ച മസ്‌കിന് മുന്നറിയിപ്പ് നല്കാന്‍ ട്രംപ് മറന്നില്ല. ഡെമോക്രാറ്റിക് പാര്‍ട്ടിക്ക് ഫണ്ട് കൊടുത്ത് തനിക്കെതിരേ പ്രചാരണം നടത്താന്‍ തുനിഞ്ഞാല്‍ ഗുരുതര പ്രത്യാഘാതം അനുഭവിക്കേണ്ടി വരുമെന്നാണ് മുന്നറിയിപ്പ്.
ഇരുവരും തമ്മിലുള്ള ബന്ധത്തില്‍ പുരോഗതി ഉണ്ടാകുന്നുവെന്ന സൂചന നല്കി ഡൊണള്‍ഡ് ട്രംപിന്റെ സോഷ്യല്‍മീഡിയ കമ്പനിയായ 'ട്രൂത്തില്‍' ഷെയര്‍ ചെയ്തു. ലോസ് എയ്ഞ്ചല്‍സില്‍ കുടിയേറ്റക്കാര്‍ നടത്തുന്ന പ്രതിഷേധത്തിനും കലാപത്തിനും എതിരേയുള്ള പോസ്റ്റാണ് മസ്‌ക് പങ്കുവച്ചത്. കാലിഫോര്‍ണിയ ഗവര്‍ണര്‍ ഗവിന്‍ ന്യൂസോമിനെ രൂക്ഷമായി വിമര്‍ശിക്കുന്ന ട്രംപിന്റെ കുറിപ്പാണ് മസ്‌ക് ഷെയര്‍ ചെയ്തിരിക്കുന്നത്.
കുടിയേറ്റ വിരുദ്ധ നിലപാടിനെതിരേ വലിയ പ്രക്ഷോഭങ്ങളാണ് ലോസ് എയ്ഞ്ചല്‍സില്‍ നടക്കുന്നത്. ഇതിനു പിന്നില്‍ ദേശവിരുദ്ധ ശക്തികളാണെന്നും തടയാന്‍ ന്യൂസോം കാര്യമായൊന്നും ചെയ്തില്ലെന്നും ട്രംപ് ആരോപിച്ചിരുന്നു. കലാപം തടയാന്‍ നാഷണല്‍ ഗാര്‍ഡ് ട്രൂപ്പിനെ ട്രംപ് നിയോഗിക്കുകയും ചെയ്തിട്ടുണ്ട്. രാജ്യത്ത് കലാപമുണ്ടാക്കുന്നവരെ നാടുകടത്തുമെന്നാണ് ട്രംപിന്റെ നിലപാട്.
Read DhanamOnline in English
Subscribe to Dhanam Magazine